സീസണിലെ ഇരുണ്ട സമയമായിരുന്നു അത്, ആന്‍ഫീല്‍ഡ് നല്‍കിയ പ്രഹരത്തില്‍ നിന്നും തിരികെ വരാനായിട്ടില്ലെന്ന് മെസി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th May 2019 11:32 AM  |  

Last Updated: 25th May 2019 11:32 AM  |   A+A-   |  

messi4

 

വലിയ ആഘാതമാണ് ലിവര്‍പൂള്‍ ഏല്‍പ്പിച്ചത്. അതില്‍ നിന്നും ഇതുവരെ തിരികെ വരാന്‍ സാധിച്ചിട്ടില്ലെന്ന് ബാഴ്‌സ സൂപ്പര്‍ താരം ലയണല്‍ മെസി. ഒരുപാട് ഒരുപാട് ഞെട്ടിക്കുന്നതായിരുന്നു ലിവര്‍പൂളിനെതിരായ കളിയെന്ന് മെസി പറയുന്നു. 

ഈ വര്‍ഷത്തെ ഏറ്റവും ബുദ്ധിമുട്ടേറിയ നിമിഷമായിരുന്നു അത്. സീസണിലെ ഏറ്റവും ഇരുണ്ട ദിനം. അതില്‍ നിന്നും തിരികെ വരിക എന്നതും വളരെ ബുദ്ധിമുട്ടേറിയതാണ്. ആന്‍ഫീല്‍ഡില്‍ സംഭവിച്ചതിലെ ഉത്തരവാദിത്വം ടീം ഒന്നാകെ ഏറ്റെടുക്കേണ്ടതാണ്. അല്ലാതെ കോച്ചിന് മാത്രമല്ല ഉത്തരവാദിത്വം എന്നും മത്സരത്തിന് മുന്‍പുള്ള പ്രസ് കോണ്‍ഫറന്‍സില്‍ മെസി പറഞ്ഞു. 

ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലിന്റെ ആദ്യ പാദത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് മുന്നിട്ട് നിന്നതിന് ശേഷമാണ് ആന്‍ഫീല്‍ഡിലെ രണ്ടാം പാദത്തില്‍ ബാഴ്‌സ തകര്‍ന്നടിഞ്ഞത്. നാല് ഗോളുകള്‍ ആന്‍ഫീല്‍ഡില്‍ റെഡ്‌സ് അടിച്ചു കൂട്ടിയപ്പോള്‍ ബാഴ്‌സയ്ക്കും സംഘത്തിനും മറുപടിയുണ്ടായില്ല. മുഹമ്മദ് സലയുടേയും ഫിര്‍മിനോയുടേയും അഭാവത്തിലും മികച്ച കളി പുറത്തെടുക്കാന്‍ ലിവര്‍പൂളിനായി. 

കഴിഞ്ഞ സീസണില്‍ റോമയോടും സമാനമായ രീതിയില്‍ തോല്‍വി നേരിട്ടായിരുന്നു ബാഴ്‌സ ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പുറത്തായത്. അന്നും മൂന്ന് ഗോളിന്റെ ലീഡുമായി രണ്ടാം പാദത്തിന് ബാഴ്‌സ ഇറങ്ങി. പക്ഷേ രണ്ടാം പാദത്തില്‍ കാറ്റലന്‍സിനെ റോമ തകര്‍ത്തു വിട്ടു.