ആശങ്കയ്ക്ക് അടിസ്ഥാനമുണ്ടെന്ന് ഈ ബാറ്റിങ് പറയും; ആദ്യ സന്നാഹ മത്സരത്തിൽ ഇന്ത്യയെ വീഴ്ത്തി കിവികൾ

സ്വിങ് ലഭിക്കുന്ന പിച്ചുകളില്‍ കളിക്കാനുള്ള ഇന്ത്യന്‍ ബാറ്റിങ് നിരയുടെ ദൗര്‍ബല്യം മുഴുവൻ പുറത്തു കണ്ട പോരിൽ ആറ് വിക്കറ്റിനാണ് ഇന്ത്യൻ തോൽവി
ആശങ്കയ്ക്ക് അടിസ്ഥാനമുണ്ടെന്ന് ഈ ബാറ്റിങ് പറയും; ആദ്യ സന്നാഹ മത്സരത്തിൽ ഇന്ത്യയെ വീഴ്ത്തി കിവികൾ

ഓവല്‍: ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യക്ക് ആ​ദ്യ സന്നാഹ മത്സരത്തിൽ ദയനീയ തോൽവി. സ്വിങ് ലഭിക്കുന്ന പിച്ചുകളില്‍ കളിക്കാനുള്ള ഇന്ത്യന്‍ 
ബാറ്റിങ് നിരയുടെ ദൗര്‍ബല്യം മുഴുവൻ പുറത്തു കണ്ട പോരിൽ ആറ് വിക്കറ്റിനാണ് ഇന്ത്യൻ തോൽവി. ആദ്യം ഇന്ത്യന്‍ ബാറ്റിങ് നിരയെ തകര്‍ത്തെറിഞ്ഞ കിവീസ്, മറുപടി പറയാനിറങ്ങി ഏഴ് വിക്കറ്റ് ബാക്കി നില്‍ക്കെ ലക്ഷ്യത്തിലെത്തി. സ്‌കോര്‍: ഇന്ത്യ 39.2 ഓവറില്‍ 179ന് പുറത്ത്. ന്യൂസിലന്‍ഡ് 37.1 ഓവറില്‍ നാലിന് 180.

അര്‍ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും റോസ് ടെയ്‌ലറുമാണ് കിവീസിനെ അനായാസം വിജയത്തിലെത്തിച്ചത്. 87 പന്തില്‍ നിന്ന് ഒരു സിക്‌സും ആറു ബൗണ്ടറിയുമടക്കം 67 റണ്‍സെടുത്ത വില്യംസണെ ചഹലാണ് പുറത്താക്കിയത്. 75 പന്തില്‍ നിന്ന് 71 റണ്‍സെടുത്ത ടെയ്‌ലറെ ജഡേജയും പുറത്താക്കി. ഏഴ് പേര്‍ പന്തെറിഞ്ഞിട്ടും കിവീസിന്റെ നാല് വിക്കറ്റുകള്‍ മാത്രമാണ് ഇന്ത്യയ്ക്ക് വീഴ്ത്താനായത്. ഓപണര്‍മാരായ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ (22), കോളിന് മണ്‍റോ (4) എന്നിവര്‍ പുറത്തായ ശേഷം നാലാം വിക്കറ്റില്‍ വില്യംസണും ടെയ്‌ലറും ചേര്‍ന്ന് 114 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ പോലും കിവീസിന് വെല്ലുവിളി ഉയര്‍ത്താന്‍ ഇന്ത്യക്കായില്ല.

ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 39.2 ഓവറില്‍ 179 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. അര്‍ധ സെഞ്ച്വറി നേടിയ രവീന്ദ്ര ജഡേജയാണ് ഇന്ത്യന്‍ സ്‌കോര്‍ 179ല്‍ എത്തിച്ചത്. കിവീസ് ബൗളര്‍ ട്രെന്‍ഡ് ബോള്‍ട്ടാണ് ഇന്ത്യന്‍ മുന്‍നിരയെ തകര്‍ത്തത്. രോഹിത് ശര്‍മ (രണ്ട്), ശിഖര്‍ ധവാന്‍ (രണ്ട്), ലോകേഷ് രാഹുല്‍ (ആറ്) എന്നിവരെ ബോള്‍ട്ട് തുടക്കത്തില്‍ തന്നെ മടക്കി. കിവീസ് ബൗളര്‍മാരുടെ സ്വിങിനു മുന്നില്‍ മറുപടിയില്ലാതെ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ കുഴങ്ങുന്ന കാഴ്ചയാണ് കെന്നിങ്ടണ്‍ ഓവലില്‍ കണ്ടത്. 

തുടക്കം തകര്‍ന്ന ശേഷം വിരാട് കോഹ്‌ലിയും ഹാര്‍ദിക് പാണ്ഡ്യയും പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും 18 റണ്‍സെടുത്ത കോഹ്‌ലിയെ ഗ്രാന്‍ഡ്ഹോം പുറത്താക്കി. ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത പാണ്ഡ്യയെ 20ാം ഓവറില്‍ ജെയിംസ് നീഷം മടക്കി. 37 പന്തുകള്‍ നേരിട്ട പാണ്ഡ്യ ആറ് ബൗണ്ടറികളടക്കം 30 റണ്‍സെടുത്തു. 

പിന്നാലെയെത്തിയ ദിനേഷ് കാര്‍ത്തിക് മൂന്ന് പന്തില്‍ നിന്ന് നാലു റണ്‍സുമായി മടങ്ങി. ഒൻപതാം വിക്കറ്റില്‍ ഒന്നിച്ച രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവും കൂട്ടിച്ചേര്‍ത്ത 62 റണ്‍സാണ് ഇന്ത്യന്‍ സ്‌കോര്‍ 150 കടത്തിയത്. 50 പന്തുകള്‍ നേരിട്ട ജഡേജ ആറ് ബൗണ്ടറിയും രണ്ടു സിക്സും അടക്കം 54 റണ്‍സെടുത്ത് പുറത്തായി. 19 റണ്‍സെടുത്ത കുല്‍ദീപിനെ ബോള്‍ട്ട് മടക്കിയതോടെ ഇന്ത്യന്‍ ഇന്നിങ്സും അവസാനിച്ചു. കിവീസിനായി ബോള്‍ട്ട് നാല് വിക്കറ്റ് വീഴ്ത്തി. നീഷം മൂന്ന് വിക്കറ്റ് നേടി.

2017ല്‍ ഇതേ വേദിയില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാക് ബൗളര്‍ മുഹമ്മദ് ആമിറിനെതിരേ ഇത്തരം രീതിയിലാണ് ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ പതറിയത്. അന്ന് കിരീടവും ഇന്ത്യ കൈവിട്ടു. ആമിറിന്റെ സ്വിങിനു മുന്നില്‍ അന്ന് പതറിയ ഇന്ത്യ ഇന്ന് ബോള്‍ട്ടിന്റെ പന്തിന്റെ സ്വിങിനു മുന്നിലും മുട്ടുകുത്തി വീണു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com