ടീമിന്റെ തലച്ചോറാണ് ഈ താരം, എല്ലാ ഘടകവും ഇന്ത്യയ്ക്ക് അനുകൂലമെന്ന് പാക് മുന്‍ താരം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd May 2019 12:23 PM  |  

Last Updated: 22nd May 2019 12:23 PM  |   A+A-   |  

indianteam

ലോകകപ്പില്‍ ധോനിയുടെ കളിയാവും ഇന്ത്യയ്ക്ക് നിര്‍ണായകമാവുക എന്ന വിലയിരുത്തല്‍ ശക്തമാണ്. ക്രിക്കറ്റ് വിദഗ്ധരില്‍ ഭൂരിപക്ഷവും ധോനിക്കൊപ്പം നില്‍ക്കുമ്പോള്‍ മറ്റൊരു പാകിസ്താന്‍ മുന്‍ നായകന്റെ കൂടി പിന്തുണ ധോനിയിലേക്കെത്തുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ തലച്ചോറാണ് ധോനി എന്നാണ് പാക് മുന്‍ നായകന്‍ സഹീര്‍ അബ്ബാസ് പറയുന്നത്. 

ധോനിയെ പോലൊരു ബുദ്ധിമാനാണ് ഇന്ത്യന്‍ ടീമിലുള്ളത്. ടീമിന്റെ തലച്ചോര്‍ ധോനിയാണ്. കളിയെ വ്യക്തമായി മനസിലാക്കാന്‍ ധോനിക്ക് സാധിക്കുന്നു. അതിനൊപ്പം, രണ്ട് ലോക കിരീടങ്ങളിലേക്ക് ഇന്ത്യയെ നയിച്ചതിന്റെ അനുഭവ സമ്പത്തും ധോനിക്കുണ്ട്. നായകനും, കോച്ചിനും ധോനിയുടെ അനുഭവസമ്പത്ത് മുതല്‍ക്കൂട്ടാണ്, അവരുടെ തുറപ്പു ചീട്ടുമാണ് ധോനിയെന്ന് അബ്ബാസ് പറയുന്നു. 

നായക സ്ഥാനത്ത് കോഹ് ലിയുടെ ആദ്യ ലോകകപ്പാണിത്. നായകന്‍ എന്ന നിലയില്‍ തന്റെ കഴിവ് ലോകത്തെ കാണിക്കാനുള്ള അഭിനിവേശം കോഹ് ലി കാണിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഇക്കഴിഞ്ഞ ഇംഗ്ലണ്ട്-പാകിസ്താന്‍ പരമ്പര നമ്മള്‍ കണ്ടു. 300ന് മുകളില്‍ സ്‌കോര്‍ ചെയ്യുകയും, അത് ചെയ്‌സ് ചെയ്യുകയും ചെയ്തു. ലോകകപ്പിലേക്ക് എത്തുമ്പോള്‍ 450 റണ്‍സ് എന്നത് സാധ്യമാണ്. കാരണം, പുല്ലിന്റെ സാന്നിധ്യമില്ലാത്ത വിക്കറ്റും, ബൗളര്‍മാര്‍ക്ക് അധിക പിന്തുണ നല്‍കാത്ത സാഹചര്യവുമാണ് ഇംഗ്ലണ്ടില്‍ ഒരുങ്ങുന്നത്. 

ഈ സാഹചര്യത്തില്‍ ശക്തമായ ബാറ്റിങ് നിരയുമായി വരുന്ന ഇന്ത്യയ്ക്ക് മികവ് കാണിക്കാനാവും. ഇംഗ്ലണ്ടിലെ വിക്കറ്റുകള്‍ ഇപ്പോള്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് പറുദീസയാണ്. ഇന്ത്യയെ കൂടാതെ, പാകിസ്താന്‍, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ് എന്നിവരാണ് ശക്തരായ ടീമുകള്‍ എന്നും അദ്ദേഹം പറയുന്നു.