വീണ്ടും അട്ടിമറിയുമായി വലൻസിയ; ഡൊമസ്റ്റിക് ഡബിളില്ലാതെ ബാഴ്സലോണ; കോപ ഡെൽ റെ കിരീടം കൈവിട്ടു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th May 2019 05:54 AM  |  

Last Updated: 26th May 2019 05:54 AM  |   A+A-   |  

D7cis2WW0AU7-Er

 

മാഡ്രിഡ്: സ്പെയിനിൽ ബാഴ്സലോണയ്ക്ക് കനത്ത തിരിച്ചടി. സ്പാനിഷ് ലാ ലി​ഗ കിരീടത്തിന് പിന്നാലെ സീസണിലെ ഇരട്ട കിരീടമെന്ന സ്വപ്നം സഫലമാക്കാൻ ഇറങ്ങിയ ബാഴ്സയ്ക്ക് അത് കൈവിടേണ്ടി വന്നു. കോപ ഡെൽ റെ കിരീടത്തിനായി ഫൈനലിനിറങ്ങിയ ബാഴ്സലോണയെ വലൻസിയ അട്ടിമറിച്ചു. 

സീസണിൽ പലരെയും ഞെട്ടിച്ച വലൻസിയ അവസാനം ബാഴ്സലോണയെ തകർത്തു കൊണ്ടാണ് കോപ ഡെൽ റേ കിരീടം ഉയർത്തി അവിസ്മരണീയ വിജയം സ്വന്തമാക്കിയത്. ഫൈനലിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു വലൻസിയയുടെ വിജയം. 

ആദ്യ പകുതിയിൽ തന്നെ പിറ‌ന്ന രണ്ട് ഗോളുകളാണ് വലൻസിയയെ വിജയത്തിലേക്ക് നയിച്ചത്‌. 23ആം മിനുട്ടിൽ ഗമീറോയും 33ആം മിനുട്ടിൽ റോഡ്രിഗോയും ആണ് ഗോളുകൾ നേടിയത്. രണ്ടാം പകുതിയിൽ വിദാലിനെയും മാൽകോമിനെയും ഇറക്കി കളി മാറ്റാൻ വാൽവർദെ ശ്രമിച്ചെങ്കിലും വിജയം അകന്നു നിന്നു. 

കളിയുടെ 73ാം മിനുട്ടിൽ മെസി നേടിയ ഗോൾ ബാഴ്സലോണക്ക് പ്രതീക്ഷ നൽകിയെങ്കിലും ആ പ്രതീക്ഷ ഫലം കണ്ടില്ല. വലൻസിയ അവസാനം കിട്ടിയ സുവർണാവസരങ്ങൾ തുലച്ചില്ലായിരുന്നു എങ്കിൽ ഇതിലും വലിയ സ്കോറിന് ബാഴ്സലോണ പരാജയപ്പെട്ടേനെ‌. വലൻസിയയുടെ എട്ടാമത്തെ കോപ ഡെൽ റേ കിരീടമാണിത്.