പരിക്ക് ഭീഷണി മുന്പില് വെച്ച് നെയ്മര്‍, സംഭവം നായക സ്ഥാനത്ത് നിന്നും മാറ്റിയ അതേ ദിവസം
By സമകാലിക മലയാളം ഡെസ്ക് | Published: 29th May 2019 11:46 AM |
Last Updated: 29th May 2019 11:46 AM | A+A A- |

ടീമിന്റെ നായക സ്ഥാനത്ത് നിന്നും ബ്രസീല്‍ മാറ്റിയതിന് പിന്നാലെ പരിക്കും നെയ്മര്‍ക്ക് തിരിച്ചടിയാവുന്നു. കോപ്പ അമേരിക്കയ്ക്ക് മുന്‍പായുള്ള പരിശീലനത്തില്‍ ഏര്‍പ്പെടവെ ഗ്രൗണ്ടില്‍ നിന്നും നടക്കാന്‍ വയ്യാതെ പുറത്തേക്ക് പോവുന്ന നെയ്മറാണ് ആരാധകര്‍ക്ക് ആശങ്ക തീര്‍ക്കുന്നത്.
നെയ്മറുടെ ഇടത് കാല്‍മുട്ടിനാണ് പരിക്കേറ്റത്. ബ്രസീല്‍ ടീമിന്റെ നായക സ്ഥാനത്ത് നിന്നും നെയ്മറെ മാറ്റിയ വിവരം പ്രഖ്യാപിച്ച അതേ ദിവസം തന്നെയാണ് നെയ്മറുടെ പരിക്കിന്റെ ഭീഷണിയും വരുന്നത്. കൈകൊണ്ടും ജേഴ്സികൊണ്ടും മുഖം മറച്ചാണ് നെയ്മര്‍ ഗ്രൗണ്ട് വിട്ടത്.
നെയ്മറെ നായ്ക സ്ഥാനത്ത് നിന്നും മാറ്റാന്‍ ബ്രസീല്‍ ടീം പരിശീലകന് ടിറ്റേയ്ക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. ക്ലബ് ഫുട്ബോളില്‍ തുടര്‍ച്ചയായി നെയ്മറുടെ ഭാഗത്ത് നിന്നുമുണ്ടായ അച്ചടക്ക ലംഘനങ്ങളാണ് ഇതിന് കാരണമായത്. ചാമ്പ്യന്‍സ് ലീഗ് റഫറിമാരെ പരിഹസിച്ചതിന് നടപടി നേരിട്ടതിന് പിന്നാലെ ഗ്യാലറിയില്‍ നിന്ന ആരാധകനെ പ്രഹരിച്ചും നെയ്മര്‍ ശിക്ഷ വാങ്ങിക്കൂട്ടി.
പിഎസ്ജിയിലെ തന്നെ നെയ്മറുടെ സഹതാരം ഡാനി ആല്‍വ്സാണ് ബ്രസീലിനെ കോപ്പ അമേരിക്കയില്‍ നയിക്കുക. റഷ്യന്‍ ലോകകപ്പില്‍ ക്വാര്‍ട്ടറില്‍ പുറത്തായതിന് ശേഷമാണ് നെയ്മര്‍ക്ക് ബ്രസീല്‍ ടീമിന്റെ സ്ഥിര നായക പദവി ലഭിക്കുന്നത്.