ചെല്‍സി ഫാനായ കോഹ് ലി ഹാരി കെയ്‌നിനൊപ്പം, ട്രോളുമായി അഭിഷേക് ബച്ചന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th May 2019 12:00 PM  |  

Last Updated: 25th May 2019 12:00 PM  |   A+A-   |  

abhishek

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ് ലിക്ക് ഒപ്പമുള്ള ഫോട്ടോയുമായിട്ടാണ് ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീം നായകന്‍ ഹാരി കെയിന്‍ സമൂഹ മാധ്യമങ്ങളിലെത്തിയത്. ക്രിക്കറ്റിലേയും ഫുട്‌ബോളിലേയും രണ്ട് സൂപ്പര്‍ താരങ്ങള്‍ ഒരുമിച്ച് വന്നത് ആരാധകരില്‍ കൗതുകം നിറച്ചതോടെ നിമിഷ നേരം കൊണ്ട് തന്നെ ഫോട്ടോ വൈറലായി. എന്നാല്‍ ഇതിന് ഇടയില്‍ വിരാട് കോഹ് ലിയെ ട്രോളുകയാണ് ബോളിവുഡ് താരം അഭിഷേക് ബച്ചന്‍. 

കഴിഞ്ഞ വര്‍ഷങ്ങളിലെ ഏതാനും ട്വീറ്റുകളിലൂടെയുള്ള സംഭാഷണത്തിന് ഒടുവില്‍ ഇപ്പോള്‍ നേരില്‍ കണ്ടിരിക്കുന്നു എന്ന് പറഞ്ഞാണ് കോഹ് ലിക്ക് ഒപ്പമുള്ള ഫോട്ടോ കെയിന്‍ പങ്കുവെച്ചത്. പിന്നാലെ കോഹ് ലിയും കെയ്‌നിന് ഒപ്പമുള്ള ഫോട്ടോയുമായെത്തി. ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കളിക്കുന്ന കെയ്‌നിന് കോഹ് ലി ആശംസയും നേര്‍ന്നു. എന്നാല്‍ കോഹ് ലി ചെല്‍സി ഫാന്‍ ആണെന്ന കാര്യം ഓര്‍മിപ്പിച്ച് ട്രോളുമായാണ് അഭിഷേക് ബച്ചന്‍ എത്തിയത്. 

വിരാട് എന്നെഴുതിയ ചെല്‍സി ജേഴ്‌സിയും പിടിച്ച് നില്‍ക്കുന്ന കോഹ് ലിയുടെ ഫോട്ടോയാണ് അഭിഷേക് ട്വീറ്റ് ചെയ്തത്. 2014ല്‍ തന്റെ ഫേസ്ബുക്ക് പേജില്‍ ചെല്‍സി ജേഴ്‌സിയുമായി നില്‍ക്കുന്ന തന്റെ ഫോട്ടോ കോഹ് ലി തന്നെ ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന്റെ സമയത്ത് സതാംപ്ടണ്‍ താരം ഡാനി ഇങ്‌സിന് ഒപ്പം കോഹ് ലി നില്‍ക്കുന്ന ഫോട്ടോ സതാംപ്ടണ്‍ തന്നെ ട്വീറ്റ് ചെയ്തിരുന്നു.