ഇന്ത്യ അനായാസം സെമിയിലെത്തും, ഈ നാഴികകല്ലുകള്‍ ഇവര്‍ പിന്നിട്ടാല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd May 2019 05:04 PM  |  

Last Updated: 23rd May 2019 05:04 PM  |   A+A-   |  

koliworldcup

കിരീടത്തിലേക്ക് എത്തിയില്ലെങ്കില്‍ പോലും ലോകകപ്പ് സെമി കാണാതെ ഇന്ത്യന്‍ ടീം പുറത്താവില്ലെന്ന വിലയിരുത്തലാണ് ഉയരുന്നത്. ലോകകപ്പ് മുന്‍പില്‍ വന്ന് നില്‍ക്കുന്ന സമയം, കോഹ് ലി ഉള്‍പ്പെടെയുള്ള കളിക്കാര്‍ക്ക് മുന്‍പില്‍ ചില നാഴികകല്ലുകളും വന്നു നില്‍ക്കുന്നുണ്ട്. ആ നാഴിക കല്ലുകള്‍ പിന്നിടാന്‍ ഈ താരങ്ങള്‍ക്കായാല്‍ ഇന്ത്യയ്ക്ക് എളുപ്പം സെമിയിലേക്കെത്താം. 

വിരാട് കോഹ് ലി

ബാറ്റിങ്ങില്‍ കോഹ് ലിയെ ഇന്ത്യ അമിതമായി ആശ്രയിക്കുന്നുണ്ട്. ഫോമിലേക്കെത്താന്‍ ലോകകപ്പില്‍ കോഹ് ലിക്കായില്ലെങ്കില്‍ അത് ഇന്ത്യയ്ക്ക് തിരിച്ചടിയാവും. ഏകദിനത്തില്‍ 10,843 റണ്‍സാണ് കോഹ് ലിയുടെ ഇതുവരെയുള്ള സമ്പാദ്യം. ഇംഗ്ലണ്ടില്‍ കോഹ് ലി 11,000 റണ്‍സ് പിന്നിടുമെന്ന് ഏറെ കുറെ ഉറപ്പാണ്. 

ലോകകപ്പിലേക്ക് വരുമ്പോള്‍ 17 ഇന്നിങ്‌സില്‍ നിന്നും 587 റണ്‍സാണ് കോഹ് ലി നേടിയത്. ഈ ലോകകപ്പില്‍ ആ റണ്‍സ് നേട്ടം ആയിരം കടത്താന്‍ കോഹ് ലിക്ക് സാധിച്ചാല്‍ സെമി വരെയുള്ള ഇന്ത്യയുടെ പോക്കും വലിയ ബുദ്ധിമുട്ടില്ലാതെയാവും. നിലവിലെ കോഹ് ലിയുടെ ഫോം നോക്കിയാല്‍ അത് സംഭവിക്കും....

ശിഖര്‍ ധവാന്‍

ലോകകപ്പില്‍ എട്ട് ഇന്നിങ്‌സില്‍ നിന്നും 412 റണ്‍സാണ് ധവാന്റെ സമ്പാദ്യം. ഓപ്പണറാണ്, ഐസിസി ടൂര്‍ണമെന്റുകളില്‍ മികവ് കാട്ടുന്ന താരമാണ് എന്നിവ കണക്കിലെടുത്താല്‍ ഈ ലോകകപ്പില്‍ 588 റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ ധവാന് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2013, 2017 ചാമ്പ്യന്‍സ് ട്രോഫികളിലെ ധവാന്റെ പ്രകടനം നോക്കിയാല്‍, ഇംഗ്ലണ്ട് വേദിയാവുന്ന ലോകകപ്പിലും ധവാന്‍ മികവ് കാട്ടുമെന്ന് ഉറപ്പാണ്. അത് ഇന്ത്യയ്ക്ക് വലിയ ഗുണം ചെയ്യും. 

എംഎസ് ധോനി

ലോകകപ്പില്‍ 17 ഇന്നിങ്‌സില്‍ നിന്നും 507 റണ്‍സാണ് ധോനിയുടെ അക്കൗണ്ടിലുള്ളത്. ഏകദിനത്തില്‍ ധോനിയുടെ സമ്പാദ്യം 10,500 റണ്‍സും. ഇംഗ്ലണ്ടില്‍ ഏകദിന കരിയറിലെ റണ്‍സ് സമ്പാദ്യം 11,000 റണ്‍സും, ലോകകപ്പ് കരിയറിലെ റണ്‍ നേട്ടം 1000 റണ്‍സുമാക്കാന്‍ ധോനിക്ക് കഴിഞ്ഞാല്‍ ഇന്ത്യയ്ക്കത് നേട്ടമാവും. ബാറ്റിങ് പൊസിഷനില്‍ 4,5 എന്നിങ്ങനെയുള്ള സ്ഥാനങ്ങളില്‍ ധോനിയെ ഇറക്കാന്‍ മാനേജ്‌മെന്റ് തയ്യാറായാല്‍ ഈ നേട്ടം സ്വന്തമാക്കാം. 

ഹര്‍ദിക് പാണ്ഡ്യ

ഐപിഎല്ലില്‍ തകര്‍ത്തു കളിച്ചാണ് ഹര്‍ദിക് പാണ്ഡ്യ ലോകകപ്പിലേക്ക് വരുന്നത്. ട്വന്റി20യിലെ മികവ് ഏകദിനത്തില്‍ ആവര്‍ത്തിക്കാന്‍ ഹര്‍ദിക്കിന് ആവുമോയെന്നതാണ് ചോദ്യം. ഏകദിനത്തില്‍ 1000 റണ്‍സ് എന്ന നേട്ടത്തില്‍ നിന്നും 269 റണ്‍സ് മാത്രം അകലെയാണ് ഹര്‍ദിക്. ബാറ്റിങ് പൊസിഷനില്‍ ഏഴാമനായിട്ടാണ് ഹര്‍ദിക് ഇറങ്ങുന്നത്. ആ പൊസിഷനില്‍ ഇറങ്ങി ഇത്രയും റണ്‍സ് കണ്ടെത്താന്‍ ഹര്‍ദിക്കിനായാല്‍ ഇന്ത്യയെ സെമിയിലേക്ക് എത്തിക്കുന്നതില്‍ ഹര്‍ദിക്കിനും പങ്ക് വഹിക്കാനാവും. 

ബൂമ്ര

49 ഏകദിനങ്ങളില്‍ നിന്നും 85 വിക്കറ്റാണ് ഇന്ത്യന്‍ പേസര്‍ ജസ്പ്രിത് ബൂമ്ര ഇതിനോടകം വീഴ്ത്തിയത്. കഴിഞ്ഞ 9 മത്സരങ്ങളില്‍ ബൂമ്ര വീഴ്ത്തിയത് 15 വിക്കറ്റ്. ഏകദിന കരിയറിലെ വിക്കറ്റ് വേട്ട ലോകകപ്പില്‍ വിക്കറ്റ് വേട്ട നടത്തി 100ലേക്ക് എത്തിക്കാന്‍ ബൂമ്രയ്ക്കാവുമോ? സാധിച്ചാല്‍ എതിരാളികളെ ചീട്ടുകൊട്ടാരമാക്കാന്‍ ഇന്ത്യയ്ക്കാവും.