ഇങ്ങനെയുമുണ്ടോ ആഘോഷം; കിരീട നേട്ടത്തിലെ സന്തോഷം അടക്കാന്‍ കഴിഞ്ഞില്ല; പരിശീലകനെ ഇരു കാലും വച്ച് വീഴ്ത്തി വലന്‍സിയ താരം (വീഡിയോ)
By സമകാലിക മലയാളം ഡെസ്ക് | Published: 27th May 2019 02:41 PM |
Last Updated: 27th May 2019 02:47 PM | A+A A- |

മാഡ്രിഡ്: കഴിഞ്ഞ ദിവസമാണ് സ്പാനിഷ് കരുത്തരായ ബാഴ്സലോണയെ അട്ടിമറിച്ച് വലന്‍സിയ സ്പാനിഷ് കപ്പ് (കോപ ഡെല്‍ റെ) ലാ ലിഗ കിരീടം സ്വന്തമാക്കിയത്. ബാഴ്സലോണയ്ക്ക് ഡൊമസ്റ്റിക് ഡബിള്‍ എന്ന നേട്ടം സ്വന്തമാക്കാന്‍ കഴിയാതെ പോയി. മത്സരത്തില്‍ 2-1നായിരുന്നു വലന്‍സിയയുടെ ജയം.
കിരീട നേട്ടം ആഘോഷിക്കുന്നതിനിടെ വലന്‍സിയയുടെ പ്രതിരോധ താരം ഗബ്രിയേല്‍ പൗലിസ്റ്റ നടത്തിയ ഒരു ആഹ്ലാദ പ്രകടനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. കിരീട നേട്ടത്തിന്റെ അഹ്ലാദം അടക്കാന്‍ സാധിക്കാതെ പൗലിസ്റ്റ ചെയ്തത് ഇതായിരുന്നു. ഓടി വന്ന് തന്റെ ടീമിന്റെ പരിശീലകനായ മാര്‍സെലിനോ ഗാര്‍ഷ്യ ടോറസിനെ കാല് വച്ച് വീഴ്ത്തിയായിരുന്നു താരത്തിന്റെ ആഘോഷം.
Gabriel Paulista slide tackles Marcelino. Because of course he does. pic.twitter.com/nfnWQ6Add3
— Talking LaLiga (@TalkingLaLiga) May 25, 2019
മൈതാനത്ത് നിന്ന് ആരാധകരുമായി മൈക്കില്‍ സംസാരിക്കുന്നതിനിടെയാണ് മാര്‍സെലിനോയെ പൗലിസ്റ്റ ഓടി വന്ന് ഇരു കാലുകളും വച്ച് താഴെ വീഴ്ത്തിയത്. വിജയാഘോഷത്തിനിടയില്‍ ആയതിനാല്‍ ഈ അപ്രതീക്ഷിത ടാക്ലിങ് മാര്‍സെലിനോ കാര്യമാക്കിയില്ല.
കാരണം സീസണിന്റെ തുടക്കത്തില്‍ വലിയ തിരിച്ചടികള്‍ നേരിട്ട ടീമിന്റെ ഈ കിരീട വിജയം ഏറ്റവും ആശ്വാസമാകുന്നത് പരിശീലകന് മാര്സെലിനോയ്ക്ക് തന്നെയാണ്. കിരീട നേട്ടത്തിന് ശേഷം അദ്ദേഹം പറഞ്ഞതും അത്തരമൊരു വാചകമായിരുന്നു. പ്രൊഫഷണല്‍ ലെവലില്‍ താനാണ് ഇന്ന് ലോകത്തിലെ ഏറ്റവും സന്തോഷവാനെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. താരങ്ങള്‍ മികച്ച പ്രകടനം പുറത്തെടുത്ത് തനിക്കൊരു കിരീടം സമ്മാനിച്ചതായും അദ്ദേഹം പറഞ്ഞു. ചുരുക്കത്തില്‍ വിശാല ഹൃദയനായ ആശാന് പൗലിസ്റ്റയോട് ക്ഷമിച്ചുവെന്ന് സാരം.