വമ്പന്‍ ട്വിസ്റ്റ്; പെപ് ഗെര്‍ഡിയോള ഇനി ഇറ്റലിയില്‍; യുവന്റസിന്റെ പരിശീലകനായെത്തുന്നു
By സമകാലിക മലയാളം ഡെസ്ക് | Published: 23rd May 2019 05:17 AM |
Last Updated: 23rd May 2019 05:17 AM | A+A A- |

മിലാന്: ഫുട്ബോള്‍ ലോകത്തെ അമ്പരപ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇറ്റലിയില്‍ നിന്ന് പുറത്തു വരുന്നത്. സ്ഥാനമൊഴിഞ്ഞ പരിശീലകന് മാസിമിലിയാനോ അല്ലെഗ്രിയുടെ പകരക്കാരനായി ഇറ്റാലിയന്‍ സീരി എ ടീം യുവന്റസിനെ പരിശീലിപ്പിക്കാന്‍ സാക്ഷാല്‍ പെപ് ഗെര്‍ഡിയോള വരുന്നു. നേരത്തെ അല്ലെഗ്രിയുടെ പകരക്കാരനായി ഹോസെ മൗറീഞ്ഞോയെ പരിശീലകനാക്കണമെന്ന് ടീമിലെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആവശ്യപ്പെട്ടതായി വാര്‍ത്തകള്‍ വന്നിരുന്നു. അതിനിടെയാണ് അപ്രതീക്ഷിതമായുള്ള ഗെര്‍ഡിയോളയുടെ വരവ്. താന്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ പരിശീലകനായി തന്നെ തുടരുമെന്ന് ഗെര്‍ഡിയോള പറഞ്ഞതായുള്ള വാര്‍ത്തകളുമുണ്ടായിരുന്നു. ഇത്തരം റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഈ വമ്പന്‍ ട്വിസ്റ്റ്.
ഈ സീസണോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ പരിശീലക സ്ഥാനമൊഴിഞ്ഞ് ഗെര്‍ഡിയോള യുവന്റസ് കോച്ചായി സ്ഥാനമേല്‍ക്കുമെന്നും നാല് വര്‍ഷത്തേക്കാണ് കരാറെന്നും ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മൂന്ന് വര്‍ഷമായി മാഞ്ചസ്റ്റര്‍ സിറ്റിയുടെ പരിശീലകനായി സേവനമനുഷ്ഠിക്കുന്ന ഗെര്‍ഡിയോള അവരെ രണ്ട് തവണ പ്രീമിയര്‍ ലീഗ് ജേതാക്കളാക്കി. ഇത്തവണ ടീമിന് ചരിത്ര നേട്ടം സമ്മാനിക്കാനും അദ്ദേഹത്തിനായി. പ്രീമിയര്‍ ലീഗ്, ഇംഗ്ലീഷ് ലീഗ് കപ്പ്, എഫ്എ കപ്പ് കിരീടങ്ങള്‍ നേടി ഡൊമസ്റ്റിക്ക് ട്രിപ്പിള്‍ റെക്കോര്‍ഡാണ് സിറ്റി സ്വന്തമാക്കിയത്. ഈ നേട്ടത്തിലെത്തുന്ന ചരിത്രത്തിലെ ആദ്യ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമെന്ന റെക്കോര്‍ഡാണ് സിറ്റിക്ക് നേടാനായത്.
തുടര്‍ച്ചയായി അഞ്ച് ഇറ്റാലിയന്‍ സീരി എ കിരീട നേട്ടങ്ങളിലേക്ക് യുവന്റസിനെ നയിച്ചാണ് മാസിമിലിയാനോ അല്ലെഗ്രി ഈ സീസണോടെ ക്ലബ് വിടുന്നത്.
HUGE NEWS
— Adriano Del Monte (@adriandelmonte) May 21, 2019
Translation: Done deal! Pep Guardiola will be the Juventus coach. 4-year contract. https://t.co/ipswuA97eK
മാഞ്ചസ്റ്റര്‍ സിറ്റിയെ ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലേക്ക് നയിക്കാന്‍ സാധിക്കാതെയാണ് ഗെര്‍ഡിയോള ക്ലബ് വിടുന്നത്. രണ്ട് തവണ യുവന്റസിനെ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലേക്ക് നയിക്കാന്‍ അല്ലെഗ്രിക്ക് സാധിച്ചെങ്കിലും കിരീട നേട്ടം സ്വന്തമാക്കാന്‍ അദ്ദേഹത്തിനും സാധിച്ചില്ല. 1996ല്‍ യൂറോപിലെ രാജാക്കന്മാരായ ശേഷം യുവന്റസിന് ആ കിരീടം പിന്നീട് കിട്ടാക്കനിയായി നില്‍ക്കുകയാണ്.
സ്പാനിഷ് ലാ ലിഗയില്‍ ബാഴ്സലോണയുടെ പരിശീലകനെന്ന നിലയില്‍ ചാമ്പ്യന്‍സ് ലീഗ്, ക്ലബ് ലോകകപ്പ് നേട്ടങ്ങളൊക്കെ സ്വന്തമാക്കിയ ശേഷം ഗെര്‍ഡിയോള ജര്‍മന്‍ ബുണ്ടസ് ലീഗ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കിന്റെ പരിശീലകനായി ചുമതലയേറ്റു. പിന്നീടാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ കോച്ചാകുന്നത്. നാലാമൂഴമായി അദ്ദേഹം തിരഞ്ഞെടുത്തിരിക്കുന്നത് ഇറ്റലിയാണ്.
ഗെര്‍ഡിയോള യുവന്റസിലെത്തുമ്പോള്‍ മറ്റൊരു കൗതുകവുമുണ്ട്. ഏറെക്കാലം ലയണല്‍ മെസിക്ക് തന്ത്രങ്ങള്‍ പറഞ്ഞു കൊടുത്ത പെപ് ഇനി മറ്റൊരു സൂപ്പര്‍ താരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും തന്ത്രങ്ങളോതുന്ന ആശാനായി ഡഗൗട്ടില്‍ നില്ക്കും.
ഇരുവരും സംഗമിക്കുന്നതോടെ യുവന്റസിന്റെ ചാമ്പ്യന്‍സ് ലീഗ് കിരീടമെന്ന സ്വപ്നത്തിന് ശമനമാകുമോ എന്നാണ് ഇനി അറിയേണ്ടത്. ആരാധകര്‍ കാത്തിരിക്കുന്നതും അതിനാണ്.