'ഇത് അവസാനത്തേതാണ്, ഓരോ വട്ടം പാരീസ് വിടുമ്പോഴും മനസ് പറയും'; വീണ്ടും കളിമണ്‍ കോര്‍ട്ടിലെത്തുമ്പോള്‍ നദാല്‍ പറയുന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th May 2019 02:19 PM  |  

Last Updated: 27th May 2019 02:23 PM  |   A+A-   |  

rafael-nadal-01

ഓരോ വട്ടം പാരീസ് വിടുമ്പോഴും എന്റെ മനസ് പറയും, ഇത് എന്റെ അവസാനത്തെ കിരീടമായിരിക്കും എന്ന്. 2005ന് ശേഷമുള്ള എല്ലാ വര്‍ഷവും എന്റെ മനസ് പറഞ്ഞത് അങ്ങനെയാണ്...പക്ഷേ നമുക്കറിയില്ലല്ലോ എന്താണ് സംഭവിക്കാന്‍ പോവുന്നതെന്ന്...പന്ത്രണ്ടാം ഫ്രഞ്ച് ഓപ്പണ്‍ കിരീടം ലക്ഷ്യമിട്ട് വീണ്ടും കളിമണ്‍ കോര്‍ട്ടിലേക്കെത്തിയ റാഫേല്‍ നദാല്‍ പറയുന്നത് ഇങ്ങനെയാണ്...

എനിക്ക് സാധ്യതയുണ്ടെന്ന് എന്നെ തന്നെ ബോധ്യപ്പെടുത്താനുള്ള ആത്മവിശ്വാസവും പ്രതീക്ഷയും എനിക്കുണ്ട്. 2007ല്‍ വിംബിള്‍ഡണ്‍ ഫൈനലില്‍ തോല്‍വി നേരിട്ടപ്പോഴും ഇങ്ങനെയായിരുന്നു. ഇനിയൊരിക്കലും ഇവിടെ ജയിക്കാന്‍ സാധിക്കില്ലെന്നായിരുന്നു എന്റെ ചിന്ത. സ്‌പോര്‍ട്‌സ് അങ്ങനെയാണ്. നമുക്ക് മുന്നില്‍ അവസരങ്ങളുണ്ട്. അതിനെ പ്രയോജനപ്പെടുത്തണം, നദാല്‍ പറയുന്നു. 

പതിനൊന്ന് വട്ടം ഫ്രഞ്ച് ഓപ്പണ്‍ നേടി, ഓരോന്നിനോടും പ്രത്യേകം ഇഷ്ടം തോന്നാല്‍ എനിക്ക് പല കാരണങ്ങളുണ്ട്. ഓരോന്നിനും പ്രത്യേക അര്‍ഥമുണ്ട്. 2005ല്‍ ആദ്യ ഫ്രഞ്ച് ഓപ്പണ്‍ നേടിയ നദാലില്‍ നിന്നും എനിക്ക് ഒരു മാറ്റവുമില്ല. കുറച്ച് പ്രായം കൂടിയെന്ന് മാത്രം. ടെന്നീസിനോടും, സ്‌പോര്‍ട്‌സിനോടുമുള്ള അഭിനിവേശം മാറിയില്ല. 

കൂടുതല്‍ ശാന്തനാവാന്‍ എനിക്കായി. ആ സമയം എനിക്ക് ഒന്നിനേയും പേടിയുണ്ടായില്ല. കാരണം എനിക്ക് പരിക്കുകള്‍ നേരിടേണ്ടിവന്നില്ല. ഏത് ദിശയിലേക്കും ഓടുന്നതിനുള്ള ഊര്‍ജം എന്നിലുണ്ടായിരുന്നു. എന്നാലിപ്പോള്‍ കരിയറില്‍ നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്നു. എന്താണ് ചെയ്യേണ്ടത് എന്നതിനെ കുറിച്ച് എന്നെതന്നെ ബോധ്യപ്പെടുത്തേണ്ടി വരും. ശാരീരികമായി പ്രശ്‌നങ്ങളില്ലെങ്കില്‍, കൂടുതല്‍ വേദന നേരിടുന്നില്ലെങ്കില്‍, എനിക്ക് ആ സമയം പ്രയോജനപ്പെടുത്താന്‍ സാധിക്കുമെന്നും നദാല്‍ പറയുന്നു.