ലോകകപ്പില്‍ കൂറ്റന്‍ സ്‌കോര്‍ കണ്ടെത്തുന്നതില്‍ വില്ലനാവുക ഇവര്‍? സ്‌ട്രൈക്ക് റേറ്റ്‌ നോക്കിയാല്‍ ആശങ്കപ്പെടാനുണ്ട്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st May 2019 03:39 PM  |  

Last Updated: 21st May 2019 03:44 PM  |   A+A-   |  

dhoniindia54s

2019 ലോകകപ്പില്‍ റണ്‍ ഒഴുകുമെന്ന് ഏറെകുറെ ഉറപ്പാണ്. എന്നാല്‍ ഒരു ഇന്നിങ്‌സില്‍ ടീം സ്‌കോര്‍ 500 എന്ന മാന്ത്രിക സംഖ്യ കടക്കുമോ? ഇംഗ്ലണ്ടില്‍ അത് സംഭവിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ടീം സ്‌കോര്‍ ചലിപ്പിക്കേണ്ട ഉത്തരവാദിത്വമുള്ള കളിക്കാരുടെ സ്‌ട്രൈക്ക് റേറ്റ് നോക്കിയാല്‍ കൂറ്റന്‍ സ്‌കോര്‍ കണ്ടെത്തുക എന്നത് എളുപ്പമാവില്ല എന്നുറപ്പാണ്...

നടന്നുകൊണ്ടിരിക്കുന്ന ഇംഗ്ലണ്ട്-പാകിസ്താന്‍ പരമ്പരയില്‍ ആദ്യം ബാറ്റ് ചെയ്ത ടീം തുടര്‍ച്ചയായി 340ന് മുകളില്‍ സ്‌കോര്‍ കണ്ടെത്തി. രണ്ട് വട്ടം ആ സ്‌കോര്‍ വിജയകരമായി ചെയ്‌സ് ചെയ്യുകയും ചെയ്തു. രണ്ട് ടീമും ബാറ്റ് ചെയ്തപ്പോള്‍ 6.8 അല്ലെങ്കില്‍ അതിന് മുകളില്‍ റണ്‍റേറ്റ് എളുപ്പത്തില്‍ നിലനിര്‍ത്തി. ഓവറില്‍ തുടര്‍ച്ചയായി ബൗണ്ടറി കണ്ടെത്തുന്നതില്‍ നിന്നും ബാറ്റ്‌സ്മാനെ തടയുന്ന ഒരു ഘടകവും അവിടെ ഉണ്ടായില്ല. 

ഇംഗ്ലണ്ടിന്റെ കാര്യം എടുത്താല്‍ 2015ന് ശേഷം 37 തവണയാണ് ഇംഗ്ലണ്ട് 300ന് മുകളില്‍ സ്‌കോര്‍ കണ്ടെത്തിയത്, അതും ഇംഗ്ലണ്ടില്‍ കളിച്ചത്. 47 മത്സരങ്ങളാണ് ഈ കാലയളവില്‍ അവര്‍ ആകെമൊത്തം ഇംഗ്ലണ്ടില്‍ കളിച്ചത്. ലോകകപ്പിലേക്ക് എത്തുമ്പോള്‍ 10ല്‍ അഞ്ച് മത്സരങ്ങളില്‍ ഇംഗ്ലണ്ട് 300ന് മുകളില്‍ സ്‌കോര്‍ ചെയ്ത് ജയം പിടിച്ചാല്‍ അവര്‍ സെമി ഫൈനലിലേക്ക് എത്തുമെന്ന് ഉറപ്പാണ്. 

ഇന്ത്യയുടെ കാര്യം പരിഗണിക്കുമ്പോള്‍ 2015ന് ശേഷം 21 വട്ടം സ്‌കോര്‍ 300ന് മുകളിലെത്തിക്കാനായി. ബിഗ് ഹിറ്റര്‍മാരായ ബാറ്റ്‌സ്മാന്‍മാര്‍ക്ക് 2015ന് ശേഷം മികച്ച റണ്‍റേറ്റ് കണ്ടെത്താനായ വര്‍ഷമാണ് 2019. പക്ഷേ ഹാര്‍ഡ് ഹിറ്റര്‍മാരുടെ ഇപ്പോഴത്തെ സ്‌ട്രൈക്ക് റേറ്റിലൂടെ പോയാല്‍ ടീം സ്‌കോര്‍ 500 കടത്താനാവുമോ എന്ന ചോദ്യവും ഉയരുന്നു. 

