കാണികള്‍ എങ്ങനെ പ്രതികരിച്ചാലും എനിക്കൊന്നുമില്ല, ചതിയന്‍ വിളികള്‍ക്ക് മറുപടിയുമായി സ്മിത്ത്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th May 2019 01:04 PM  |  

Last Updated: 26th May 2019 01:04 PM  |   A+A-   |  

smith54

ചതിയന്‍ എന്ന് ആര്‍ത്ത് വിളിച്ച കാണികള്‍ക്ക് മുന്നില്‍ സെഞ്ചുറി നേടിയാണ് ഓസീസ് താരം സ്റ്റീവ് സ്മിത്ത് തിരിച്ചടിച്ചത്. പന്ത് ചുരണ്ടല്‍ വിവാദത്തിന് ശേഷം രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള മടങ്ങി വരവ് കാണികളുടെ ഭാഗത്ത് നിന്നുമുള്ള പ്രതികരണങ്ങള്‍ കാരണം സ്മിത്തിനും വാര്‍ണര്‍ക്കും ദുഷ്‌കരമാവുമെന്ന് വ്യക്തമാക്കുന്നതായിരുന്നു സന്നാഹ മത്സരത്തിലെ കാഴ്ചകള്‍. 

എന്നാല്‍, കാണികളുടെ പ്രതികരണം തന്നെ ബാധിക്കുന്നതേയില്ലെന്നാണ് സ്റ്റീവ് സ്മിത്ത് പ്രതികരിച്ചത്. എന്റെ ജോലിയിലാണ് എന്റെ ശ്രദ്ധ. ബാല്‍ക്കണിയില്‍ നിന്ന് ടീം അംഗങ്ങളുടെ പിന്തുണ എനിക്കുണ്ട്. ടീം അംഗങ്ങളുടെ പിന്തുണ ഉണ്ടെന്ന് എനിക്കറിയാം. അവരേയും ഓസ്‌ട്രേലിയക്കാരേയും സന്തോഷിപ്പിക്കു എന്നതാണ് എന്റെ കര്‍ത്തവ്യം, സ്മിത്ത് പറയുന്നു. 

അതിനെല്ലാം നേര്‍ക്ക് ഞാന്‍ കണ്ണടച്ചു. കളിക്കാനായി ക്രീസിലേക്ക് ഇറങ്ങിയപ്പോള്‍ മുതല്‍ ഞാന്‍ കാണികള്‍ക്ക് ശ്രദ്ധ കൊടുത്തില്ല. കളിച്ച് മുന്നോട്ടു പോവുക എന്നത് മാത്രമാണ് ഞാന്‍ ലക്ഷ്യം വെച്ചത്. യുകെയിലേക്ക് എത്തിയതിന് ശേഷം പൊതുജനങ്ങളില്‍ നിന്നും അധിക്ഷേപമൊന്നും തനിക്ക് നേരിടേണ്ടി വന്നിട്ടില്ലെന്നും സ്മിത്ത് പറയുന്നു. എല്ലാവര്‍ക്കും അവരവരുടേതാണ് അഭിപ്രായങ്ങളുണ്ടാവും. എന്റെ കാര്യങ്ങള്‍ നോക്കി മികച്ച കളി പുറത്തെടുക്കുകയാണ് എന്റെ ലക്ഷ്യമെന്നും സ്മിത്ത് പറഞ്ഞു. 

102 പന്തില്‍ നിന്നാണ് സ്മിത്ത് 116 റണ്‍സ് നേടിയത്. സ്മിത്തിന്റെ സെഞ്ചുറി ബലത്തില്‍ ഇംഗ്ലണ്ടിന് മുന്നില്‍ 297 റണ്‍സ് വിജയ ലക്ഷ്യം വെച്ച ഓസീസ് 12 റണ്‍സിന്റെ ജയം പിടിച്ചു.