ബാറ്റ്‌സ്മാന്‍ കാണുന്ന അതേ രീതിയില്‍ ധോനിക്ക് വിലയിരുത്താം, കോഹ് ലിക്ക് ധോനി നല്‍കുന്ന നിര്‍ദേശങ്ങള്‍ നിര്‍ണായകമാകുമെന്നും സച്ചിന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th May 2019 12:47 PM  |  

Last Updated: 25th May 2019 12:47 PM  |   A+A-   |  

dhoniworldcup

 

 

ഐപിഎല്ലിലെ പ്രകടനവും ഇന്ത്യയ്ക്ക് വേണ്ടി രാജ്യാന്തര ക്രിക്കറ്റില്‍ നടത്തുന്ന പ്രകടനവും തമ്മില്‍ താരതമ്യം ചെയ്യരുതെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. കോഹ് ലിയുടെ ഐപിഎല്‍ ക്യാപ്റ്റന്‍സിയെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു സച്ചിന്‍. 

രണ്ടും രണ്ട് ഫോര്‍മാറ്റാണ്. ഐപിഎല്‍ ട്വന്റി20 ലീഗും, വിദേശ കളിക്കാര്‍ ഉള്‍പ്പെട്ട ടീമുമാണ്. ഇന്ത്യയ്ക്ക് വേണ്ടി കളിക്കുമ്പോള്‍ നമ്മുടെ സഹതാരങ്ങളാണ് ടീമിലുള്ളത്. അതിനാല്‍ ഐപിഎല്ലിലേയും ഇന്ത്യയ്ക്ക് വേണ്ടിയുള്ള പ്രകടനത്തേയും തമ്മില്‍ താരതമ്യം ചെയ്യരുത്. ആത്മാര്‍ഥമായാണ് കോഹ് ലി നായകത്വത്തിലെ കര്‍ത്തവ്യങ്ങള്‍ നിറവേറ്റുന്നതെന്നും സച്ചിന്‍ പറഞ്ഞു. 

ബാറ്റ്‌സ്മാന്‍ എങ്ങനെയാണോ ക്രീസില്‍ നിന്നും ഗ്രൗണ്ടിനെ നോക്കിക്കാണുന്നത് അതുപോലെ കാണാന്‍ വിക്കറ്റിന് പിന്നില്‍ നിന്നും ധോനിക്ക് സാധിക്കും. പന്ത് ബാറ്റിലേക്ക് വരുന്നുണ്ടോ, പിച്ചിന്റെ സ്വഭാവം എന്നീ കാര്യങ്ങളില്‍ വിക്കറ്റിന് പിന്നില്‍ നിന്നും ധോനിക്ക് വിലയിരുത്തല്‍ നടത്താനാവും. അങ്ങനെ ബൗളര്‍ക്കും നായകനും ധോനി നല്‍കുന്ന നിര്‍ദേശങ്ങള്‍ ലോകകപ്പില്‍ ഇന്ത്യയ്ക്ക് നിര്‍ണായകമാവുമെന്നും സച്ചിന്‍ ചൂണ്ടിക്കാണിക്കുന്നു. 

2011ല്‍ ലോക കിരീടം നേടിയതിന് പുറമെ, തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മറ്റൊരു ലോകകപ്പ് ഓര്‍മയെ കുറിച്ചും സച്ചിന്‍ പറയുന്നു. 2003 ലോകകപ്പിലെ പാകിസ്താനെതിരായ സെഞ്ചുറിയനിലെ മത്സരത്തെ ഇന്ത്യ കൈകാര്യം ചെയ്ത വിധമാണ് ഒരിക്കലും മറക്കാനാവാത്തത്. പാകിസ്താനെ നേരിടാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞ വിധം, പാകിസ്താനെതിരെ നമ്മള്‍ കളിച്ച വിധം, പാകിസ്താനെ തോല്‍പ്പിച്ച വിധം, ആ ജയം ആഘോഷിച്ച വിധമെല്ലാം മറക്കാനാവാത്തതാണ്. രാജ്യം മുഴുവന്‍ ആ ജയം ആഘോഷിച്ചുവെന്നും സച്ചിന്‍ പറയുന്നു.