സന്നാഹ മത്സരത്തില്‍ ഇന്ത്യയെ വീഴ്ത്തി; ടീം സന്തുലിതം; കിരീടം കൊത്താന്‍ കിവികള്‍ വരുന്നു

കിരീട പ്രതീക്ഷകളുമായാണ് ഇത്തവണയും കിവികള്‍ എത്തുന്നത്. ബാറ്റിങിലും ബൗളിങിലും സന്തുലിതത്വം നിലനിര്‍ത്തിയാണ് ടീം ഇറങ്ങുന്നത്
സന്നാഹ മത്സരത്തില്‍ ഇന്ത്യയെ വീഴ്ത്തി; ടീം സന്തുലിതം; കിരീടം കൊത്താന്‍ കിവികള്‍ വരുന്നു

ലണ്ടന്‍: ആറ് തവണ സെമി ഫൈനല്‍ കളിക്കുകയും ഒരു തവണ ഫൈനല്‍ കളിക്കുകയും ചെയ്ത ടീം. ലോകകപ്പില്‍ എല്ലാ കാലത്തും സ്ഥിരതയുള്ള പ്രകടനം പുറത്തെടുത്തവര്‍. എന്നിട്ടും ഇന്നുവരെ കപ്പടിക്കാന്‍ സാധിച്ചില്ല. പ്രതിഭകള്‍ നിരവധിയുണ്ടായിട്ടും കിരീട ഭാഗ്യം കനിയാത്തവരാണ് ന്യൂസിലന്‍ഡ് ടീം. 

സ്വന്തം നാട്ടിലും ഓസ്‌ട്രേലിയയിലുമായി നടന്ന കഴിഞ്ഞ ലോകകപ്പിലാണ് അവര്‍ ആദ്യമായി ഫൈനലിലെത്തിയത്. എന്നാല്‍ അന്ന് ഓസ്‌ട്രേലിയയോട് ഏഴ് വിക്കറ്റിന് പരാജയപ്പെട്ടതോടെ അവരുടെ കന്നി ലോക കിരീടമെന്ന സ്വപ്നവും അവസാനിച്ചു. 

കിരീട പ്രതീക്ഷകളുമായാണ് ഇത്തവണയും കിവികള്‍ എത്തുന്നത്. ബാറ്റിങിലും ബൗളിങിലും സന്തുലിതത്വം നിലനിര്‍ത്തിയാണ് ടീം ഇറങ്ങുന്നത്. 

ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസന്റെ നേതൃത്വത്തിലുള്ള ബാറ്റിങ് നിര കരുത്തുറ്റതാണ്. വെറ്റന്‍ താരം റോസ് ടെയ്‌ലര്‍, ഓപണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ എന്നിവരും ടീമിന് ശക്തി കൂട്ടുന്നു. ഹെന്റി നിക്കോള്‍സ്, കോളിന്‍ മണ്‍റോ എന്നിവരും ബാറ്റിങ് നിരയ്ക്ക് വൈവിധ്യം നല്‍കും. മധ്യനിരയ്ക്ക് കരുത്തായി ടോം ലാതം, ജിമ്മി നീഷം, കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം എന്നിവരുണ്ട്. ഫിനിഷറുടെ റോളില്‍ തിളങ്ങാന്‍ ഗ്രാന്‍ഡ് ഹോമിന് സാധിക്കും. 

പരിചയ സമ്പന്നനായ റോസ് ടെയ്‌ലര്‍ ഫോമില്‍ നില്‍ക്കുന്നത് കിവികള്‍ക്ക് ഗുണം ചെയ്യും. വില്ല്യംസനും മികവിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. ഇന്ത്യക്കെതിരായ സന്നാഹ മത്സരത്തില്‍ ഇരുവരും അര്‍ധ സെഞ്ച്വറികള്‍ നേടിയിരുന്നു. 

പേസിനെ തുണയ്ക്കുന്ന ഇംഗ്ലീഷ് പിച്ചുകളില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കിവീസ് ബൗളര്‍മാര്‍ക്ക് സാധിക്കും. ട്രെന്റ് ബോള്‍ട്ട് നേതൃത്വം നല്‍കുന്ന പേസ് നിരയും മികച്ച ഫോമിലാണ്. ഇന്ത്യക്കെതിരായ സന്നാഹ മത്സരത്തില്‍ പുകള്‍പ്പെറ്റ ബാറ്റിങ് നിരയെ പിടിച്ചുകെട്ടാന്‍ സാധിച്ചത് കിവി ബൗളിങിന്റെ ശക്തി വെളിപ്പെടുത്തുന്നതാണ്. ബോള്‍ട്ടിനൊപ്പം ടിം സൗത്തി, മാറ്റ് ഹെന്റി എന്നിവരാണുള്ളത്. മിച്ചല്‍ സന്റാനറാണ് ടീമിലെ ഒരു സ്പിന്നര്‍. ലെഗ് സ്പിന്‍ വൈവിധ്യവുമായി ഇഷ് സോധിയും ടീമിലുണ്ട്. 

ഏകദിന റാങ്കിങില്‍ നാലാം സ്ഥാനത്താണ് ന്യൂസിലന്‍ഡ്. സന്നാഹ മത്സരത്തില്‍ ഇന്ത്യയെ കീഴടക്കി എത്തുന്ന കിവികള്‍ മറ്റുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com