ധോനിയെ ബാറ്റിങ് പൊസിഷനില്‍ മുകളിലേക്ക് കയറ്റരുത്, സച്ചിന്റെ വാദങ്ങള്‍ ഇങ്ങനെ

രോഹിത്-ധവാന്‍ എന്നിവര്‍ ഓപ്പണിങ്ങിലും, കോഹ് ലി മൂന്നാമതും, നാലാമത് ആരായാലും, അഞ്ചാമത് ധോനി ഇറങ്ങണം
ധോനിയെ ബാറ്റിങ് പൊസിഷനില്‍ മുകളിലേക്ക് കയറ്റരുത്, സച്ചിന്റെ വാദങ്ങള്‍ ഇങ്ങനെ

ലോകകപ്പില്‍ ധോനിയുടെ ബാറ്റിങ് സ്ഥാനത്ത് മാറ്റം വരുത്തരുത് എന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ധോനിയെ നാലാം സ്ഥാനത്ത് ഇറക്കണം എന്ന് ഉപനായകന്‍ രോഹിത് ശര്‍മ ഉള്‍പ്പെടെയുള്ളവര്‍ ഉന്നയിച്ച വാദങ്ങളെ തള്ളിയാണ് സച്ചിന്റെ വാക്കുകള്‍. 

ധോനി അഞ്ചാമത് ബാറ്റ് ചെയ്യണം. ടീം കോമ്പിനേഷന്‍ എങ്ങനെയാണ് എന്ന് എനിക്കറിയില്ല. എന്നാല്‍, രോഹിത്-ധവാന്‍ എന്നിവര്‍ ഓപ്പണിങ്ങിലും, കോഹ് ലി മൂന്നാമതും, നാലാമത് ആരായാലും, അഞ്ചാമത് ധോനി ഇറങ്ങണം. ധോനിക്ക് പിന്നാലെ ഹര്‍ദിക് പാണ്ഡ്യയും. ഇഎസ്പിഎന്‍ ക്രിക്ഇന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സച്ചിന്റെ വാക്കുകള്‍. 

ധോനിയെ അഞ്ചാമനായി ഇറക്കുന്നതിലൂടെ അവസാനം വരെ നില്‍ക്കാന്‍ അദ്ദേഹത്തിനാവും. മാത്രമല്ല, ഹര്‍ദിക്കിന് ഒപ്പം ചേര്‍ന്ന് അടിച്ചു കളിക്കാനും സാധിക്കുമെന്നും സച്ചിന്‍ പറയുന്നു. രോഹിത്തിന് പുറമെ ധോനിയെ നാലാം സ്ഥാനത്ത് ബാറ്റ് ചെയ്യിക്കണം എന്ന നിര്‍ദേശം ഇന്ത്യന്‍ മുന്‍ താരം അനില്‍ കുംബ്ലേയും പ്രകടിപ്പിച്ചിരുന്നുന. ധോനിക്ക് നിലയുറപ്പിക്കാന്‍ ഇത് സമയം നല്‍കും എന്നതാണ് തന്റെ വാദത്തെ ന്യായീകരിച്ച് കുംബ്ലേ പറഞ്ഞത്. 

2016ല്‍ ധോനി നാലാം സ്ഥാനത്ത് ബാറ്റ് ചെയ്തിട്ടുണ്ട്. പിന്നീട് 5,6 എന്നീ ബാറ്റിങ് പൊസിഷനിലേക്ക് ധോനി ഇറങ്ങി. ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന്റെ സമയത്തും ധോനി നാലാം സ്ഥാനത്ത് ബാറ്റ് ചെയ്തിരുന്നു. മൂന്നാം ഏകദിനത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ നാലാമനായി ഇറങ്ങിയ ധോനി 114 പന്തില്‍ നിന്നും 87 റണ്‍സ് നേടി. അന്ന് ഇന്ത്യ 7 വിക്കറ്റിന്റെ ജയവും പിടിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com