ഫ്രഞ്ച് ഓപ്പണ്‍; കെര്‍ബര്‍ ആദ്യ റൗണ്ടില്‍ പുറത്ത്‌, ഷോക്ക് ട്രീറ്റ്‌മെന്റ് പൊട്ടപോവയുടെ വക

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th May 2019 05:01 PM  |  

Last Updated: 26th May 2019 05:11 PM  |   A+A-   |  

kerber

കളിമണ്‍ കോര്‍ട്ടില്‍ വീണ്ടും ആഞ്ചലിക് കെര്‍ബര്‍ക്ക് പിഴച്ചു. കരുത്തും, സാങ്കേതിക തികവും, പിന്നെ എല്ലാത്തിനേക്കാളും മുന്നില്‍ നില്‍ക്കുന്ന ആത്മവിശ്വാസം കോര്‍ട്ടില്‍ പുറത്തെടുത്ത റഷ്യയുടെ പതിനെട്ടുകാരി പൊട്ടപോവ നേരിട്ടുള്ള സെറ്റുകള്‍ക്ക് ഫ്രഞ്ച് ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ തന്നെ കെര്‍ബറെ തകര്‍ത്തു വിട്ടു. സ്‌കോര്‍ 4-6, 2-6

ഫസ്റ്റ് സെര്‍വിലെ മികവിലും ബ്രേക്ക് പോയിന്റ് നേടുന്നതിലുമെല്ലാം പൊട്ടപോവയായിരുന്നു മുന്നിട്ടു നിന്നത്. ഫ്രഞ്ച് ഓപ്പണിലേക്ക് എത്തുന്നതിന് മുന്‍പുള്ള പരിക്കിന്റെ കരിനിഴലും, ഫ്രഞ്ച് ഓപ്പണില്‍ വലിയ നേട്ടം അവകാശപ്പെടാനില്ലാത്ത കെര്‍ബറിന്റെ കഴിഞ്ഞ കാലവുമെല്ലാം പൊട്ടപോവയ്ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കി. 40-0ന് കെര്‍ബര്‍ പലവട്ടം മുന്നില്‍ നിന്നെങ്കിലും തിരികെ വന്ന് ബ്രേക്ക് പോയിന്റ് സ്വന്തമാക്കി കെര്‍ബറെ റഷ്യന്‍ യുവതാരം പലവട്ടം സമ്മര്‍ദ്ദത്തിലേക്ക് തള്ളി വിട്ടു. 

വലത് കണങ്കാലിലെ പരിക്കിനെ തുടര്‍ന്ന് നേരത്തെ ഇറ്റാലിയന്‍ ഓപ്പണില്‍ നിന്നും മാഡ്രിഡ് ഓപ്പണില്‍ നിന്നും കെര്‍ബര്‍ പിന്മാറിയിരുന്നു. ഫ്രഞ്ച് ഓപ്പണില്‍ ക്വാര്‍ട്ടര്‍ ഫൈനലിന് അപ്പുറം കടക്കാന്‍ വിംബിള്‍ഡണ്‍ ചാമ്പ്യനായ കെര്‍ബര്‍ക്ക് സാധിച്ചിട്ടില്ല.