യുദ്ധമുഖമായ അഫ്ഗാനില്‍ അഫ്രീദിയുടെ ബാറ്റിങ് തീര്‍ത്ത ആവേശം ചെറുതല്ല, ബാറ്റിങ് ഹീറോയെ കുറിച്ച് പറഞ്ഞ് റാഷിദ് ഖാന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st May 2019 11:40 AM  |  

Last Updated: 21st May 2019 11:40 AM  |   A+A-   |  

afridirashid

ബാറ്റ്‌സ്മാനെ കുഴയ്ക്കുന്ന ഡെലിവറികള്‍ക്കൊപ്പം റാഷിദ് ഖാന്റെ തകര്‍പ്പന്‍ ബാറ്റിങ്ങിനും ക്രിക്കറ്റ് ലോകത്ത് ആരാധകരുണ്ട്. ബാറ്റിങ്ങില്‍ തന്റെ പ്രചോദനം ആരെന്ന് വെളിപ്പെടുത്തുകയാണ് അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാന്‍. പാക് മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയെ പോലെ ബാറ്റ് ചെയ്യണം എന്നാണ് തന്റെ ആഗ്രഹം എന്ന് റാഷിദ് പറയുന്നു. 

അഫ്ഗാനിസ്താന്‍ പോലെ യുദ്ധക്കെടുതികള്‍ നേരിടുന്ന ഒരു രാജ്യത്തിന് തന്റെ തകര്‍പ്പന്‍ ബാറ്റിങ്ങിലൂടെ അഫ്രീദി നല്‍കിയ ആവേശം ചെറുതല്ലായിരുന്നു. ലോകത്തിന്റെ എല്ലാ ഭാഗത്തും അദ്ദേഹത്തിന് ആരാധകരുണ്ട്. എല്ലാ ദിവസവും അദ്ദേഹത്തില്‍ നിന്നും അതുപോലെ ബാറ്റിങ് വരില്ല. അഫ്രീദിയുടെ റെക്കോര്‍ഡുകള്‍ നോക്കിയാല്‍ മനസിലാവും, കൂടുതല്‍ സെഞ്ചുറികള്‍ അദ്ദേഹത്തിനില്ല. എന്നാല്‍ ഫോമിലേക്ക് എത്തുന്ന ആ ദിവസം അഞ്ചോ ആറോ സിക്‌സ് അഫ്രീദി പറത്തും. നമുക്ക് കുറച്ച് സമയത്തേക്കെങ്കിലും എന്റര്‍ടെയ്ന്‍മെന്റ് നല്‍കിയിട്ട് പോവും. അതിനാലാണ് അഫ്രീദിക്ക് ആരാധകരുള്ളതെന്ന് റാഷിദ് പറയുന്നു. 

ബാറ്റ്‌സ്മാനെ വട്ടം കറക്കുന്ന സ്പിന്‍ മാന്ത്രികനാവുന്നതിന് മുന്‍പ് ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ആയിട്ടായിരുന്നു റാഷിദ് ഖാന്റെ വരവ്. 2016-17 സീസണിലെ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ വെച്ച് റാഷിദിന് തന്റെ ബാറ്റിങ് ഹീറോയെ നേരില്‍ കാണാന്‍ അവസരം ലഭിച്ചു. അന്ന് തങ്ങള്‍ ക്രിക്കറ്റിനെ കുറിച്ചോ, ബൗളിങ്ങിനെ കുറിച്ചോ ഒന്നും സംസാരിച്ചില്ല. എന്നാല്‍ എന്നെ കണ്ടതില്‍ റാഷിദ് വലിയ സന്തുഷ്ടവാനായിരുന്നു എന്നാണ് അഫ്രീദി അന്ന് പ്രതികരിച്ചത്. 

അഫ്ഗാനിസ്താന് ലോകകപ്പില്‍ മുന്നേറാന്‍ വഴിയൊരുക്കുകയാണ് റാഷിദ് ഖാന്റെ ലക്ഷ്യം. ജൂണ്‍ ഒന്നിന് ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് ലോകകപ്പിലെ അഫ്ഗാന്റെ ആദ്യ മത്സരം.