ഇന്ത്യയ്ക്ക് തിരിച്ചു വരണം, ആത്മവിശ്വാസം വീണ്ടെടുക്കണം; രണ്ടാം സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്നിറങ്ങും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th May 2019 08:33 AM  |  

Last Updated: 28th May 2019 08:36 AM  |   A+A-   |  

indiavs_ban

ലോകകപ്പിലെ രണ്ടാം സന്നാഹ മത്സരത്തിനായി ഇന്ത്യ ഇന്നിറങ്ങും. ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളികള്‍. ആദ്യ സന്നാഹ മത്സരത്തില്‍ ന്യൂസിലാന്‍ഡിന്റെ പക്കല്‍ നിന്നുമേറ്റ പ്രഹരത്തില്‍ നിന്നും തിരിച്ചു വരികയാണ് കോഹ് ലിക്കും സംഘത്തിനും മുന്നിലുള്ള ലക്ഷ്യം. 

ഐസിസി റാങ്കിങ്ങില്‍ രണ്ടാമത് നില്‍ക്കുന്ന ഇന്ത്യയ്ക്ക് ബംഗ്ലാദേശ് വലിയ എതിരാളിയല്ലെങ്കിലും ലോകകപ്പിലുള്‍പ്പെടെ പലവട്ടം ഇന്ത്യയ്ക്ക് കനത്ത പ്രഹരം നല്‍കാന്‍ ബംഗ്ലാദേശിനായിട്ടുണ്ട്. ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യയുടെ മുന്‍ നിര ബാറ്റിങ്ങില്‍ പരാജയപ്പെട്ടിരുന്നു. കീവീസ് പേസര്‍മാര്‍ സാഹചര്യം മുതലെടുത്തപ്പോള്‍ ഇന്ത്യന്‍ പേസര്‍മാര്‍ക്ക് സ്‌ട്രൈക്ക് ചെയ്യാനായുമില്ല. 

ഈ സാഹചര്യത്തില്‍, ഔദ്യോഗിക മത്സരങ്ങള്‍ ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ഇന്ത്യയ്ക്ക് ബാറ്റിങ്ങിലും, ബൗളിങ്ങിലും ശക്തി പ്രകടിപ്പിക്കേണ്ടതുണ്ട്. ടീമിന്റെ ആത്മവിശ്വാസത്തിലും അത് സ്വാധീനം ചെലുത്തും. ഓപ്പണര്‍മാരും, മൂന്നാമനായി ഇറങ്ങുന്ന കോഹ് ലിയും മികച്ച കളി പുറത്തെടുത്ത് ഇന്ത്യയ്ക്ക് നല്‍കുന്ന അടിത്തറയാണ് നിര്‍ണായകമാവുക. അവര്‍ പാകുന്ന അടിത്തറയില്‍ നിന്നും ധോനിക്കും, ഹര്‍ദിക്കിനും കൂറ്റന്‍ ഷോട്ടുകളുതിര്‍ത്ത് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കാനാവും.

ബംഗ്ലാദേശിനെതിരെ 35 ഏകദിനങ്ങളില്‍ നിന്നും 29 ജയം നേടി ഇന്ത്യ തന്നെയാണ് ആധിപത്യം പുലര്‍ത്തുന്നത്. ഏഷ്യാ കപ്പിലാണ് ഇരുവരും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് അവസാന പന്തില്‍ ഇന്ത്യ മൂന്ന് വിക്കറ്റിന് ജയം പിടിച്ചു. കീവീസില്‍ നിന്നും 0-3ന് പരമ്പര തോറ്റുമാണ് ബംഗ്ലാദേശ് വരുന്നത്.