സ്‌കോര്‍ 500 കടത്താനുള്ള ഭ്രാന്ത് ഇംഗ്ലണ്ടിനാണ്, മറ്റാരേക്കാളും മുന്‍പ് അവര്‍ക്ക് അത് സ്വന്തമാക്കണം;കോഹ് ലി പറയുന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th May 2019 10:16 AM  |  

Last Updated: 24th May 2019 10:16 AM  |   A+A-   |  

england65

 

മറ്റൊരു ടീം എത്തിപ്പിടിക്കുന്നതിന് മുന്‍പ് ഏകദിനത്തില്‍ ആദ്യമായി 500 റണ്‍സ് പിന്നിടുക എന്നതാണ് ഇംഗ്ലണ്ടിന്റെ ലക്ഷ്യമെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി. നിലവില്‍, ഏകദിന ക്രിക്കറ്റിലെ ഏറ്റവും വലിയ സ്‌കോര്‍ ഇംഗ്ലണ്ടിന്റെ പേരിലാണ്. ഓസ്‌ട്രേലിയയ്‌ക്കെതിരെ കഴിഞ്ഞ വര്‍ഷം അവര്‍ നേടിയ 481 റണ്‍സ്. 

ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാരുടെ ഫോമുംം, ഇംഗ്ലണ്ടിലെ സാഹചര്യങ്ങളും കണക്കിലെടുക്കുമ്പോള്‍ ലോകകപ്പില്‍ കൂറ്റന്‍ സ്‌കോറുകള്‍ പിറക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ലോകകപ്പിന് തൊട്ടുമുന്‍പ് നടന്ന പാകിസ്താനെതിരായ പരമ്പരയില്‍ 4-0നാണ് ഇംഗ്ലണ്ട് സന്ദര്‍ശകരെ ചുരുട്ടിക്കെട്ടിയത്. അതാവട്ടെ എല്ലാ മത്സരങ്ങളും 300ന് മുകളില്‍ സ്‌കോര്‍ ചെയ്തവ ആയിരുന്നു. 

മാധ്യമങ്ങളെ കാണവെ ഇന്ത്യന്‍ നായകന്റെ നേര്‍ക്കും ഇത് സംബന്ധിച്ച ചോദ്യമെത്തി. ഈ ലോകകപ്പില്‍ 500 റണ്‍സ് എന്നത് മറികടക്കുമോ എന്നായിരുന്നു ചോദ്യം. അത് ഇംഗ്ലണ്ട് കളിക്കാരെ ആശ്രയിച്ചിരിക്കും എന്നായിരുന്നു കോഹ് ലിയുടെ മറുപടി. മറ്റാരേക്കാളും മുന്‍പ് 500 റണ്‍സ് മറികടക്കണം എന്നതാണ് ഇംഗ്ലണ്ടിന്റെ ആഗ്രഹമെന്ന് ഇംഗ്ലണ്ട് നായകന്‍ മോര്‍ഗനെ ചൂണ്ടി കോഹ് ലി പറഞ്ഞു. 

ലോകകപ്പില്‍ റണ്‍സ് ഒഴുകും. എന്നാല്‍, ലോകകപ്പ് കളിക്കുന്നു എന്ന സമ്മര്‍ദ്ദത്തില്‍ 260-270 റണ്‍സ് ചെയ്‌സ് ചെയ്യുക എന്നത് തന്നെ ബുദ്ധിമുട്ടാവും. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ ചിലപ്പോള്‍ ഏതെങ്കിലും ടീം വലിയ സ്‌കോര്‍ കണ്ടെത്തിയേക്കും. എന്നാല്‍ പിന്നീടങ്ങോട്ട് 250 റണ്‍സ് എന്നതെല്ലാം പ്രതിരോധിക്കേണ്ടി വരും. ലോകകപ്പ് നല്‍കുന്ന സമ്മര്‍ദ്ദം അത്രമാത്രമാണെന്നും കോഹ് ലി ചൂണ്ടിക്കാണിക്കുന്നു.