ഇത്തവണ സാധ്യതാ പട്ടികയിലൊന്നുമില്ല; നിര്‍ഭാഗ്യത്തിന്റെ കടമ്പ കടക്കുമോ ദക്ഷിണാഫ്രിക്ക?

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th May 2019 04:52 PM  |  

Last Updated: 26th May 2019 04:52 PM  |   A+A-   |  

D4bo0JuX4AAOQQA

 

ലണ്ടന്‍: 'പരാജയപ്പെടുമെന്ന ഭയം ഇല്ലാതെ' കളിക്കാനിറങ്ങണമെന്ന് കഴിഞ്ഞ ദിവസമാണ് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡുപ്ലസിസ് തന്റെ ടീമംഗങ്ങളോട് പറഞ്ഞത്. വര്‍ണ വിവേചനത്തിന്റെ പേരില്‍ മാറ്റി നിര്‍ത്തപ്പെട്ട് 1992ലാണ് ദക്ഷിണാഫ്രിക്കന്‍ ടീം ആദ്യമായി ലോകകപ്പിനെത്തിയത്. അന്ന് മുതല്‍ കഴിഞ്ഞ ലോകകപ്പ് വരെ അവര്‍ മികച്ച ടീമുമായി തന്നെയാണ് കളിക്കാനെത്തുന്നതും. എന്നാല്‍ നിര്‍ഭാഗ്യവും അവസാന ഘട്ടത്തിലെ കണക്കെടുപ്പും ഒക്കെ കഴിയുമ്പോഴേക്കും അവര്‍ പുറത്തേക്കുള്ള വഴി വെട്ടിത്തുറന്നിട്ടുണ്ടാകും. 

ലോകകപ്പ് തുടങ്ങും മുന്‍പ് വന്‍ സാധ്യതകളാണ് ഓരോ തവണയും ദക്ഷിണാഫ്രിക്കയ്ക്ക് ചാര്‍ത്തി കിട്ടാറുള്ളത്. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് സംഭാവന ചെയ്ത ഏറ്റവും പ്രതിഭാ ശാലിയായ ബാറ്റ്‌സ്മാന്‍ എബി ഡിവില്ല്യേഴ്‌സടക്കമുള്ള താരങ്ങള്‍ അണിനിരന്ന കഴിഞ്ഞ ലോകകപ്പിലെ ടീം പോലും പക്ഷേ പാതി വഴിയില്‍ വീണു പോകുന്ന കാഴ്ചയാണ് ആരാധകര്‍ക്ക് കാണാന്‍ കഴിഞ്ഞത്. 

ഇത്തവണ പക്ഷേ ക്രിക്കറ്റ് പണ്ഡിതന്‍മാരൊന്നും കിരീട സാധ്യതയില്‍ ദക്ഷിണാഫ്രിക്കയുടെ പേര് പറയുന്നില്ല എന്നത് ശ്രദ്ധേയമാണ്. അതുകൊണ്ടു തന്നെ സമ്മര്‍ദ്ദമില്ലാതെ കളിക്കാനുള്ള അവസരമാണ് അവര്‍ക്ക് മുന്നില്‍ തുറന്നു കിട്ടുന്നത്. സമീപകാലത്ത് നടന്ന ഏകദിന പരമ്പരയില്‍ ശ്രീലങ്കയെ നിലംപരിശാക്കിയതിന്റെ ആത്മവിശ്വാസവും ദക്ഷിണാഫ്രിക്കയ്ക്കുണ്ട്. 

കരുത്ത്

വൈവിധ്യം നിറഞ്ഞ ബൗളിങ് കരുത്താണ് ദക്ഷിണാഫ്രിക്കയെ ഇത്തവണ വേറിട്ടു നിര്‍ത്തുന്ന പ്രധാന ഘടകം. വേഗം നിറഞ്ഞ കഗിസോ റബാഡയുടെ പന്തുകള്‍ എതിരാളിയെ കുഴക്കാന്‍ പര്യാപ്തമാണ്. ഇക്കഴിഞ്ഞ ഐപിഎല്ലില്‍ 25 വിക്കറ്റുകള്‍ പിഴുത് റബാഡ ഫോമിലാണെന്ന് തെളിയിക്കുകയും ചെയ്തു. ഐപിഎല്ലിന്റെ അവസാന ഘട്ടത്തില്‍ പരുക്കേറ്റ് മടങ്ങേണ്ടി വന്ന താരം ഇപ്പോള്‍ ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടുണ്ട്. 

