അതിലും വലിയ വേദനയുണ്ടായിട്ടില്ല; 2011ലെ ലോകകപ്പ് ടീമില്‍ നിന്നും ഒഴിവാക്കിയത് ഇപ്പോഴും വേദനിപ്പിക്കുന്നുവെന്ന് രോഹിത് ശര്‍മ

ലോകകപ്പ് കളിക്കുക, ലോകകപ്പ് ടീമില്‍ ഭാഗമാവുക, കിരീടം നേടുക...വളര്‍ന്നു വരുന്ന ഏതൊരു യുവതാരവും അതാവും സ്വപ്‌നം കാണുക
അതിലും വലിയ വേദനയുണ്ടായിട്ടില്ല; 2011ലെ ലോകകപ്പ് ടീമില്‍ നിന്നും ഒഴിവാക്കിയത് ഇപ്പോഴും വേദനിപ്പിക്കുന്നുവെന്ന് രോഹിത് ശര്‍മ

മൂന്നാം വട്ടം ലോക കിരീടം ഇന്ത്യയിലേക്കെത്തണം. ഇംഗ്ലണ്ടില്‍ ആവേശപ്പോര് ഉയരുമ്പോള്‍ ആരാധകര്‍ക്ക് ആ ഒരൊറ്റ ചിന്തയേ ഉണ്ടാവു. എന്നാല്‍, ആരാധകരേക്കാള്‍ ലോകകിരീടം സ്വന്തമാക്കാനുള്ള ആഗ്രഹം ഇന്ത്യന്‍ ഉപനായകനിലുണ്ടാവും. കാരണം, 2011ല്‍ ഇന്ത്യന്‍ ടീം ലോകകപ്പില്‍ മുത്തമിട്ടപ്പോള്‍ രോഹിത് ശര്‍മ ടീമിലുണ്ടായിരുന്നില്ല. 

2007ല്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചെങ്കിലും 2011 ലോകകപ്പില്‍ രോഹിത്തിന് ഇടം നേടാനായില്ല. 2015 ലോകകപ്പില്‍ രോഹിത് ഇന്ത്യയുടെ ലോകകപ്പ് ടീമിനൊപ്പം ഉണ്ടായെങ്കിലും സെമിയില്‍ ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു. ഇംഗ്ലണ്ട് ലോകകപ്പ് ഒരുപക്ഷേ രോഹിത് ശര്‍മയുടെ അവസാനത്തേതാവും. ഈ അവസരം രോഹിത് എങ്ങനെ വിനിയോഗിക്കുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. 

എന്നാല്‍ 2019 ലോകകപ്പ് എത്തി നില്‍ക്കുമ്പോള്‍ പോലും, 2011ലെ ലോകകപ്പ് ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടതിന്റെ വേദന ഇപ്പോഴും തന്നിലുണ്ടെന്നാണ് രോഹിത് പറയുന്നത്. രാജ്യത്തിന് വേണ്ടി ലോകകപ്പ് ജയിക്കുക സ്വപ്‌നം കണ്ടാണ് ഞാനും വളര്‍ന്നത്. അതാണ് ഏറ്റവും വലിയ സ്വപ്നം. ലോകകപ്പ് കളിക്കുക, ലോകകപ്പ് ടീമില്‍ ഭാഗമാവുക, കിരീടം നേടുക...വളര്‍ന്നു വരുന്ന ഏതൊരു യുവതാരവും അതാവും സ്വപ്‌നം കാണുക. എന്റേതും അതേ സ്വപ്‌നം തന്നെയായിരുന്നു. 

നമ്മളിലുള്ള നിരാശയിലും നമ്മള്‍ ആഗ്രഹിക്കുന്ന ശാന്തത കൊണ്ടുവരാനാവണം. ഏറ്റവും മികച്ച രീതിയില്‍ ഇവിടെ കളിക്കണം എങ്കില്‍ ശാന്തതയാണ് നിങ്ങള്‍ക്ക് വേണ്ടത്. നിരാശയുടെ സൂചനകള്‍ ഞാന്‍ ഇടയ്ക്ക് നല്‍കിയിട്ടുണ്ട്. എന്റെ പദ്ധതികളില്‍ നിന്നും ഞാന്‍ പിന്നോട്ടു പോയിട്ടുണ്ട്. ഒരുപാട് വട്ടം അങ്ങനെ സംഭവിച്ചു. മാനസികാവസ്ഥയില്‍ വന്ന പ്രശ്‌നങ്ങളും, ഫോമിലെ പ്രശ്‌നങ്ങളും നിരാശയിലേക്കെത്തിച്ചുവെന്നും രോഹിത് പറയുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com