ഒറ്റ പ്രസവത്തില്‍ പിറന്നത് ആറ് കണ്‍മണികള്‍; പിന്നാലെയെത്തിയത് ഫുട്‌ബോള്‍ ടീമിന്റെ അപൂര്‍വ സമ്മാനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd May 2019 05:17 AM  |  

Last Updated: 23rd May 2019 05:17 AM  |   A+A-   |  

165cb7355ce38a9da01e2b830f94f90e

 

വാര്‍സോ: ഒറ്റ പ്രസവത്തില്‍ ആറ് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ യുവതിക്ക് ഫുട്‌ബോള്‍ ടീം സമ്മാനമായി നല്‍കിയത് അവരുടെ മത്സരങ്ങള്‍ കാണാനുള്ള സൗജന്യ ടിക്കറ്റ്. അതും ജീവിത കാലം മുഴുവന്‍! പോളണ്ടിലാണ് ഈ കൗതുകകരമായ സമ്മാന വാഗ്ദാനം. 

പോളണ്ടിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു യുവതി ഒറ്റ പ്രസവത്തില്‍ ആറ് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നത്. പോളണ്ടിലെ കാര്‍കോവിലുള്ള യൂനിവേഴ്‌സിറ്റി ഹോസ്പിറ്റലിലാണ് യുവതി പ്രസവിച്ചത്. പോളണ്ടില്‍ ഇതാദ്യമായാണ് ഒറ്റ പ്രസവത്തില്‍ ആറ് കുട്ടികള്‍ പിറക്കുന്നത്. ലോകത്ത് തന്നെ അപൂര്‍വമായേ ഇത് സംഭവിച്ചിട്ടുള്ളു എന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. 

യുവതിയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നു. ഒപ്പം തന്നെയാണ് അവരെ കാത്ത് ഒരുപൂര്‍വ സമ്മാനം അപ്രതീക്ഷിതമായി തേടിയെത്തിയത്. പോളണ്ട് ഫുട്‌ബോള്‍ ടീമായ കെഎസ് ക്രാക്കോവിയയാണ് യുവതിക്ക് സമ്മാനം വാഗ്ദാനം ചെയ്തത്. തങ്ങളുടെ എല്ലാ ഫുട്‌ബോള്‍ മത്സരങ്ങളും കാണാനുള്ള സീസണ്‍ ടിക്കറ്റാണ് ടീം യുവതിക്ക് നല്‍കാനൊരുങ്ങുന്നത്. അതും ജീവിത കാലം മുഴുവന്‍. 

' കാര്‍ക്കോവിലെ ആശുപത്രിയില്‍ ആറ് കുഞ്ഞുങ്ങള്‍ പിറന്നിരിക്കുന്നു. പോളണ്ടില്‍ ഇത്തരമൊരു ജനനം ആദ്യമാണ്. ആ കുഞ്ഞുങ്ങളുടെ മാതാപിതാക്കള്‍ ആരാണെന്ന് ഞങ്ങള്‍ക്ക് അറിയില്ല. പക്ഷേ ഞങ്ങള്‍ ക്രാക്കോവിയ ടീമിന്റെ മത്സരങ്ങള്‍ കാണാനുള്ള ആജീവനാന്ത പാസുകള്‍ സമ്മാനിക്കുന്നു. മാതാപിതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍ '- ടീം ട്വിറ്ററിലൂടെ പ്രതികരിച്ചു.