എല്ലാവരും കരുത്തർ; ഏറ്റവും വെല്ലുവിളി നിറഞ്ഞ ലോകകപ്പായിരിക്കും ഇത്തവണത്തേത്; വിരാട് കോഹ്‌ലി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st May 2019 11:05 PM  |  

Last Updated: 21st May 2019 11:05 PM  |   A+A-   |  

237935_9158252_updates

 

ന്യൂഡല്‍ഹി: ഏറ്റവും വെല്ലുവിളി നിറഞ്ഞ ലോകകപ്പായിരിക്കും ഇത്തവണത്തേതെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. എല്ലാ ടീമുകളും കരുത്തരാണെന്നും ആർക്കും ആരെയും തോല്‍പ്പിക്കാല്‍ സാധിക്കുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും കോഹ്‌ലി കൂട്ടിച്ചേര്‍ത്തു. ലോകകപ്പിനായി ഇംഗ്ലണ്ടിലേക്ക് പുറപ്പെടുന്നതിനു മുന്‍പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഹ്‌ലിക്കൊപ്പം പരിശീലകൻ രവി ശാസ്ത്രിയും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. 

ഏതെങ്കിലും ഒരു ടീമിനെക്കുറിച്ച് മാത്രം ചിന്തിക്കുന്നില്ല. ടൂര്‍ണമെന്റില്‍ എല്ലാത്തരം സ്‌കോറുകളും പ്രതീക്ഷിക്കുന്നു. പ്രവചനങ്ങള്‍ അനുസരിച്ച് വലിയ സ്‌കോറുകള്‍ പിറക്കുന്ന മത്സരങ്ങൾ ഉണ്ടാകുമെന്നും കോഹ്‌ലി ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുടേത് കരുത്തുറ്റ നിരയാണെന്ന് രവി ശാസ്ത്രി പറഞ്ഞു. ഇന്ത്യന്‍ താരങ്ങള്‍ പരിചയസമ്പന്നരാണ്. തങ്ങളുടെ കഴിവിനൊത്ത പ്രകടനം പുറത്തെടുക്കാനായാല്‍ ലോകകപ്പ് ഇന്ത്യയിലെത്തുമെന്നും രവിശാസ്ത്രി കൂട്ടിച്ചേര്‍ത്തു. 

ഈ മാസം ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി നടക്കുന്ന ലോകകപ്പിനായി ബുധനാഴ്ചയാണ് ഇന്ത്യന്‍ സംഘം യാത്ര തിരിക്കും. വിരാട് കോഹ്‌ലിയുടെ മൂന്നാമത്തെ ലോകകപ്പാണിത്. ക്യാപ്റ്റനെന്ന നിലയിൽ കന്നി ലോകകപ്പിനാണ് കോഹ്‌ലി ഇറങ്ങുന്നത്. 

ലോകപ്പിന് മുന്‍പ് മെയ് 25ന് ന്യൂസിലന്‍ഡുമായും 28ന് ബംഗ്ലാദേശുമായും ഇന്ത്യയ്ക്ക് സന്നാഹ മത്സരങ്ങളുണ്ട്. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയുമായാണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ പോരാട്ടം.