ഒറ്റ മത്സരം മതി കാര്യങ്ങള്‍ മാറിമറയാന്‍; കഴിഞ്ഞു പോയ ഈ പോരാട്ടങ്ങൾ പാഠമാണ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th May 2019 03:40 PM  |  

Last Updated: 29th May 2019 04:28 PM  |   A+A-   |  

cricket-aus-ind-icc-wc-2019-trophy_a8d52c24-157c-11e9-9574-d80eb2faafc4

 

ലണ്ടന്‍: ക്രിക്കറ്റ് ലോകകപ്പില്‍ കിരീട സാധ്യത ഏറ്റവും കൂടുതല്‍ കല്‍പ്പിക്കപ്പെടുന്ന മൂന്ന് ടീമുകളാണ് ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും ഇന്ത്യയും. ഏറെക്കുറെ സന്തുലിതമാണ് മൂന്ന് ടീമുകളുടേയും നിലവിലെ അവസ്ഥ. ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ് ടീമുകളും ശക്തര്‍ തന്നെ. വെസ്റ്റിന്‍ഡീസ്, പാക്കിസ്ഥാന്‍, ശ്രീലങ്ക ടീമുകളും വെല്ലുവിളി തീര്‍ക്കാന്‍ പര്യാപ്തമാണ്. ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ ടീമുകളും ആരുടേയും വഴി മുടക്കാന്‍ പ്രാപ്തര്‍ തന്നെ. 

കഴിഞ്ഞ ലോകകപ്പുകളെ അപേക്ഷിച്ച് ഇത്തവണ മത്സരം കടുക്കും. കാരണം പത്ത് ടീമുകള്‍ ഏറ്റുമുട്ടുന്ന ടൂര്‍ണമെന്റിന്റെ ആദ്യ റൗണ്ടില്‍ ഓരോ ടീമും ഓന്‍പത് എതിരാളികളുമായും ഏറ്റുമുട്ടണം. ഇതില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് ലഭിക്കുന്ന നാല് ടീമുകള്‍ സെമി ഫൈനലിലേക്ക് കടക്കും.

ഒന്‍പത് മത്സരങ്ങളില്‍ ഒരു മത്സരം തോറ്റാല്‍ പോലും ടീമുകളുടെ മുന്നോട്ടുള്ള സഞ്ചാരത്തെ ആ തോല്‍വി ബാധിക്കും. ലോകകപ്പിന്റെ കഴിഞ്ഞ അധ്യായങ്ങള്‍ പരിശോധിച്ചാല്‍ കിരീട പ്രതീക്ഷയില്‍ ഇറങ്ങുന്ന ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ഇന്ത്യ ടീമുകളടക്കമുള്ള വമ്പന്‍മാര്‍ക്ക് ഇത്തരം തോല്‍വികള്‍ കനത്ത തിരിച്ചടി നല്‍കിയിട്ടുണ്ടെന്ന് കാണാം. 

2007ലെ ലോകകപ്പില്‍ കിരീട പ്രതീക്ഷയുമായി എത്തിയ ഇന്ത്യക്ക് ആദ്യ റൗണ്ടില്‍ തന്നെ പുറത്ത് പോകേണ്ടി വന്നു. അന്ന് ബംഗ്ലാദേശിനോടും ശ്രീലങ്കയോടും പരാജയപ്പെട്ട് ഇന്ത്യ പുറത്തായി. തൊട്ടുപിന്നാലെ അയര്‍ലന്‍ഡിനോട് അട്ടിമറി തോല്‍വി ഏറ്റുവാങ്ങി പാക്കിസ്ഥാനും പുറത്തായി. 

ചില സമയങ്ങളില്‍ എതിര്‍ ടീമിലെ ഒരു താരത്തിന്റെ ബൗളിങോ, ബാറ്റിങോ ഒക്കെ ടീമുകളുടെ പ്രകടനത്തെ കാര്യമായി സ്വാധീനിക്കാറുണ്ട്. ജയിക്കുക അല്ലെങ്കില്‍ മരിക്കുക എന്ന സ്ഥിതിയില്‍ ഇറങ്ങുന്ന ചില മത്സരങ്ങള്‍ ഒറ്റ താരത്തിന്റെ മികവില്‍ മാറിമറയുന്നു. 

