ഉത്തേജക മരുന്ന് പരിശോധനയില്‍ കുടുങ്ങി ഗോമതി ; കുറ്റം തെളിഞ്ഞാല്‍ കാത്തിരിക്കുന്നത് വിലക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st May 2019 07:30 PM  |  

Last Updated: 21st May 2019 07:30 PM  |   A+A-   |  

 

ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസില്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ച വച്ച ഗോമതി മാരിമുത്തു  ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതായി റിപ്പോര്‍ട്ട്. 800 മീറ്ററില്‍ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവാണ് നിലവില്‍ ഗോമതി. 

30 കാരിയായ ഗോമതിയുടെ മൂത്ര സാംപിളില്‍ നിരോധിക്കപ്പെട്ട സ്റ്റിറോയ്ഡിന്റെ അംശം കണ്ടെത്തിയെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. ബി സാംപിളും പോസിറ്റീവ് ആണെങ്കില്‍ നാല് വര്‍ഷം വരെ വിലക്കാണ് താരത്തെ കാത്തിരിക്കുന്നത്.  മെഡല്‍ തിരികെ വാങ്ങുകയും ചെയ്യും. ഗോമതിയുടേത് അടക്കം മൂന്ന് സ്വര്‍ണവും ഏഴ് വെള്ളിയും നിരവധി വെങ്കലവുമായിരുന്നു ഇന്ത്യയുടെ നേട്ടം. 

 ഇക്കഴിഞ്ഞ ഫെഡറേഷന്‍ കപ്പിനിടയിലും ഗോമതി ഉത്തേജക മരുന്ന് ഉപയോഗിച്ചിരുന്നതായി വാര്‍ത്തകള്‍ വരുന്നുണ്ട്. നാഡ ഇക്കാര്യം സമയത്തിന് അറിയിച്ചിരുന്നുവെങ്കില്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ അവര്‍ക്ക് മത്സരിക്കാന്‍ അവസരം നല്‍കില്ലായിരുന്നുവെന്ന് അത്‌ലറ്റ്ക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പറഞ്ഞു. രാജ്യത്തിന് തന്നെ നാണക്കേടാവുന്ന സംഭവമാണിതെന്നും ഫെഡറേഷന്‍ പറയുന്നു.