മെസി എന്നെ കഴുതയെന്ന് വിളിച്ചു, ചാമ്പ്യന്‍സ് ലീഗ് സെമിക്കിടയിലെ സംഭവം വെളിപ്പെടുത്തി മില്‍നര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th May 2019 03:10 PM  |  

Last Updated: 26th May 2019 03:10 PM  |   A+A-   |  

messimilnar

 

ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനല്‍ പോരിന് ഇടയില്‍ ബാഴ്‌സ നായകന്‍ മെസി തന്നെ കഴുത എന്ന് വിളിച്ചുവെന്ന ആരോപണവുമായി ലിവര്‍പൂള്‍ താരം ജെയിംസ് മില്‍നര്‍. ന്യൂകാമ്പില്‍ നടന്ന ആദ്യ പാദ സെമിയില്‍ മെസി തന്നെ സ്പാനിഷ് ഭാഷയില്‍ ബറോ എന്ന് വിളിച്ചെന്നാണ് ഡെയ്‌ലി മെയിലിന് നല്‍കിയ അഭിമുഖത്തില്‍ മില്‍നര്‍ പറയുന്നത്. 

ആ സമയം മെസി സന്തുഷ്ടനായിരുന്നില്ല. പകുതി സമയത്തിന് ശേഷം ടണലിലൂടെ പോവുമ്പോള്‍ സ്പാനിഷ് ഭാഷയില്‍ എന്തെല്ലാമോ മെസി പറയുന്നുണ്ടായി. എന്നെ ബറോ എന്ന് വിളിച്ചു. സ്പാനിഷ് ഭാഷയില്‍ അതിന് അര്‍ഥം കഴുത എന്നാണ്. ചലഞ്ച് ചെയ്യുന്ന വ്യക്തിയെ സ്പാനിഷ് കളിക്കാര്‍ ഈ വാക്ക് സാധാരണയായി ഉപയോഗിക്കാറുണ്ടെന്നും മില്‍നര്‍ പറഞ്ഞു. 

ഫൗള്‍ ആണ് അത്. ഞാന്‍ നിങ്ങളെ നട്ട്‌മെഗ് ചെയ്തതിനാണ് നിങ്ങള്‍ അങ്ങനെ ചെയ്തത് എന്നാണ് മെസി എന്നോട് പറഞ്ഞത്. മെസിയുടെ സ്പാനിഷ് എനിക്ക് മനസിലാവുന്നുണ്ട് എന്ന് അദ്ദേഹത്തിന് മനസിലായില്ലെന്ന് തോന്നുന്നു. എനിക്ക് മെസിയോട് ബഹുമാനം മാത്രമാണുള്ളത്. എന്ത് പറയാനുള്ള അവകാശവും മെസിക്കുണ്ടെന്നും മില്‍നര്‍ പറയുന്നു. 

കരിയറില്‍ മുഴുവന്‍ മെസി ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ് അന്ന് ലിവര്‍പൂളിനെതിരെ ന്യൂകാമ്പിലും കണ്ടത്. മെസിയെ തടയാന്‍ ശ്രമിച്ചാല്‍ നമ്മള്‍ ഇളിഭ്യരാവും. എന്നെ മെസി നിരവധി വട്ടം നട്ട്‌മെഗ് ചെയ്തിട്ടുണ്ട്. മെസിയില്‍ നിന്നും അങ്ങനെ ചെയ്യപ്പെടുന്ന ആദ്യത്തെ വ്യക്തിയല്ല ഞാന്‍, അവസാനത്തെ വ്യക്തിയുമല്ല. അതിശയകരമായ വ്യക്തിയാണ് മെസിയെന്ന് മില്‍നര്‍ പറയുന്നു.