ഇന്ത്യയ്ക്ക് ആശ്വസിക്കാം, വിജയ് ശങ്കറുടെ പരിക്ക് ഗുരുതരമല്ലെന്ന് ബിസിസിഐ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th May 2019 05:28 PM  |  

Last Updated: 25th May 2019 05:28 PM  |   A+A-   |  

D7Z0OC-W4AA5KbW

രണ്ടാം സന്നാഹ മത്സരത്തിന് മുന്‍പ് ഇന്ത്യയ്ക്ക് ആശ്വാസം നല്‍കുന്ന വാര്‍ത്ത. പരിശീലനത്തിനിടെ ഓള്‍ റൗണ്ടര്‍ വിജയ് ശങ്കറുടെ വലത് കൈയ്‌ക്കേറ്റ പരിക്ക് ഗുരുതരമല്ലെന്ന് പരിശോധനയില്‍ വ്യക്തമായി. ചതവോ, എല്ലിന് പൊട്ടലോ ഏറ്റിട്ടില്ലെന്നാണ് സ്‌കാനിങ് റിപ്പോര്‍ട്ട്. 

വെള്ളിയാഴ്ച നെറ്റ്‌സില്‍ പരിശീലനത്തിന് ഏര്‍പ്പെടെവെയാണ് വിജയ് ശങ്കറിന്റെ വലത് കൈയ്ക്ക് പരിക്കേല്‍ക്കുന്നത്. ബിസിസിഐയുടെ മെഡിക്കല്‍ സംഘം പരിക്കില്‍ നിന്നും തിരിച്ചു വരുന്നതിന് വേണ്ട ചികിത്സ വിജയ് ശങ്കറിന് ഒരുക്കുന്നുണ്ടെന്ന് ബിസിസിഐ പ്രസ്താവനയില്‍ വ്യക്തമാക്കി. 

നെറ്റ്‌സില്‍ ഖലീല്‍ അഹ്മദിന്റെ ഡെലിവറി നേരിടവെയാണ് വിജയ്ക്ക് പരിക്കേല്‍ക്കുന്നത്. പുള്‍ ഷോട്ട് കളിക്കാനുള്ള വിജയ് ശങ്കറുടെ ടൈമിങ് പിഴച്ചപ്പോള്‍ പന്ത് വലത് കൈയ്യില്‍ വന്നടിച്ചു. ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരത്തില്‍ വിജയ് ശങ്കര്‍ കളിക്കുന്നില്ല. ബംഗ്ലാദേശിനെതിരായ രണ്ടാം സന്നാഹ മത്സരത്തിലും വിജയ് കളിക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്. 

വിജയ് ശങ്കറിന്റേയും, കേദാര്‍ ജാദവിന്റേയും അഭാവത്തില്‍ ദിനേശ് കാര്‍ത്തിക്കിനേയും, കെ.എല്‍.രാഹുലിനേയുമാണ് ഇന്ത്യ ആദ്യ സന്നാഹ മത്സരത്തിന് ഇറക്കിയത്. എന്നാല്‍ കിട്ടിയ അവസരം മുതലെടുത്ത് കളിക്കാന്‍ ഇരുവര്‍ക്കുമായില്ല. രാഹുല്‍ ആറ് റണ്‍സിന് പുറത്തായപ്പോള്‍ കാര്‍ത്തിക് നാല് റണ്‍സ് എടുത്ത് വിക്കറ്റ് കളഞ്ഞു.