കളിക്കാന്‍ ആളില്ല, ഓസ്‌ട്രേലിയയ്‌ക്കെതിരെ അസിസ്റ്റന്റ് കോച്ചിനെ ഫീല്‍ഡറാക്കി ഇംഗ്ലണ്ട്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th May 2019 11:46 AM  |  

Last Updated: 26th May 2019 11:46 AM  |   A+A-   |  

collinwood

ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത് ലോക ഒന്നാം നമ്പര്‍ ടീമായ ഇംഗ്ലണ്ടിനാണ്. പക്ഷേ ലോകകപ്പ് തൊട്ടുമുന്നില്‍ നില്‍ക്കുമ്പോള്‍ പരിക്ക് അവര്‍ക്ക് മേല്‍ കരി നിഴല്‍ വീഴ്ത്തിയെത്തുന്നു. പരിക്ക് വില്ലനായി അവതരിച്ചതോടെ ഒരുഘട്ടത്തില്‍ തങ്ങളുടെ അസിസ്റ്റന്റ് കോച്ചിനെ ഫീല്‍ഡ് ചെയ്യാന്‍ ഗ്രൗണ്ടിലേക്ക് ഇറക്കേണ്ടിയും വന്നു അവര്‍ക്ക്. 

ഓസ്‌ട്രേലിയയ്‌ക്കെതിരെ സതാംപ്ടണില്‍ നടന്ന സന്നാഹ മത്സരത്തിന് ഇടയിലാണ് സംഭവം. ക്രിക്കറ്റില്‍ നിന്നും വിരമിച്ച പോള്‍ കോളിങ് വുഡിനാണ് കുറച്ച് നേരത്തേക്കെങ്കിലും ഗ്രൗണ്ടിലേക്ക് വീണ്ടും കളിക്കാരനായി ഇറങ്ങേണ്ടി വന്നത്. ആരോണ്‍ ഫിഞ്ചിന്റെ വിക്കറ്റ് എടുത്ത ഇംഗ്ലണ്ട് താരം മാര്‍ക്ക് വുഡ് ഇടംകാലിലെ വേദന സഹിക്ക വയ്യാതെ ഗ്രൗണ്ട് വിടേണ്ടി വന്നു. 

കളിയില്‍ വിശ്രമം അനുവദിച്ചിരുന്ന ആര്‍ച്ചര്‍ വുഡിന് പരിക്കേറ്റതോടെ പകരക്കാരനായി ഇറങ്ങി. ഡീപ്പില്‍ ഫീല്‍ഡ് ചെയ്യവെ ആര്‍ച്ചര്‍ക്കും പരിക്ക് വില്ലനായി. ഇതോടെ ഫീല്‍ഡര്‍മാരുടെ കുറവ് വന്നതോടെയാണ്് ടീമിന്റെ അസിസ്റ്റന്റ് കോച്ച് തന്നെ ഫീല്‍ഡറായി ഇറങ്ങിയത്. നേരത്തെ, വിരലിനേറ്റ പരിക്കിനെ തുടര്‍ന്ന് മോര്‍ഗനേയും സന്നാഹ മത്സരത്തില്‍ ഇംഗ്ലണ്ടിന് നഷ്ടമായിരുന്നു. തോളിനേറ്റ പരിക്കിനെ തുടര്‍ന്ന് ആദില്‍ റാഷിദിനേയും ഇംഗ്ലണ്ട് സന്നാഹ മത്സരത്തിന് ഇറക്കിയിരുന്നില്ല.