പ്രീമിയര്‍ ലീഗിന്റെ ടീം ഓഫ് ദി ഇയറില്‍ അവഗണന; പക്ഷേ ആരാധകരുടെ പ്ലേയര്‍ ഓഫ് ദി ഇയറായി ഹസാര്‍ഡ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th May 2019 12:47 PM  |  

Last Updated: 28th May 2019 12:47 PM  |   A+A-   |  

eden_hazard_5

റയല്‍ മാഡ്രിഡിലേക്ക് ഈ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലെങ്കിലും ഹസാര്‍ഡ് ചേക്കേറുമോ എന്നതാണ് ആരാധകരുടെ ചോദ്യം. കഴിഞ്ഞ നാല് വര്‍ഷത്തോളമായി ഹസാര്‍ഡിനേയും റയലിനേയും ബന്ധപ്പെടുത്തി വാര്‍ത്തകള്‍ വരുന്നു. ഈ സീസണില്‍ അതുണ്ടാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. റയലിലേക്ക് ചേക്കേറുന്നതിന് മുന്‍പ് ചെല്‍സിയില്‍ തകര്‍പ്പന്‍ സീസണ്‍ പിന്നിട്ടാണ് ഹസാര്‍ഡ് താന്‍ സൂപ്പര്‍ താരം തന്നെയെന്ന് പ്രഖ്യാപിക്കുന്നത്. ആ തകര്‍പ്പന്‍ ഫോമിനൊപ്പ്ം ആരാധകരുടെ ഇഷ്ടവും ഹസാര്‍ഡിനൊപ്പം പോരുന്നു. 

പ്രീമിയര്‍ ലീഗിന്റെ ടീം ഓഫ് ദി ഇയര്‍ തെരഞ്ഞെടുത്തപ്പോള്‍ ഹസാര്‍ഡിനെ ഒഴിവാക്കിയിരുന്നു. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് വേണ്ടി മികച്ച കളി പുറത്തെടുക്കാന്‍ സാധിക്കാതിരുന്നിട്ട് കൂടി പോള്‍ പോഗ്ബ ടീം ഓഫ് ദി ഇയറിലേക്കെത്തി. ഇവിടെ ഹസാര്‍ഡ് തഴയപ്പെട്ടുവെങ്കിലും ആരാധകര്‍ ബെല്‍ജിയം താരത്തിനൊപ്പമുണ്ടായി. ആരാധകരുടെ പ്രീമിയര്‍ ലീഗ് പ്ലേയര്‍ ഓഫ് ദി ഇയറായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ഹസാര്‍ഡ്. 

ഈ സീസണില്‍ പ്രീമിയര്‍ ലീഗിലെ 37 മത്സരങ്ങളില്‍ നിന്നും 16 ഗോളും 15 അസിസ്റ്റുമോടെയാണ് ഹസാര്‍ഡ് തിളങ്ങുന്നത്. ഹസാര്‍ഡിന്റെ മികവിലാണ് പ്രീമിയര്‍ ലീഗില്‍ ടോപ് 4ലെത്താന്‍ ചെല്‍സിക്കായത്. ആരാധകര്‍ വോട്ടെടുപ്പിലൂടെ പ്രീമിയര്‍ ലീഗ് താരത്തെ തെരഞ്ഞെടുത്തപ്പോള്‍ 34 ശതമാനം വോട്ടാണ് ഹസാര്‍ഡിന് ലഭിച്ചത്. ബര്‍ണാഡോ സില്‍വ, മാനെ, അഗ്യുറോ എന്നിവര്‍ക്ക് മുന്നിലെത്താന്‍ ഹസാര്‍ഡിനായി. ലിവര്‍പൂളിന്റെ വാന്‍ ഡിജിക്കാണ് പ്രീമിയര്‍ ലീഗ് പ്ലേയര്‍ ഓഫ് ദി ഇയര്‍.  റഹീം സ്റ്റെര്‍ലിങ്ങാണ് റണ്ണറപ്പ്.