ലോകകപ്പിലെ ഏറ്റവും വലിയ സുരക്ഷാ വലയം ഒരുങ്ങുന്നത് ഇന്ത്യ-പാക് പോരിനായി; ആക്രമണ സാധ്യതകള്‍ മുന്നില്‍ കണ്ട് മാഞ്ചസ്റ്റര്‍ പൊലീസ്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st May 2019 02:42 PM  |  

Last Updated: 21st May 2019 02:42 PM  |   A+A-   |  

11indo-pak

ലോകകപ്പില്‍ ആരാധകര്‍ അക്ഷമയോടെ കാത്തിരിക്കുന്ന പോരാട്ടങ്ങളില്‍ ഒന്നാണ് ജൂണ്‍ പതിനാറിലെ മത്സരം. ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ വരുന്ന മത്സരം ആവേശം കൂട്ടുന്നതിനൊപ്പം സുരക്ഷാ പ്രശ്‌നങ്ങളും തീര്‍ക്കുന്നുണ്ട്. ഓള്‍ഡ് ട്രഫോര്‍ഡില്‍ ഇതുവരെ ഒരുക്കിയതില്‍ വെച്ച് ഏറ്റവും ശക്തമായ സുരക്ഷയാവും ഇന്ത്യാ-പാക് മത്സരത്തിനായി ഒരുക്കുക. 

25,000 ടിക്കറ്റിനായി അഞ്ച് ലക്ഷം പേരാണ് അപേക്ഷ നല്‍കിയത്. രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായി നില്‍ക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് കളി നടക്കുന്നത്. അതിനാല്‍, ലോകകപ്പ് ടൂര്‍ണമെന്റില്‍ ഏറ്റവും ശക്തമായ സുരക്ഷാ വലയത്തിന് കീഴില്‍ നടക്കുന്ന മത്സരമാവും അത്. ഇന്ത്യ-പാക് മത്സരത്തിന്റെ സാധ്യത പരിഗണിച്ച് തീവ്രവാദ ആക്രമം ലക്ഷ്യമിടുന്നവരെ വേദി ആകര്‍ഷിച്ചേക്കാമെന്ന സാധ്യത മുന്നില്‍ കണ്ടാണ് സുരക്ഷ ശക്തമാക്കുന്നത്. വലിയ തോതില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ സ്‌റ്റേഡിയത്തിന് ചുറ്റും സുരക്ഷയ്ക്കായി നിയോഗിക്കും. ഓള്‍ഡ് ട്രഫോര്‍ഡിന്റെ ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണമായ സുരക്ഷ ഓപ്പറേഷനായിരിക്കും ഇവിടെ നടപ്പിലാക്കുക. 
 

ഇംഗ്ലണ്ടിലെ ഇന്ത്യ, പാക് വിഭാഗങ്ങള്‍ക്കിടയിലെ സാഹചര്യം വിലയിരുത്തിയതില്‍ നിന്നും ഇരുവര്‍ക്കിടയിലും സംഘര്‍ഷസമാനമായ വികാരങ്ങളൊന്നും ഇല്ലെന്നാണ് മനസിലാക്കാന്‍ സാധിച്ചതെന്ന് മാഞ്ചസ്റ്റര്‍ പൊലീസ് പറയുന്നു. മത്സരങ്ങള്‍ക്കിടയില്‍ സുരക്ഷാ പ്രശ്‌നം ഉണ്ടാവും എന്ന നിലയില്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ സുരക്ഷാ മുന്നറിയിപ്പൊന്നും വന്നിട്ടില്ല. 2017ലെ ചാമ്പ്യന്‍സ് ട്രോഫിയിലാണ് ഇവിടെ അവസാനമായി ഇന്ത്യ-പാക് പോരാട്ടം നടന്നത്. ലോകകപ്പില്‍ ഇരുവരും പോരിനിറങ്ങുന്ന മത്സരം കാണാന്‍ എത്തുന്ന കാണികളില്‍ 80 ശതമാനത്തോളം പേരും യുനൈറ്റഡ് കിങ്ഡത്തില്‍ നിന്നായിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.