മകളെ നഷ്ടപ്പെട്ട ആസിഫിനെ ആശ്വസിപ്പിച്ച് സച്ചിന്‍, അന്ന് സച്ചിന്‍ തിരികെ വന്നത് ആസിഫിനെ ഓര്‍മപ്പെടുത്തി ആരാധകര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th May 2019 10:58 AM  |  

Last Updated: 26th May 2019 11:02 AM  |   A+A-   |  

sachinasifali

പാക് ക്രിക്കറ്റ് താരം ആസിഫ് അലിയുടെ മകളുടെ വിയോഗ വാര്‍ത്തയായിരുന്നു ലോകകപ്പിന് മുന്‍പ് ക്രിക്കറ്റ് ലോകത്തിന്റെ മനസുലച്ചത്. ആശ്വാസ വാക്കുകളുമായി ആസിഫിനൊപ്പം ക്രിക്കറ്റ് ലോകം നിന്നു. അക്കൂട്ടത്തില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിനുമുണ്ടായിരുന്നു. 

കുടുംബാംഗത്തിന്റെ വിയോഗം നമ്മെ ആകെ ഉലയ്ക്കും. ഈ നഷ്ടങ്ങള്‍ നികത്താനാവാത്തതാണ്.  തന്റെ മകളെ കുറിച്ചുള്ള ചിന്തകള്‍ ലോകകപ്പിനെത്തുമ്പോള്‍ ആസിഫിന് പരിമിതപ്പെടുത്താന്‍ സാധിക്കണമെന്ന്‌ സച്ചിന്‍ പറയുന്നു. ലോകകപ്പിന് ഇടയില്‍ സമാനമായ നഷ്ടം സച്ചിന് നേരിടേണ്ടി വന്നതാണ് ഈ സമയം ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്. 

1999 ലോകകപ്പിനിടയിലാണ് സച്ചിന്റെ പിതാവ് മരിക്കുന്നത്. അന്ന് ഇംഗ്ലണ്ട് തന്നെയായിരുന്നു ലോകകപ്പ് വേദി. നാട്ടിലേക്ക് തിരികെ എത്തിയെങ്കിലും കെനിയയ്‌ക്കെതിരായ ഇന്ത്യയുടെ അടുത്ത മത്സരത്തിനായി സച്ചിന്‍ വീണ്ടും ഇംഗ്ലണ്ടിലേക്കെത്തി. അന്ന് 101 പന്തില്‍ നിന്നും 140 റണ്‍സ് അടിച്ചെടുത്താണ് സച്ചിന്റെ ഇന്ത്യയ്ക്ക് 94 റണ്‍സിന്റെ ജയം നേടിക്കൊടുത്തത്.