ഇത് താൻടാ ടീം ! ബാറ്റിങിലും ബൗളിങിലും തിളങ്ങി ടീം ഇന്ത്യ ; ബം​ഗ്ലാദേശിനെതിരെ 95 റൺസ് ജയം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th May 2019 12:19 AM  |  

Last Updated: 29th May 2019 12:19 AM  |   A+A-   |  

 

കാർഡിഫ്: ലോകകപ്പ്‌ സന്നാഹ മത്സരത്തിൽ  ബം​ഗ്ലാദേശിനെതിരെ ഇന്ത്യക്ക് 95 റൺസിന്റെ തകർപ്പൻ ജയം. ഇന്ത്യ ഉയർത്തിയ 360 റൺസെന്ന വിജയ ലക്ഷ്യത്തിന് മുന്നിൽ ബം​ഗ്ലാദേശ് തകർന്നടിയുകയായിരുന്നു. തിളക്കമാർന്ന സെഞ്ചുറിയുമായി ധോണിയും ഒപ്പം പിന്തുണ നൽകിയ കെ എൽ രാഹുലുമാണ് ഇന്ത്യയ്ക്ക് വിജയം അനായാസമാക്കിയത്. രാഹുല്‍ 99 പന്തില്‍ 108 റണ്‍സെടുത്തും ധോണി 78 പന്തില്‍ 113 റണ്‍സിലുമാണ് പുറത്തായത്.

നാലാം നമ്പറിലിറങ്ങി മികച്ച  പ്രകടനം കാഴ്ച വച്ച കെ എൽ രാഹുൽ ലോകകപ്പിൽ ഇന്ത്യയ്ക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. ദീർഘകാലമായി നാലാം നമ്പറുകാരനെ കാത്തിരിക്കുകയായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് ടീം. 

ടോസ് നേടിയ ബം​ഗ്ലാദേശ് ഇന്ത്യയെ ബാറ്റിങിന് അയയ്ക്കുകയായിരുന്നു. കൂറ്റൻ സ്കോർ കെട്ടിപ്പടുത്ത ഇന്ത്യ ബൗളിങിലും മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. മൂന്ന് വിക്കറ്റ് വീതം നേടിയ കുൽദീപും ചാഹലുമാണ് ബം​ഗ്ലാദേശ് ആക്രമണത്തിന്റെ മുനയൊടിച്ചത്. 49.3 ഓവറിൽ 264 റൺസ് എടുത്തതോടെ ബം​ഗ്ലാ വീര്യം അവസാനിച്ചു. 90  റണ്‍സ് നേടിയ മുഷ്‌ഫിഖുര്‍ റഹീമും 73 റണ്‍സ് നേടിയ ലിറ്റില്‍ ദാസും മികച്ച പ്രതിരോധമാണ് ഉയർത്തിയതെങ്കിലും ഫലമുണ്ടായില്ല. ഇന്നത്തതോടെ ഇന്ത്യയുടെ സന്നാഹ മത്സരങ്ങൾ അവസാനിച്ചു. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ജൂൺ അഞ്ചാം തിയതിയാണ് ഇന്ത്യയുടെ ആദ്യ മത്സരം.