നെയ്മറെ നായക സ്ഥാനത്ത് നിന്നും മാറ്റി ബ്രസീല്‍; കോപ്പ അമേരിക്കയില്‍ ഡാനി ആല്‍വ്‌സ് നയിക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th May 2019 12:24 PM  |  

Last Updated: 28th May 2019 12:24 PM  |   A+A-   |  

neymaralves

കോപ്പ അമേരിക്കയില്‍ ബ്രസീലിനെ ഡാനി ആല്‍വ്‌സ് നയിക്കും. നെയ്മറെ മാറ്റിയാണ് കോപ്പ അമേരിക്കയിലെ ആവേശ പോരിന് ബ്രസീലിനെ നയിക്കാനുള്ള ചുമതല ആല്‍വ്‌സിന് നല്‍കുന്നത്. നായക സ്ഥാനത്ത് നിന്നും മാറ്റിയ കാര്യം നെയ്മറെ കോച്ച് ടിറ്റെ അറിയിച്ചതായും ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ വ്യക്തമാക്കി. 

സ്വന്തം മണ്ണില്‍ നടക്കുന്ന കോപ്പ അമേരിക്കയിലാണ് ബ്രസീല്‍ തങ്ങളുടെ സൂപ്പര്‍ താരത്തെ നായക സ്ഥാനത്ത് നിന്നും മാറ്റി ഇറങ്ങുന്നത്. 2018ലാണ് നെയ്മറെ കോച്ച് ടിറ്റെ ടീമിന്റെ നായകനായി പ്രഖ്യാപിച്ചത്. പിഎസ്ജിയിലെ നെയ്മറുടെ ആശങ്ക നിറഞ്ഞ സീസണിന് പിന്നാലെയാണ് താരത്തിന് ദേശീയ ടീമിന്റെ നായക സ്ഥാനവും നഷ്ടമാവുന്നത്. പിഎസ്ജിയുടെ നായക സ്ഥാനത്തേക്ക് നെയ്മറെ കൊണ്ടുവരുന്നതിനെതിരെയായിരുന്നു കോച്ച് തോമസ് ടച്ചലും പ്രതികരിച്ചിരുന്നത്. 

എട്ട് വട്ടം കോപ്പ അമേരിക്കയില്‍ ജയിച്ചു കയറിയ ബ്രസീലിന് മുന്നില്‍ ഇത്തവണ ബൊളിവിയ, വെനസ്വേല, പെറു എന്നീ ടീമുകളാണ് ഗ്രൂപ്പ് ഘട്ടത്തില്‍ വെല്ലുവിളി ഉയര്‍ത്തിയെത്തുന്നത്. ജൂണ്‍ 14നാണ് കോപ്പ അമേരിക്കയിലെ ബ്രസീലിന്റെ ആദ്യ മത്സരം. അതിന് മുന്‍പ് ഖത്തര്‍, ഹോണ്ടറസ് എന്നീ ടീമുകള്‍ക്കെതിരെ ബ്രസീല്‍ സൗഹൃദ മത്സരം കളിക്കും. നിലവില്‍, മൂന്ന് മത്സരങ്ങളില്‍ നിന്ന് വിലക്ക് നേരിട്ട് നില്‍ക്കുകയാണ് നെയ്മര്‍. ഫ്രഞ്ച് കപ്പ് ഫൈനലിന് ഇടയില്‍ റെന്നസിനോട് തോല്‍വി നേരിട്ടതിന് പിന്നാലെ ആരാധകനെ മര്‍ദ്ദിച്ചതിനാണ് സസ്‌പെന്‍ഷന്‍.