സ്പിന്നിനെ എങ്ങനെ നേരിടും? സ്പിന്നുമായി എങ്ങനെ ആക്രമിക്കും? ഓസീസിന്റെ ലോകകപ്പ് ഭാവി നിര്‍ണയിക്കുക ഇതെന്ന് റിക്കി പോണ്ടിങ്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd May 2019 02:29 PM  |  

Last Updated: 23rd May 2019 02:29 PM  |   A+A-   |  

smitworldcup

സ്പിന്നുമായി എതിരാളികളെ എത്രമാത്രം ആക്രമിക്കാനാവും, എതിരാളികളുടെ സ്പിന്‍ ആക്രമണത്തെ എത്രമാത്രം നേരിടാനാവും എന്നത് ആശ്രയിച്ചിരിക്കും ഓസ്‌ട്രേലിയയുടെ ലോകകപ്പ് പ്രതീക്ഷകള്‍ എന്ന് ഓസീസ് മുന്‍ നായകന്‍ റിക്കി പോണ്ടിങ്. നഥാന്‍ ലയോണ്‍, ആദം സാംപ എന്നിവരെ ഓസീസിന് ഫലപ്രദമായി ഉപയോഗിക്കാനാവണം. ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് സ്പിന്‍ ആക്രമണത്തെ അതിജീവിക്കാനും സാധിക്കണമെന്ന് പോണ്ടിങ് ചൂണ്ടിക്കാണിക്കുന്നു. 

ആദം സംപ ഇപ്പോള്‍ മികവ് കാണിക്കുന്നു. ലയോണ്‍ സ്‌ക്വാഡിലുണ്ടാവും. മാക്‌സ്വെല്ലാണെങ്കില്‍ അവസരം കിട്ടുമ്പോഴെല്ലാം മികച്ച ബൗളിങ് സ്‌പെല്‍ പുറത്തെടുക്കുന്നുണ്ട്്. 12-18 മാസം മുന്‍പുള്ളതിനേക്കാള്‍ മികച്ച രീതിയില്‍ ഓസീസ് മധ്യനിര സ്പിന്നിനെ നേരിടുന്നുണ്ട്. സ്മിത്തും, വാര്‍ണറും അവിടേക്ക് മടങ്ങിയെത്തുമ്പോള്‍ സ്പിന്നിനെതിരെ ശക്തമായ ബാറ്റിങ് നിരയാവും ഓസീസിന്റേത്. 

തുടര്‍ച്ചയായി മോശം ഫോമില്‍ തുടര്‍ന്നിരുന്ന ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ചിന് ആത്മവിശ്വാസം വീണ്ടെടുക്കാനായതും അവര്‍ക്ക് ഗുണം ചെയ്യുമെന്ന് പോണ്ടിങ് പറയുന്നു. ഇന്ത്യയ്ക്കും പാകിസ്താനും എതിരെ പരമ്പര ജയം നേടിയാണ് ഓസീസ് ലോകകപ്പിന് പോവുന്നത്. ഫിഞ്ചിന് റണ്‍സ് കണ്ടെത്താനും തുടങ്ങിയിട്ടുണ്ട്. ലാംഗറും ടീമിലെ മുതിര്‍ന്ന് താരങ്ങളും നല്‍കുന്ന പ്രയത്‌നങ്ങള്‍ക്ക് ഫലം കണ്ട് തുടങ്ങുന്നതാണ് അത്. ലോകകപ്പില്‍ ഓസ്‌ട്രേലിയയ്ക്ക് അഭിമാനിക്കാവുന്ന ചരിത്രമുണ്ട്. എന്നാല്‍ ഈ ലോകത്തിന് മുന്നില്‍ തങ്ങളുടെ പേര് എഴുതിച്ചേര്‍ക്കാന്‍ ടീമിലെ ഈ താരങ്ങള്‍ മികച്ച കളി പുറത്തെടുക്കണമെന്നും പോണ്ടിങ് പറഞ്ഞു.