ലോക കിരീടം ആരാധകര്‍ക്ക് നേരെ ഉയര്‍ത്തി നില്‍ക്കുന്ന കപില്‍, ഏറെ ഇഷ്ടമുള്ള ഓര്‍മയാണ് അതെന്ന് സുനില്‍ ഗാവസ്‌കര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th May 2019 10:59 AM  |  

Last Updated: 25th May 2019 10:59 AM  |   A+A-   |  

lords

ലോര്‍ഡ്‌സ് ബാല്‍ക്കണിക്ക് കീഴില്‍ നിന്ന ആയിരക്കണക്കിന് വരുന്ന ഇന്ത്യന്‍ ആരാധകര്‍ക്ക് നേരെ കപില്‍ ദേവ് ആ ലോക കിരീടം ഉയര്‍ത്തി കാണിച്ചു...ഏറെ ഇഷ്ടപ്പെടുന്ന ഓര്‍മ അതാണെന്നാണ് അന്ന് ഇന്ത്യന്‍ സംഘത്തിനൊപ്പമുണ്ടായിരുന്നു സുനില്‍ ഗാവസ്‌കര്‍ പറയുന്നത്. 

1983ലെ ഇന്ത്യയുടെ കിരീട നേട്ടം യാദൃശ്ചികമായി സംഭവിച്ചതാണെന്ന് പറയുന്നവരുണ്ട്. അവരെ തെറ്റ് പറയാന്‍ പറ്റില്ല. 1983ന് മുന്‍പുള്ള ലോകകപ്പുകളില്‍ നമ്മുടെ പ്രകടനം നല്ലതായിരുന്നില്ല. ശക്തമായ ടീമായിരുന്നു വിന്‍ഡിസിന്റേത്. അവര്‍ക്ക് നമ്മുടെ ചെറിയ ടോട്ടല്‍ മറികടക്കാന്‍ സാധിച്ചില്ല എന്നത് വിശ്വസിക്കാനാവാത്ത വ്യക്തികള്‍ ഇപ്പോഴുമുണ്ട്, ഗാവസ്‌കര്‍ പറയുന്നു. 

വിവ് റിച്ചാര്‍ഡ്‌സിന്റെ വിക്കറ്റ് വീഴ്ത്താനായത് തന്നെയാണ് അന്നത്തെ ടേണിങ് പോയിന്റ്. പകരംവയ്ക്കാനില്ലാത്ത മാച്ച് വിന്നറാണ് റിച്ചാര്‍ഡ്‌സ്. റിച്ചാര്‍ഡ്‌സിന്റെ വിക്കറ്റ് വീഴ്ത്തിയതിന് ശേഷം മാത്രമാണ് ജയിക്കാന്‍ സാധിക്കുമെന്ന് ഞങ്ങള്‍ക്ക് തോന്നിത്തുടങ്ങിയത്. ലോര്‍ഡ്‌സില്‍ വീണ്ടും ലോകകപ്പ് ആവേശം വരുമ്പോള്‍, 1983, 2011 ലോകകപ്പ് ജേതാക്കളെ ലോര്‍ഡ്‌സില്‍ ഒരുമിച്ച് കൊണ്ടുവരാന്‍ ബിസിസിഐ ശ്രമിക്കണമെന്നും ഗാവസ്‌കര്‍ പറഞ്ഞു. 

ഇപ്പോഴത്തെ വിന്‍ഡിസ് സംഘത്തിന് എതിരാളികളെ അസ്വസ്ഥരാക്കാനുള്ള ശേഷിയുണ്ടെന്നും ഗാവസ്‌കര്‍ വിലയിരുത്തുന്നു. മടങ്ങിയെത്തുന്ന സ്റ്റീവ് സ്മിത്തും, ഡേവിഡ് വാര്‍ണറും രാജ്യാന്തര തലത്തില്‍ തങ്ങളുടെ തിരിച്ചു വരവ് തെളിയിക്കാന്‍ വേണ്ടി മികച്ച കളി പുറത്തെടുക്കാന്‍ ശ്രമിക്കും. അതുകൊണ്ട് തന്നെ ശ്രദ്ധയോടെ നോക്കേണ്ട ടീമുകളില്‍ ഒന്നാണ് ഓസ്‌ട്രേലിയ എന്നും അദ്ദേഹം പറഞ്ഞു.