സ്വിങ്ങിന് മുന്‍പില്‍ പരുങ്ങി ഇന്ത്യ, വന്നപാടെ മടങ്ങി ഓപ്പണര്‍മാര്‍ ; നാലാമനായി ഇറങ്ങിയ രാഹുലിനും രക്ഷയുണ്ടായില്ല; ആഞ്ഞടിച്ച് ട്രെന്റ് ബോള്‍ട്ട്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th May 2019 03:43 PM  |  

Last Updated: 25th May 2019 03:45 PM  |   A+A-   |  

swing54

സന്നാഹ മത്സരത്തില്‍ ഇന്ത്യയ്ക്ക് മോശം തുടക്കം. ന്യൂസിലാന്‍ഡിനെതിരെ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍മാരെ നഷ്ടമായി. ഓപ്പണര്‍മാര്‍ മടങ്ങിയതിന് പിന്നാലെ നാലാമനായി ക്രീസിലേക്കെത്തിയ കെ.എല്‍.രാഹുലും വേഗത്തില്‍ തന്നെ ഡ്രസിങ് റൂമിലേക്കെത്തി. ബോള്‍ട്ടാണ് ഇന്ത്യയുടെ മൂന്ന് മുന്‍നിര ബാറ്റ്‌സ്മാന്മാരേയും മടക്കിയത്. 

രണ്ട് റണ്‍സ് എടുത്ത് രോഹിത്തും, ധവാനും മടങ്ങിയതോടെ മൂന്ന് ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 10 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ. കോഹ് ലിക്കൊപ്പം കിട്ടിയ അവസരം മുതലെടുത്ത് കളിക്കാന്‍ രാഹുലിന് കഴിഞ്ഞില്ല. ഇതോടെ ആറ് ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 26 റണ്‍സ് എന്ന നിലയിലേക്ക് ഇന്ത്യ വീണു. 10 ബോളില്‍ നിന്നും ആറ് റണ്‍സ് എടുത്താണ് രാഹുല്‍ മടങ്ങിയത്. 

ഐപിഎല്ലിലെ മോശം ഫോം ലോകകപ്പ് സന്നാഹ മത്സരത്തിലും തുടരുകയായിരുന്നു രോഹിത് ശര്‍മ. ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് ബോള്‍ സ്വിങ ചെയ്യിച്ചും, ലൈനും ലെങ്തും പാലിച്ചും കീവീസ് ബൗളര്‍മാര്‍ തുടക്കത്തില്‍ തന്നെ കളിയില്‍ മുന്‍തൂക്കം നേടിയെടുക്കുന്നു. 

ട്രെന്റ് ബൗള്‍ട്ടിന്റെ സ്വിങ് ചെയ്‌തെത്തിയ ഡെലിവറിക്ക് മുന്നില്‍ രോഹിത് കുടുങ്ങുകയായിരുന്നു. റിവ്യു എടുത്തെങ്കിലും രോഹിത്തിന് രക്ഷയുണ്ടായില്ല. വിക്കറ്റ് വീഴ്ത്തിയ ഓവറില്‍ ട്രെന്റ് ബോള്‍ട്ട് വഴങ്ങിയത് ഒരു റണ്‍സ് മാത്രമാണ്. തന്റെ രണ്ടാമത്തെ ഓവര്‍ എറിയാനെത്തിയ ബോള്‍ട്ട് കീപ്പറുടെ കൈകളിലെത്തിച്ച് കീവീസിന് വീണ്ടും ഇടവേള നല്‍കി. സ്വിങ് ചെയ്‌തെത്തിയ ബോളാണ് ധവാനെ കുഴക്കിയത്. 

ഓവലിലെ പച്ച പുല്ല് നിറഞ്ഞ ക്രീസില്‍ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങള്‍ കീവീസ് ബൗളര്‍മാര്‍ വിനിയോഗിച്ചാല്‍ സന്നാഹ മത്സരത്തില്‍ ഇന്ത്യ വിയര്‍ക്കും..ജാദവും വിജയ് ശങ്കറും പരിക്കിന്റെ പിടിയില്‍ തുടരുന്നതിനെ തുടര്‍ന്ന് രാഹുലിനേയും ദിനേശ് കാര്‍ത്തിക്കിനേയും ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങുന്നത്.