ഇക്കാര്‍ഡിയെ വെട്ടിയത് മെസിയുടെ അതൃപ്തിയില്‍? അതോ മോശം ഫോമിനെ തുടര്‍ന്നോ? എങ്കില്‍ ഡിബാലയോ?

ലോകകപ്പില്‍ സാംപോളി ഇക്കാര്‍ഡിയെ തഴഞ്ഞപ്പോള്‍, കോപ്പ അമേരിക്കയിലേക്ക് എത്തിയപ്പോള്‍ സ്‌കലോനിയും ഇക്കാര്‍ഡിയെ വെട്ടി
ഇക്കാര്‍ഡിയെ വെട്ടിയത് മെസിയുടെ അതൃപ്തിയില്‍? അതോ മോശം ഫോമിനെ തുടര്‍ന്നോ? എങ്കില്‍ ഡിബാലയോ?

1993ല്‍ കോപ്പ അമേരിക്ക നേടിയതിന് ശേഷം പ്രധാനപ്പെട്ട കിരീടങ്ങളൊന്നും അര്‍ജന്റീനയിലേക്ക് എത്തിയിട്ടില്ല. ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരം ഒപ്പമുണ്ടായിട്ടും തുടര്‍ച്ചയായി ആല്‍ബെസിസ്റ്റുകള്‍ക്ക് കാലിടറി കൊണ്ടിരുന്നു. ഇപ്പോള്‍, മറ്റൊരു കോപ്പ അമേരിക്ക ആവേശക്കാലം കൂടി വരുമ്പോള്‍ കൊമ്പുകോര്‍ക്കാന്‍ ഇറങ്ങുന്ന അര്‍ജന്റീനിയന്‍ നിര വലിയ പ്രതീക്ഷ നല്‍കുന്നില്ലെങ്കിലും അത്ഭുതങ്ങള്‍ പ്രതീക്ഷിക്കുകയാണ് ആരാധകര്‍. അര്‍ജന്റീനിയന്‍ കുപ്പായത്തിലിറങ്ങുന്ന ഇവര്‍ മികച്ച ഫുട്‌ബോള്‍ കളിക്കളത്തില്‍ തങ്ങള്‍ക്കായി ഒരുക്കുമെന്ന പ്രതീക്ഷ.

അത്‌ലറ്റിക്കോ മാഡ്രിഡ് മുന്നേറ്റനിരക്കാരന്‍ എയ്ഞ്ചല്‍ കോറിയ, സെവിയ ഡിഫന്റര്‍ ഗബ്രിയേല്‍ മെര്‍കാഡോ, ഇന്റര്‍ മിലാന്‍ സ്‌ട്രൈക്കര്‍ മൗറോ ഇക്കാര്‍ഡി എന്നിവരെ ഒഴിവാക്കിയാണ് സ്‌കലോനി സാധ്യതാ ടീമിനെ പ്രഖ്യാപിക്കുന്നത്. ലോകകപ്പില്‍ സാംപോളി ഇക്കാര്‍ഡിയെ തഴഞ്ഞപ്പോള്‍, കോപ്പ അമേരിക്കയിലേക്ക് എത്തിയപ്പോള്‍ സ്‌കലോനിയും ഇക്കാര്‍ഡിയെ വെട്ടി. എന്നാല്‍ ഇന്റര്‍മിലാനില്‍ ഇക്കാര്‍ഡിക്കൊപ്പം കളിക്കുന്ന മാര്‍ട്ടിനെസിനെ സ്‌കലോനി തന്റെ ടീമില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. 

ഇക്കാര്‍ഡിയുടെ മോശം സീസണ്‍ മുന്‍നിര്‍ത്തിയാണ് താരത്തെ കോപ്പ അമേരിക്ക ടീമില്‍ നിന്നും ഒഴിവാക്കിയത് എന്നാണ് റിപ്പോര്‍ട്ട്. 2019ല്‍ രണ്ട് ഗോളുകള്‍ മാത്രമാണ് ഇക്കാര്‍ഡി സ്‌കോര്‍ ചെയ്തത്. എന്നാല്‍ മെസിക്ക് ഇക്കാര്‍ഡിയോടുള്ള താത്പര്യമില്ലായ്മ തന്നെയാണ് ഒഴിവാക്കലിന് പിന്നിലെന്നാണ് വിലയിരുത്തല്‍ ഉയരുന്നത്. യുവന്റ്‌സിന് വേണ്ടി സ്ഥിരത പുലര്‍ത്താന്‍ ഡിബാലയ്ക്ക് കഴിയാതിരുന്നിട്ടും താരം ടീമിലേക്ക് ഇടം നേടി.  29 മത്സരങ്ങളില്‍ നിന്നും അഞ്ച് വട്ടമാണ് ഡിബാല വല കുലുക്കിയത്. ഈ സീസണില്‍ ഇടയ്ക്കിടെ മാത്രം ഗാര്‍ഡിയോള കളിക്കളത്തിലിറക്കിയ നിക്കോളാസ് ഒറ്റമെന്‍ഡിയേയും സ്‌കലോനി തന്റെ ടീമില്‍ ഉള്‍പ്പെടുത്തി. മെസി, അഗ്യുറോ, എയ്ഞ്ചല്‍ ഡി മരിയ, ഡിബാല എന്നിവരിലാണ് ആരാധകരുടെ പ്രതീക്ഷകള്‍. 

ലോകകപ്പിന് ശേഷവും മികച്ച കളി പുറത്തെടുക്കാന്‍ അര്‍ജന്റീനിയന്‍ സംഘത്തിനായിട്ടില്ല. വെനസ്വലയ്‌ക്കെതിരായ സൗഹൃദ മത്സരത്തില്‍ 3-1നാണ് തോറ്റുമടങ്ങിയത്. കോപ്പ അമേരിക്ക ഗ്രൂപ്പ് ഘട്ടത്തില്‍ കൊളംബിയ, പാരാഗ്വേ, ഖത്തര്‍ എന്നിവര്‍ക്കൊപ്പമാണ് അര്‍ജന്റീന. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com