ബാറ്റിങ് വൈവിധ്യവുമായി ഓസ്‌ട്രേലിയ; ലക്ഷ്യം കിരീടം നിലനിര്‍ത്തല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd May 2019 05:55 AM  |  

Last Updated: 22nd May 2019 05:55 AM  |   A+A-   |  

1000x563_return-of-smith-warner-makes-for-hard-selections-finch

 

ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ ടീം ഏതെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു. അതാണ് ഓസ്‌ട്രേലിയ. അഞ്ച് തവണയാണ് അവര്‍ കിരീടം സ്വന്തമാക്കിയത്. ഹാട്രിക്ക് കിരീട നേട്ടമെന്ന പൊന്‍തൂവലും അവര്‍ക്ക് സ്വന്തം. 1987, 1999, 2003, 2007, 2015 വര്‍ഷങ്ങളിലായിരുന്നു അവരുടെ നേട്ടം. ഈ ലോകകപ്പിലേക്കുള്ള അവരുടെ വരവ് നിലവിലെ ചാമ്പ്യന്‍മാരെന്ന പകിട്ടുമയാണ്.

2015ലെ ലോകകപ്പ് വിജയത്തിന് ശേഷം ഓസീസ് ക്രിക്കറ്റിന്റെ ഗ്രാഫ് താഴേക്ക് പോകുന്ന കാഴ്ചയായിരുന്നു ആരാധകര്‍ക്ക് കാണാന്‍ സാധിച്ചത്. 2016നും 2019നും ഇടയില്‍ അവര്‍ ആറ് ഏകദിന പരമ്പരകളാണ് പരാജയപ്പെട്ടത്. ഒപ്പം ചാമ്പ്യന്‍സ് ട്രോഫിയുടെ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ അവര്‍ക്ക് പുറത്ത് പോകേണ്ടി വന്നു. 

മോശം ഫോമിലൂടെ കടന്ന് പോകുന്നതിനിടെയാണ് പന്ത് ചുരുണ്ടല്‍ വിവാദവും ഓസീസ് ക്രിക്കറ്റിനെ പിടിച്ചു കുലുക്കിയത്. പ്രതിഭാധനരായ രണ്ട് ബാറ്റ്‌സ്മാന്‍മാരായ ഡേവിഡ് വാര്‍ണര്‍ക്കും സ്റ്റീവന്‍ സ്മിത്തിനും ഒരു വര്‍ഷം ടീമില്‍ നിന്ന് പുറത്ത് നില്‍ക്കേണ്ട അവസ്ഥ വരെ നേരിടേണ്ടി വന്നു. 

2018 അവസാനത്തോടെ ഓസീസ് തിരിച്ചു വരവിന്റെ പാതയിലാണ്. ഇന്ത്യക്കെതിരെയും പാക്കിസ്ഥാനെതിരെയുമായുള്ള അവരുടെ ഏകദിന പരമ്പര നേട്ടങ്ങളിലൂടെയായിരുന്നു അവരുടെ മടങ്ങി വരവ്. ലോകകപ്പ് നേടാന്‍ സാധ്യതയുള്ളവരുടെ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നു നിലവില്‍ ഓസ്‌ട്രേലിയ. 

വിലക്ക് മാറി ഓപണര്‍ ഡേവിഡ് വാര്‍ണറും മുന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്തും ടീമിലേക്ക് മടങ്ങിയെത്തിയതോടെ അവരുടെ ബാറ്റിങ് നിര സുശക്തമായി. ഐപിഎല്ലില്‍ മിന്നും ഫോമില്‍ കളിച്ച് ഡേവിഡ് വാര്‍ണര്‍ തന്റെ മികവിന് കോട്ടം വന്നിട്ടില്ലെന്ന് തെളിയിച്ച് കഴിഞ്ഞു. 12 ഇന്നിങ്‌സുകളില്‍ 692 റണ്‍സാണ് വാര്‍ണര്‍ അടിച്ചെടുത്തത്. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് സ്വന്തമാക്കിയത് വാര്‍ണറായിരുന്നു. സ്മിത്താകട്ടെ സന്നാഹ മത്സരത്തില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 

ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് ഫോമിലേക്ക് മടങ്ങിയെത്തിക്കഴിഞ്ഞു. പാക്കിസ്ഥാനെതിരായ പരമ്പരയില്‍ 116, 153, 90, 39, 53 എന്ന നിലയിലാണ് ഫിഞ്ചിന്റെ സ്‌കോര്‍. ഉസ്മാന്‍ ഖവാജയും താന്‍ പരിമിത ഓവറിന് അനുയോജ്യനാണെന്ന് തെളിയിച്ചു കഴിഞ്ഞു. മധ്യനിരയ്ക്ക് കരുത്ത് പകരാന്‍ ഗ്ലെന്‍ മാക്‌സ് വെലിന്റെ സാന്നിധ്യവും ഓസ്‌ട്രേലിയക്കുണ്ട്. വലിയ ടൂര്‍ണമെന്റുകളില്‍ തിളങ്ങാന്‍ മാക്‌സ് വെല്ലിന് സാധിക്കാറുണ്ട് എന്നത് ടീമിന് അനുകൂല ഘടകമാണ്. 

ബൗളിങ് വിഭാഗവും വൈവിധ്യവും കരുത്തും ഉള്ളതാണ്. ആദം സാംപ, പാറ്റ് കമ്മിന്‍സ്, ജാസന്‍ ബെഹ്‌റന്‍ഡോഫ്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരാണ് പ്രധാന ബൗളര്‍മാര്‍. സ്പിൻ വൈവിധ്യവുമായി നതാൻ ലിയോണുമുണ്ട്. 

വ്യക്തിഗത മികവില്‍ മുന്നില്‍ നില്‍ക്കുന്ന താരങ്ങളുടെ സാന്നിധ്യമാണ് ഓസീസിന്റെ കരുത്ത്. എന്നാല്‍ ഇത് ചേരുപടി ചേരുന്നത് പോലെയാണ് അവരുടെ സാധ്യതകള്‍ നില്‍ക്കുന്നത്.