ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഡിവില്ല്യേഴ്സ്; അപ്രതീക്ഷിത വിരമിക്കലിന് പിന്നിലെ കാരണം അതായിരുന്നു

കരിയറിൽ മികച്ച ഫോമിൽ നിൽക്കെയായിരുന്നു ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം എബി ഡിവില്ല്യേഴ്സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്
ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഡിവില്ല്യേഴ്സ്; അപ്രതീക്ഷിത വിരമിക്കലിന് പിന്നിലെ കാരണം അതായിരുന്നു

ജൊഹന്നസ്‌ബര്‍ഗ്: കരിയറിൽ മികച്ച ഫോമിൽ നിൽക്കെയായിരുന്നു ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം എബി ഡിവില്ല്യേഴ്സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് ഡിവില്ല്യേഴ്സ് ആരാധകരെ ഞെട്ടിക്കുന്ന തീരുമാനം പ്രഖ്യാപിച്ചത്. വിരമിക്കലിന് പിന്നിലെ യഥാര്‍ത്ഥ കാരണം ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. 

സ്വന്തം നാട്ടില്‍ നേരിടേണ്ടി വന്ന രൂക്ഷ വിമര്‍ശനങ്ങളാണ് തന്നെ കടുത്ത തീരുമാനത്തിലേക്ക് എത്തിച്ചതെന്ന് അദ്ദേഹം പറയുന്നു.  'ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാമ്പ്യന്‍സ്' എന്ന അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തൽ. തന്നെക്കുറിച്ച് ഒരിക്കലും ചിന്തിച്ചിട്ടില്ല, ടീം മാത്രമായിരുന്നു മനസില്‍. അവസാന മൂന്ന് വര്‍ഷക്കാലം ടീമിലെ ഇടക്കാല സന്ദര്‍ശകന്‍ മാത്രമായിരുന്നു താനെന്ന് വിമര്‍ശനമുയര്‍ന്നു. വിമര്‍ശനങ്ങള്‍ തന്നെ നിരാശനാക്കിയതായും ഇത് അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിട പറയുന്നതിന് സ്വാധീനിച്ചതായും ഡിവില്ല്യേഴ്സ് തുറന്നു പറഞ്ഞു. ഈ മാസം ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പില്‍ ഡിവില്ല്യേഴ്സ് തിരിച്ചെത്തണമെന്ന് ആരാധകര്‍ ആവശ്യപ്പെട്ടെങ്കിലും താരം അത് തള്ളിക്കളയുകയായിരുന്നു. 

ദക്ഷിണാഫ്രിക്കന്‍ കുപ്പായത്തില്‍ 2004ല്‍ ആണ് ഡിവില്ല്യേഴ്‌സ് അരങ്ങേറിയത്. 114 ടെസ്റ്റുകളിലും 228 ഏകദിനങ്ങളിലും 78 ടി20കളിലും രാജ്യത്തിനായി ‍ഡിവില്ല്യേഴ്സ് കളത്തിലിറങ്ങി. ടെസ്റ്റില്‍ 8,765 റണ്‍സും ഏകദിനത്തില്‍ 9,577 റണ്‍സും ടി20യില്‍ 1,672 റണ്‍സും അദ്ദേഹം സ്വന്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com