ജോലിഭാരം ഇന്ത്യന്‍ താരങ്ങളുടെ നടുവൊടിച്ചു? ഏറ്റവും കൂടുതല്‍ പണിയെടുത്തത് ഇന്ത്യന്‍ കളിക്കാര്‍, അതില്‍ എല്ലുമുറിയെ പണിതത് രോഹിത്തും കോഹ് ലിയും

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ മേല്‍ അമിത ജോലിഭാരം വീണിരുന്നു എന്നത് ലോകകപ്പ് മുന്നില്‍ വന്ന് നില്‍ക്കുന്ന സമയം നമുക്ക് ആശങ്ക നല്‍കുന്നതാണ്..
ജോലിഭാരം ഇന്ത്യന്‍ താരങ്ങളുടെ നടുവൊടിച്ചു? ഏറ്റവും കൂടുതല്‍ പണിയെടുത്തത് ഇന്ത്യന്‍ കളിക്കാര്‍, അതില്‍ എല്ലുമുറിയെ പണിതത് രോഹിത്തും കോഹ് ലിയും

എത്രമാത്രം ജോലിഭാരമാണ് ലോകകപ്പിന് മുന്‍പ് ഇന്ത്യന്‍ സംഘത്തിന് നേരിടേണ്ടി വന്നത്? ലോകകപ്പ് മുന്നില്‍ കണ്ട് മത്സരങ്ങള്‍ ക്രമീകരിക്കുന്നതില്‍ ഇന്ത്യയ്ക്ക് പിഴച്ചു? ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ മേല്‍ അമിത ജോലിഭാരം വീണിരുന്നു എന്നത് ലോകകപ്പ് മുന്നില്‍ വന്ന് നില്‍ക്കുന്ന സമയം നമുക്ക് ആശങ്ക നല്‍കുന്നതാണ്..

ഇന്ത്യയുടെ ആദ്യ ലോകകപ്പ് മത്സരം തുടങ്ങുന്നതിന് മൂന്ന് ആഴ്ച മുന്‍പും, ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരം തുടങ്ങുന്നതിന് രണ്ടാഴ്ച മുന്‍പും ഐപിഎല്‍ അവസാനിച്ചു. പക്ഷേ ഐപിഎല്ലിന് മുന്‍പും തിരക്കേറിയ കളി ദിവസങ്ങളായിരുന്നു ഇന്ത്യയ്ക്ക് കഴിഞ്ഞ ഒന്നര വര്‍ഷമായി. 2018ന്റെ തുടക്കം മുതല്‍ ലോകകപ്പിനുള്ള ആദ്യ സംഘത്തെ പ്രഖ്യാപിക്കുന്ന 2019 ഏപ്രില്‍ 23 വരെ ഇന്ത്യയാണ് ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച ടീം. 

ഈ സമയം ഇന്ത്യ 72 മത്സരങ്ങള്‍ കളിച്ചപ്പോള്‍, 61 മത്സരങ്ങളുമായി പാകിസ്താനാണ് രണ്ടാമത്. 60 മത്സരങ്ങളുമായി ഓസീസ് മൂന്നാമതും. നാലാമത് ഇംഗ്ലണ്ടുമാണ്. ഇംഗ്ലണ്ട് പക്ഷേ കൂടുതല്‍ ശ്രദ്ധ നല്‍കിയത് ടെസ്റ്റിനും ഏകദിനത്തിനുമാണ്. ഏറ്റവും കുറവ് ട്വന്റി20 കളിച്ച ടീം ഇംഗ്ലണ്ടാണ്. 

ഇന്ത്യയാണ് ഏറ്റവും കൂടുതല്‍ ഏകദിന മത്സരങ്ങള്‍ കളിച്ച ടീം(33). മറ്റ് ടീമുകള്‍ 23-29 ഏകദിനങ്ങള്‍ കളിച്ച സ്ഥാനത്താണ് ഇന്ത്യ 33 എണ്ണം കളിച്ചത്. വെസ്റ്റ് ഇന്‍ഡീസും, ബംഗ്ലാദേശുമാണ് ഏറ്റവും കുറവ് ഏകദിനങ്ങള്‍ കളിച്ചത്(23).