2003ലെ ഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയക്ക് മുന്നില്‍ കീഴടങ്ങിയപ്പോള്‍ അതിന് കാരണം റിക്കി പോണ്ടിങായിരുന്നു. താരം എടുത്ത 140 റണ്‍സ് ഓസീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചപ്പോള്‍ ഇന്ത്യക്ക് ഏറ്റുവാങ്ങേണ്ടി വന്നത് 125 റണ്‍സിന്റെ കനത്ത തോല്‍വി. 

2007ലെ ഫൈനലും ഇത്തരത്തില്‍ ഒരു താരത്തിന്റെ പ്രകടനത്താല്‍ തന്നെ ശ്രദ്ധേയമായ പോരാട്ടമായി. ഓസ്‌ട്രേലിയയും ശ്രീലങ്കയും ഏറ്റുമുട്ടിയപ്പോള്‍ ഗില്‍ക്രിസ്റ്റിന്റെ മാരക സെഞ്ച്വറിയാണ് ഗതി നിര്‍ണയിച്ചത്. 149 റണ്‍സായിരുന്നു ഗില്‍ക്രിസ്റ്റിന്റെ സമ്പാദ്യം.

ദക്ഷിണാഫ്രിക്കയുടെ 1992 മുതലുള്ള നിര്‍ഭാഗ്യ കണക്കുകളുടെ പട്ടികയില്‍ തന്നെയാണ് കഴിഞ്ഞ ലോകകപ്പും. അന്ന് സെമിയില്‍ ആതിഥേയരായ ന്യൂസിലന്‍ഡിനോട് മികച്ച പ്രകടനം നടത്തിയിട്ടും പുറത്താകേണ്ടി വന്നു. മഴ തടസപ്പെടുത്തിയ മത്സരത്തില്‍ 43 ഓവറില്‍ 281 റണ്‍സെന്ന മികച്ച സ്‌കോര്‍ ദക്ഷിണാഫ്രിക്ക അടിച്ചെടുത്തു. മികവോടെ തുടങ്ങിയ ന്യൂസിലന്‍ഡിന് മധ്യനിരയുടെ തകര്‍ച്ച തിരിച്ചടിയായി. 

എന്നാല്‍ ഗ്രാന്‍ഡ് ഇലിയട്ടിന്റെ ഒറ്റയാള്‍ പോരാട്ടം ദക്ഷിണാഫ്രിക്കയുടെ സ്വപ്‌നം തല്ലിക്കെടുത്തി. അതിന് മുന്‍പ് താരത്തെ ക്യാച്ച് ചെയ്ത് പുറത്താക്കാന്‍ കിട്ടിയ അവസരം ദക്ഷിണാഫ്രിക്ക കളഞ്ഞു കുളിച്ചു. പിന്നാലെ ലഭിച്ച റണ്ണൗട്ട് അവസരങ്ങളും നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക തോല്‍വി ഇരന്നു വാങ്ങുകയായിരുന്നു. ഡെയ്ല്‍ സ്‌റ്റെയ്ന്‍ എറിഞ്ഞ അവസാന രണ്ട് പന്തില്‍ ന്യൂസിലന്‍ഡിന് ജയിക്കാന്‍ അഞ്ച് റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ഇത് അനായാസം അടിച്ചെടുത്ത് കിവികള്‍ ഫൈനലിലേക്ക് കടന്നു. 

ഇത്തവണ ആരും ആരെയും ദുര്‍ബലരായി കാണുന്നില്ല എന്നതാണ് സവിശേഷത. മികച്ച പ്രകടനം പുറത്തെടുത്താല്‍ മാത്രം ടീമുകള്‍ക്ക് നിലനില്‍ക്കാമെന്ന് സാരം.