ഇന്ത്യയ്ക്ക് ആശങ്ക, രണ്ട് മധ്യനിര ബാറ്റ്‌സ്മാന്‍മാര്‍ പരിക്കിന്റെ പിടിയില്‍, ബാക്ക്അപ്പ് താരങ്ങളെ കളിപ്പിച്ചേക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th May 2019 10:22 AM  |  

Last Updated: 25th May 2019 10:40 AM  |   A+A-   |  

vijaydhoni

ലോകകപ്പിലെ തങ്ങളുടെ ആദ്യ സന്നാഹ മത്സരത്തിന് ഇറങ്ങുന്നതിന് മണിക്കൂറുകള്‍ മാത്രം മുന്‍പ് ഇന്ത്യയ്ക്ക് തിരിച്ചടി. പരിക്കിന്റെ പിടിയില്‍ നില്‍ക്കുന്ന കേദാര്‍ ജാദവ് ആദ്യ സന്നാഹ മത്സരത്തിന് ഇറങ്ങാനുള്ള സാധ്യതകള്‍ വിരളമായി നില്‍ക്കുമ്പോള്‍, വിജയ് ശങ്കറിന് കൂടി പരിക്കേറ്റിരിക്കുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. 

ജാദവിനും വിജയ് ശങ്കറിനും കളിക്കാനായില്ലെങ്കില്‍ ലോകകപ്പിലെ ഔദ്യോഗിക മത്സരങ്ങള്‍ ആരംഭിക്കുന്നതിന് മുന്‍പ് ടീം കോമ്പിനേഷന്‍ രൂപീകരിക്കുന്നതില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയാവും. രണ്ട് മധ്യനിര താരങ്ങള്‍ക്ക് പരിക്കേറ്റിരിക്കുന്നതോടെ കെ.എല്‍.രാഹുലിന് പ്ലേയിങ് ഇലവനില്‍ ഇടം ലഭിച്ചേക്കും. ബാക്ക് അപ്പ് ഓപ്പണറായിട്ടാണ് രാഹുലിനെ ടീമില്‍ ഉള്‍പ്പെടുത്തിയത് എങ്കിലും നിലവിലെ സാഹചര്യത്തില്‍ രാഹുലിനെ നാലാം സ്ഥാനത്ത് ഇറക്കാനാണ് സാധ്യത. 

വെള്ളിയാഴ്ച നെറ്റ്‌സില്‍ പരിശീലനത്തിന് ഏര്‍പ്പെടെവെയാണ് വിജയ്ക്ക് പരിക്കേറ്റത്. ഖലീല്‍ അഹ്മദിന്റെ ഡെലിവറിയില്‍ പുള്‍ ഷോട്ടിന് ശ്രമിക്കുകയായിരുന്നു വിജയ്. നെറ്റ്‌സില്‍ ഇന്ത്യയ്ക്കായി ബൗള്‍ ചെയ്യുന്ന സംഘത്തില്‍ ഖലീല്‍ അഹ്മദുമുണ്ട്. പുള്‍ ഷോട്ടിന് മുതിര്‍ന്ന വിജയിയുടെ ടൈമിങ് തെറ്റുകയും പന്ത് കയ്യില്‍ കൊള്ളുകയും ചെയ്തു. വേദന പ്രകടമാക്കിയാണ് വിജയ് ഗ്രൗണ്ട് വിട്ടത്. പരിക്കേറ്റ കൈകൊണ്ട് ബാറ്റ് പിടിക്കാന്‍ പോലും വിജയ്ക്ക് സാധിക്കുന്നുണ്ടായില്ല. 

ഇതോടെ ആദ്യ സന്നാഹ മത്സരത്തില്‍ നിന്നും വിജയ് ശങ്കറെ മാറ്റി നിര്‍ത്തിയേക്കുമെന്നാണ് സൂചന. കേദാര്‍ ജാദവ് പരിശീലനത്തിന് ഇറങ്ങിയെങ്കിലും മറ്റൊരു നെറ്റ്‌സില്‍, ടീം ഫിസിയോയുടെ നിരീക്ഷണത്തിലാണ് ജാദവ് പരിശീലനം നടത്തിയത്. ഇതോടെ ജാദവ് ആദ്യ സന്നാഹ മത്സരത്തിന് ഇറങ്ങിയേക്കില്ലെന്ന സൂചനയാണ് വരുന്നത്.