ഓസ്‌ട്രേലിയ ലോക കിരീടം ഉയര്‍ത്തും, ഇംഗ്ലണ്ട് സെമിയില്‍ പൊട്ടും; ഗില്‍ക്രിസ്റ്റിന്റെ പ്രവചനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd May 2019 03:21 PM  |  

Last Updated: 22nd May 2019 03:21 PM  |   A+A-   |  

gilchrist

ഇംഗ്ലണ്ടില്‍ ഓസ്‌ട്രേലിയ ലോക കിരീടം നിലനിര്‍ത്തുമെന്ന് ഓസീസ് മുന്‍ താരം ആദം ഗില്‍ക്രിസ്റ്റ്. ഓസ്‌ട്രേലിയ കിരീടം ഉയര്‍ത്തുമെന്ന് അവകാശപ്പെട്ട ഗില്‍ക്രിസ്റ്റ് ഇംഗ്ലണ്ട് സെമിയില്‍ തോറ്റ് പുറത്താവുമെന്നും പറയുന്നു. 

കഴിഞ്ഞ 12 ലോകകപ്പുകളില്‍ അഞ്ചും ഇവിടേക്കാണ് വന്നത്. അതിനാല്‍ മറ്റൊരു ലോകകപ്പ് കൂടി നമ്മള്‍ ജയിക്കാതിരിക്കാന്‍ കാരണമൊന്നും ഞാന്‍ കാണുന്നില്ല. പേപ്പറിലെ കണക്കുകളില്‍ ശക്തരായ മറ്റ് ടീമുകള്‍ക്കൊപ്പം കട്ടയ്ക്ക് നില്‍ക്കുന്നുണ്ട് ഓസ്‌ട്രേലിയയും. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ വേനല്‍ക്കാലത്ത് നിങ്ങള്‍ ഈ ടീമിനെ നോക്കി സംശയപ്പെട്ടു. എന്നാല്‍ ഇപ്പോള്‍ ലോകകപ്പ് അടുത്തപ്പോഴേക്കും അവര്‍ ശക്തി കാട്ടിത്തുടങ്ങി. 

സന്തുലിതമായ ഓസ്‌ട്രേലിയന്‍ ടീമാണ് ഇത്. ജസ്റ്റില്‍ ലാംഗര്‍ നട്ട വിത്തില്‍ നിന്നുമുണ്ടായിരിക്കുന്ന ഫലം ഇനിയും നമ്മള്‍ കാണാനിരിക്കുന്നതേയുള്ളുവെന്നും ഗില്‍ക്രിസ്റ്റ് പറഞ്ഞു. ഇംഗ്ലണ്ടിന്റെ സാധ്യതകളിലേക്ക് വരുമ്പോള്‍, ഇംഗ്ലണ്ട് ടീമിന് ചുറ്റുമുള്ള ഹൈപ്പ് വലുതാണ്. സെമി വരെ അവരെത്തിയേക്കും. പക്ഷേ സെമി ഒരു നോക്കൗട്ട് ഘട്ടമല്ലേ, അതല്ലേ പേടിയെന്നും ഇംഗ്ലണ്ടിനെ പരിഹസിച്ച് ഗില്‍ക്രിസ്റ്റ് ചോദിക്കുന്നു. 

ചരിത്രം എടുത്ത് നോക്കിയാല്‍, ഓസ്‌ട്രേലിയയ്ക്ക് നോക്കൗട്ട് ഘട്ടം എന്നത് പേടിപ്പിക്കുന്നതല്ല. ഏത് ടൂര്‍ണമെന്റിലായാലും നോക്കൗട്ട് ഘട്ടം നമുക്ക് വലിയ വെല്ലുവിളി തീര്‍ക്കാറില്ല. സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട് എന്നീ ടീമുകള്‍ക്ക് അവിടെ അത്ര സുഖകരമായ അനുഭവം അല്ലെന്നും ഗില്‍ക്രിസ്റ്റ് പറയുന്നു.