ശ്രീലങ്കയും ഇംഗ്ലണ്ടുമാണ് ഏറ്റവും കൂടുതല്‍ ടെസ്റ്റ് കളിച്ചത്,16. ഇന്ത്യ കളിച്ചത് 15 ടെസ്റ്റും. ഏറ്റവും കൂടുതല്‍ ട്വന്റി20 കളിച്ചത് ഇന്ത്യയാണ്. 24 എണ്ണം. 22 ട്വന്റി20 കളിച്ച പാകിസ്താനും, 21 ട്വന്റി20 കളിച്ച ഓസ്‌ട്രേലിയയുമാണ് പിന്നില്‍. 

ശിഖര്‍ ധവാനാണ് ഇന്ത്യയ്ക്ക് വേണ്ടി ഈ സമയം ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ചത്. ആറ് ടെസ്റ്റ്, 32 ഏകദിനങ്ങള്‍, 22 ട്വന്റി20 എന്നിങ്ങനെയാണ് ധവാന്റെ കണക്ക്. അതും ഇന്ത്യയുടെ ടോപ് ഓഡറിലാണെന്ന് ഓര്‍ക്കണം. 60 മത്സരം കളിച്ച ധവാന്‍ നേടിയത് 2385 റണ്‍സ്. 59 മത്സരങ്ങള്‍ കളിച്ച് രോഹിതാണ് ധവാന് തൊട്ടുപിന്നിലുള്ളത്. ധവാനേക്കാള്‍ കൂടുതല്‍ റണ്‍സ് കണ്ടെത്താന്‍ രോഹിത്തിനായി. 45.44 ശരാശരിയില്‍ 2454 റണ്‍സാണ് രോഹിത് നേടിയത്. 

51 മത്സരങ്ങളാണ് കോഹ് ലി ഈ സമയം കളിച്ചത്. 14 ടെസ്റ്റ്, 25 ഏകദിനം, 12 ട്വന്‍്‌റി20. ഇവിടെ 14 സെഞ്ചുറികളുടെ അകമ്പടിയോെേടാ 65.37 എന്ന ബാറ്റിങ് ശരാശരിയില്‍ കോഹ് ലി 3465 റണ്‍സ് അടിച്ചു കൂട്ടി. നിദാഹസ് ട്രോഫി, ഏഷ്യാ കപ്പ്, വിന്‍ഡിസിനെതിരായ ട്വന്റി20, കീവീസിനെതിരായ രണ്ട് ഏകദിനം, മൂന്ന് ട്വന്റി20 എന്നിവയില്‍ കോഹ് ലിക്ക് വിശ്രമം അനുവദിച്ചിരുന്നു. മുഹമ്മദ് ഷമി(26)കേദാര്‍ ജാദവ്(22), ജഡേജ(23) വിജയ് ശങ്കര്‍(18) എന്നിവരാണ് ഏറ്റവും കുറവ് മത്സരങ്ങള്‍ കളിച്ചവര്‍. 

ധവാന് പിന്നില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരം ഇംഗ്ലണ്ടിന്റെ റൂട്ടും പാകിസ്താന്റെ സര്‍ഫ്രാസുമാണ്. 51 മത്സരങ്ങള്‍ വീതമാണ് ഇവര്‍ കളിച്ചത്. ബൗളര്‍മാരിലേക്ക് വരുമ്പോള്‍ ഭുവനേശ്വര്‍ കുമാറിനെയാണ് ഇന്ത്യ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചത്. 40 കളികളിലാണ് ഭുവി ഇറങ്ങിയത്. ബൂമ്രയാവട്ടെ 38 കളികളിലും. ബൂമ്രയേക്കാള്‍ കൂടുതല്‍ മത്സരം കളിച്ചത് ഭുവിയാണെങ്കിലും ഓവറുകള്‍ കൂടുതല്‍ എറിഞ്ഞത് ബൂമ്രയാണ്. ഭുവി ഇന്ത്യയുടെ വിദേശ ടെസ്റ്റുകളില്‍ പലതിലും ഉള്‍പ്പെട്ടിരുന്നില്ല. 

591 ഓവറുകളാണ് ബൂമ്ര എറിഞ്ഞത്. 89 വിക്കറ്റ് വീഴ്ത്തി. ഭുവിയാവട്ടെ 301.5 ഓവറും 55 വിക്കറ്റും. ഹര്‍ദിക്കാണ് മൂന്നാമതുള്ളത്. 258 ഓവറാണ് ഹര്‍ദിക് ബൗള്‍ ചെയ്തത്. വീഴ്ത്തിയത് 35 വിക്കറ്റ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com