ദീര്‍ഘ നാളായി ദക്ഷിണാഫ്രിക്കന്‍ പേസ് അറ്റാക്കിങിന്റെ നെടുനായകത്വം വഹിക്കുന്ന ഡെയ്ല്‍ സ്റ്റെയ്ന്‍ എന്ന വെറ്ററന്‍ താരവും മികച്ച ഫോമിലാണ്. പക്ഷേ താരത്തിന് ഇടക്കിടെ പരുക്കേല്‍ക്കുന്നത് ടീമിന് ആശങ്ക സമ്മാനിക്കുന്നുണ്ട്. പരുക്ക് മാറി ഐപിഎല്ലിലേക്ക് അപ്രതീക്ഷിതമായെത്തി രണ്ട് കളി കഴിഞ്ഞപ്പോള്‍ തന്നെ ഷോള്‍ഡറിനേറ്റ പരുക്കമായി കളം വിടേണ്ടി വന്ന താരമാണ് സ്റ്റെയ്ന്‍. പരുക്കില്‍ നിന്ന് മുക്തനായി താരം തിരിച്ചുവരാനൊരുങ്ങുകയാണ്. ഇരുവര്‍ക്കുമൊപ്പം അന്റില്‍ ഫെലുക്വാവോ, ലുന്‍ഗി എന്‍ഗിഡി എന്നിവരുമുണ്ട്. 

വെറ്ററന്‍ ലെഗ് സ്പിന്നര്‍ ഇമ്രാന്‍ താഹിറാണ് ബൗളിങ് കരുത്തിന് വൈവിധ്യം നിറയ്ക്കുന്നത്. ഇക്കഴിഞ്ഞ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത താരം കൂടിയാണ് താഹിര്‍. 26 വിക്കറ്റുകള്‍ വീഴ്ത്തിയ താഹിറിന്റെ തന്ത്രപരമായ ബൗളിങ് ടീമിന് നല്‍കുന്നത് അധിക ആനുകൂല്യമാണ്. താഹിറിനൊപ്പം ഇടംകൈയന്‍ റിസ്റ്റ് സ്പിന്നര്‍ ടബരയ്‌സ് ഷംസിയും ചേരുമ്പോള്‍ ദക്ഷിണാഫ്രിക്കന്‍ ബൗളിങ് അറ്റാക്ക് സുസജ്ജം. 

ബാറ്റിങിലും ദക്ഷിണാഫ്രിക്ക കരുത്തുറ്റവര്‍ തന്നെ. എബി ഡിവില്ല്യേഴ്‌സിനെ പോലെയൊരു താരത്തിന്റെ അഭാവം ടീമിനെ ബാധിക്കും. എന്നാല്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ക്വിന്റന്‍ ഡി കോക്ക്, ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസ് എന്നിവര്‍ മികച്ച സാന്നിധ്യങ്ങളാണ്. 

വെറ്ററന്‍ താരം ഹാഷിം അംലയെ ടീമിലുള്‍പ്പെടുത്തിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴി വച്ചിരുന്നു. സമീപ കാലത്തെ മോശം ഫോമിന്റെ പേരിലായിരുന്നു വിമര്‍ശനം. എന്നാല്‍ പരിചയ സമ്പത്തും പ്രതിഭയും പ്രതിസന്ധിയില്‍ പതറാതെ നില്‍ക്കാനുള്ള കെല്‍പ്പും അംലയ്ക്ക് തുണയായി നില്‍ക്കുകയായിരുന്നു. ദീര്‍ഘ നാളത്തെ ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് മടങ്ങിയെത്തുന്ന ജെപി ഡുമിനിയുടെ സാന്നിധ്യം അപ്രതീക്ഷിതമായി. 

ടീമിലെ ഡൈനാമിക്ക് സാന്നിധ്യം റസ്സി വാന്‍ ഡര്‍ ഡസ്സനാണ്. ഇക്കഴിഞ്ഞ ജനുവരിയില്‍ ദക്ഷിണാഫ്രിക്കയ്ക്കായി അരങ്ങേറിയ താരത്തിന്റെ ആവറേജ് 88.25 ആണ്.