മകള്‍ മരിച്ചു ; ആസിഫ് അലി ഇംഗ്ലണ്ട് പര്യടനം ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th May 2019 11:40 AM  |  

Last Updated: 20th May 2019 11:40 AM  |   A+A-   |  

 

കറാച്ചി: മകള്‍ മരിച്ചതിനെ തുടര്‍ന്ന് പാക് ക്രിക്കറ്റ് താരം ആസിഫ് അലി ഇംഗ്ലണ്ട് പര്യടനം ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി. അമേരിക്കയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു ആസിഫ് അലിയുടെ രണ്ട് വയസ്സായ മകള്‍ നൂര്‍ ഫാത്തിമ മരിച്ചത്. കുറച്ചു കാലമായി ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു നൂര്‍ ഫാത്തിമ.

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ഇസ്ലാമാബാദ് യുണൈറ്റഡിന്റെ താരമാണ് ആസിഫ്. നൂര്‍ഫാത്തിമയുടെ മരണം മരണം സ്ഥിരീകരിച്ച് ഇസ്ലാമാബാദ് യുണൈറ്റഡ് ട്വീറ്റ് ചെയ്തു. ആസിഫ് കരുത്തിന്റെ പ്രതീകമാണെന്നും എല്ലാവര്‍ക്കും പ്രചോദനമാണെന്നും ട്വീറ്റില്‍ പറയുന്നു.

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ നാലാം സീസണിനിടെ ആണ് ആസിഫ് അലിയുടെ മകള്‍ക്ക് ക്യാന്‍സര്‍ ആണെന്ന് സ്ഥിരീകരിച്ചത്. നേരത്തെ മകളെ അമേരിക്കയിലേക്ക് വിദഗ്ദ്ധ ചികിത്സക്കായി മാറ്റുന്നത് സംബന്ധിച്ച് പാക് താരം ട്വീറ്റ് ചെയ്തിരുന്നു. ഒരു മണിക്കൂറിനുള്ളില്‍ മകള്‍ക്കുള്ള വിസ അനുവദിച്ച യു.എസ് അധികൃതര്‍ക്കും ആസിഫ് നന്ദി രേഖപ്പെടുത്തിയിരുന്നു.  

ഇംഗ്ലണ്ട് പര്യടനത്തിലെ അഞ്ചാം ഏകദിനത്തില്‍ ആസിഫ് അലി 22 റണ്‍സ് നേടിയിരുന്നു. എന്നാല്‍ മത്സരത്തില്‍ പാകിസ്ഥാന്‍ 54 റണ്‍സിന് തോറ്റു. പരമ്പരയില്‍ ആസിഫ് രണ്ട് അര്‍ദ്ധ സെഞ്ചുറി കണ്ടെത്തി. ബ്രിസ്റ്റളില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ കരിയറിലെ ഏറ്റവും മികച്ച സ്‌കോറും നേടി, 52 റണ്‍സ്. കരിയറില്‍ ആകെ 16 ഏകദിനങ്ങളില്‍ 31.09 ശരാശരിയില്‍ 342 റണ്‍സാണ് പാക് താരത്തിന്റെ അക്കൗണ്ടിലുള്ളത്.

ലോകകപ്പിനുള്ള പാകിസ്താന്റെ പ്രാഥമിക ടീമില്‍ ആസിഫ് അലി ഇടം നേടിയിട്ടുണ്. എന്നാല്‍ പതിനഞ്ചംഗ ടീമില്‍ സ്ഥാനമുണ്ടാകുമോ എന്നറിയില്ല. മെയ് 23 വരെ അന്തിമ ടീമിനെ പ്രഖ്യാപിക്കാന്‍ സമയമുണ്ട്.