ഹാര്‍ഡ് ഹിറ്റേഴ്‌സിലേക്ക് വരുമ്പോള്‍ ധോനിയുടെ സ്‌ട്രൈക്കിങ് പവര്‍ പിന്നിലേക്ക് വലിയുന്നതാണ് കണ്ടത്. 2017ലെ ചാമ്പ്യന്‍്‌സ് ട്രോഫിക്ക് ശേഷം 500ന് മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്തവരുടെ സ്‌ട്രൈക്ക് റേറ്റ് നോക്കുമ്പോഴാണ് പ്രശ്‌നമറിയുന്നത്. 50 കളികള്‍ കളിച്ച ധോനിയുടെ സ്‌ട്രൈക്ക് റേറ്റ് 77.14 ആണ്. അക്കൂട്ടത്തില്‍ ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റുള്ള താരം ഓസ്‌ട്രേലിയയുടെ ഉസ്മാന്‍ ഖവാജയാണ്, 82.20, ടീമിന്റെ സ്‌കോര്‍ ചലിപ്പിക്കാനായി നങ്കൂരമിടേണ്ട ബാറ്റ്‌സ്മാന്മാരുടെ സ്‌ട്രൈക്ക് റേറ്റിലെ ഈ പോരായ്മ ലോകകപ്പില്‍ സ്‌കോര്‍ ബോര്‍ഡ് ഉയരുന്നതിന് വെല്ലുവിളിയാണ്. 

പക്ഷേ ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷമുള്ള ധോനിയുടെ 9 അര്‍ധ ശതകങ്ങളില്‍ ആറും വന്നത് നിര്‍ണായക ഘട്ടങ്ങളിലാണ്. അതെല്ലാം ഇന്ത്യയെ ജയത്തിലേക്കെത്താന്‍ സഹായിച്ചു. 2012ന് ശേഷം ഇന്ത്യ 50, അല്ലെങ്കില്‍ അതില്‍ താഴെ എന്ന സ്‌കോറില്‍ നില്‍ക്കുമ്പോള്‍ ധോനി മൂന്ന് അര്‍ധ ശതകവും, രണ്ട് സെഞ്ചുറിയും നേടി. 57 എന്ന ബാറ്റിങ് ശരാശരിയില്‍. 

ന്യൂസിലാന്‍ഡ് നായകന്‍ കെയിന്‍ വില്യംസണിന്റെ സ്‌ട്രൈക്ക് റേറ്റ് 75.67 ആണ്. പാകിസ്താന്റെ ഇമാം ഉള്‍ ഹഖ് 82.20, ബംഗ്ലാദേശിന്റെ റഹീമിന്റേയ് 83.25 ശതമാനവുമാണ്. ഇംഗ്ലണ്ടും, സൗത്ത് ആഫ്രിക്കയും ഒഴികെയുള്ള എല്ലാ ടീമിലും നിലയുറപ്പിക്കാന്‍ സമയം ആവശ്യമുള്ള കളിക്കാരുണ്ട്. ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക, ന്യൂസിലാന്‍ഡ് എന്നീ ടീമുകളാണ് സ്‌ട്രൈക്ക് റേറ്റിന്റെ കാര്യത്തില്‍ മുന്നിലുള്ള ടീമുകള്‍. ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം പാകിസ്താന്‍ സ്‌കോര്‍ ചെയ്തതില്‍ 31.05 ശതമാനം റണ്‍സും കണ്ടെത്തിയത് ബാബര്‍ അസമും, ഇമാം ഉള്‍ ഹഖും ചേര്‍ന്നാണ്. എന്നിട്ടും അവരുടെ വ്യക്തിഗത സ്‌ട്രൈക്ക് റേറ്റ് 85ല്‍ താഴെ. 

ആദ്യം ബാറ്റ് ചെയ്ത് സ്‌കോര്‍ 400ന് മുകളില്‍ കയറ്റി കഴിഞ്ഞാല്‍ പോലും ഡെലിവറികള്‍ വെറുതെ കളഞ്ഞ് വിശ്രമിക്കാന്‍ അവസരം നല്‍കാത്ത ബാറ്റിങ് ലൈനപ്പുണ്ട് എതിരാളികള്‍ക്ക്. ആ സാഹചര്യത്തിലാണ് നിലയുറപ്പിച്ച് നിന്ന് കളിക്കാന്‍ ശ്രമിക്കുന്നവര്‍ വില്ലനാവുക. എന്നാല്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 30 റണ്‍സ് എന്ന നിലയില്‍ നില്‍ക്കുമ്പോള്‍ ഇവരെ നമുക്ക് വേണംതാനും...ഇവരെ എങ്ങനെ ടീമുകള്‍ ഉപയോഗിക്കും എന്നത് അനുസരിച്ചിരിക്കും ആ ദിവസത്തെ ടീമുകളുടെ പ്രകടനം.