ഈ മൂന്ന് താരങ്ങളെ സിദാന് കിട്ടിയാല്‍ പിന്നെയവരെ പിടിച്ചാല്‍ കിട്ടില്ല, അടുത്ത സീസണിന് വേണ്ടി റയല്‍ കച്ചകെട്ടുകയാണ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th May 2019 11:55 AM  |  

Last Updated: 24th May 2019 11:55 AM  |   A+A-   |  

maxresdefault_(4)

റയല്‍ ആരാധകര്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത സീസണാണ് അവസാനിക്കുന്നത്. കിരീടങ്ങളെല്ലാം അകന്ന് പോയ സീസണ്‍...എല്‍ ക്ലാസിക്കേയില്‍ തുടര്‍ തോല്‍വികള്‍ നേരിട്ട സീസണ്‍. ഈ സീസണ്‍ ആവര്‍ത്തിക്കാതിരിക്കാനാവും ഇനി റയല്‍ ശ്രമിക്കുകയെന്ന് വ്യക്തം. ടീമിനെ ശക്തിപ്പെടുത്താന്‍ വരുന്ന ട്രാന്‍സ്ഫര്‍ വിപണി എങ്ങനെ റയല്‍ ഉപയോഗിക്കുമെന്നതും ഫുട്‌ബോള്‍ ലോകത്തിന് ആകാംക്ഷ നല്‍കുന്നു. 

സിദാന് കീഴില്‍ ഉയര്‍ത്തെഴുന്നേറ്റ് വരാന്‍ പുതിയ ചില മുഖങ്ങള്‍ റയലിലേക്ക് എത്തിയേ മതിയാവു. അങ്ങനെ, റയലിന്റെ റഡാറിന് കീഴിലുള്ള 3 കളിക്കാരുണ്ട്. ഇവരെത്തിയാല്‍ അടുത്ത സീസണില്‍ റയലിനെ പിടിച്ചാല്‍ കിട്ടില്ലെന്ന് വ്യക്തമാവും കടലാസിലെ കണക്കുകള്‍ നോക്കിയാല്‍. 

വിപണി കുലുക്കി എംബാപ്പെ എത്തും?

20ാം വയസില്‍ ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിക്കുന്ന ട്രാന്‍സ്ഫറാണ് എംബാപ്പെയ്ക്ക് മുന്നില്‍ വന്ന് നില്‍ക്കുന്നത്. പ്രായത്തില്‍ കവിഞ്ഞ പക്വത കളിക്കളത്തില്‍ ഈ ലോകകപ്പ് ജേതാവ് കാണിച്ചു കഴിഞ്ഞു. നെയ്മറിന്റേയും, കവാനിയുടേയും അഭാവത്തില്‍ എംബാപ്പെയായിരുന്നു പിഎസ്ജിക്ക് എല്ലാം. 32 ഗോളുകളാണ് ഫ്രഞ്ച് ലീഗ് വണ്ണില്‍ എംബാപ്പെ അടിച്ചു കൂട്ടിയത്. 

മറ്റൊരു സീസണില്‍ കൂടി പിഎസ്ജിയില്‍ തുടരാന്‍ എംബാപ്പെ തയ്യാറായേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. സിദാന് എംബാപ്പെയോടുള്ള താത്പര്യവും, റയല്‍ മുന്നില്‍ വയ്ക്കുന്ന കൂറ്റന്‍ തുകയും എംബാപ്പെയെ റയലില്‍ എത്തിച്ചേക്കും. എംബാപ്പെ എത്തുന്നത് റയലിനെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് വ്യക്തം. 

ഹസാര്‍ഡിന്റെ മോഹം പൂവണിയുമോ? 

എല്ലാ ട്രാന്‍സ്ഫര്‍ വിപണികളിലും ഹസാര്‍ഡിന്റെ പേരുണ്ടാവും. ഹസാര്‍ഡ് റയലിലേക്ക് ചേക്കേറുന്നത് സംബന്ധിച്ച റിപ്പോര്‍ട്ടുകളുണ്ടാവും. കഴിഞ്ഞ നാല് വര്‍ഷമായി ഇങ്ങനെയാണ് പതിവ്. എന്നാല്‍ ഈ വര്‍ഷം റിപ്പോര്‍ട്ടുകള്‍ സത്യമാക്കി ഹസാര്‍ഡ് റയലിലേക്ക് ചേക്കേറാനുള്ള സാധ്യതകള്‍ കൂടുതലാണ്. 

ക്രിസ്റ്റിയാനോയുടെ സാന്നിധ്യമാണ് നേരത്തെ റയലിലേക്കുള്ള ഹസാര്‍ഡിന്റെ വരവ് മുടക്കിയിരുന്നത്.  നിലവില്‍ ആ സാഹചര്യമില്ല. മാത്രമല്ല, ചെല്‍സിയുമായുള്ള കരാറിന്റെ അവസാന ഘട്ടത്തിലാണ് ഹസാര്‍ഡ് ഇപ്പോള്‍. കരിയറിലെ മികച്ച ഫോമിലാണ് ഹസാര്‍ഡ്. തന്റെ ടീമിനെ റഷ്യയില്‍ മൂന്നാം സ്ഥാനത്തെത്തിച്ചു. റഷ്യയില്‍ നിന്നും സില്‍വര്‍ ബോളുമായി മടങ്ങി. പ്രീമിയര്‍ ലീഗിലെ ഏറ്റവും മികച്ച ഗോളോടെ സീസണ്‍ അവസാനിപ്പിക്കുന്നു. റയലിലേക്ക് ഹസാര്‍ഡ് എത്തിയാല്‍ ടീമിനത് പുത്തനുണര്‍വ് നല്‍കുമെന്നുറപ്പാണ്.

ബുണ്ടസ് ലീഗയില്‍ നിന്ന് ലുക

ഗോള്‍ വലയ്ക്ക് മുന്‍പില്‍ പരുങ്ങുന്ന റയലിനെയാണ് ഈ സീസണില്‍ കണ്ടത്. സീസണില്‍ ഒരു സമയം 400 മിനിറ്റില്‍ ഒരു ഗോള്‍ പോലും നേടാനാവാത്ത അവസ്ഥയില്‍ റയലിന് നില്‍ക്കേണ്ടി വന്നു. രണ്ട് ദശകത്തിന് ഇടയിലെ ഏറ്റവും കുറവ് ഗോളാണ് ലാലീഗയില്‍ ഇത്തവണ അവരടിച്ചത്, 64. പരാജയപ്പെട്ട മുന്നേറ്റ നിരയിലേക്ക് ബുണ്ടസ് ലീഗയില്‍ മികവ് കാണിക്കുന്ന സെര്‍ബിയന്‍ താരം ലുക യോവിക്കിനെ എത്തിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. 

ഫ്രാങ്ക്ഫര്‍ട്ട് അടുത്ത സീസണിലെ യൂറോപ്പ ലീഗിന് യോഗ്യത നേടിയപ്പോള്‍ ടീമിന് വേണ്ടി 17 വട്ടമാണ് താരം വല കുലുക്കിയത്. സീസണില്‍ 27 എല്ലാ ടൂര്‍ണമെന്റുകളിലുമായി 27 വട്ടമാണ് ലുക വല കുലുക്കിയത്. റയലിന് വേണ്ടി സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ സ്‌കോര്‍ ചെയ്ത ബെന്‍സെമയേക്കാള്‍ കൂടുതലാണിത്.