മൂന്ന് റെക്കോര്‍ഡുകള്‍, ലോകകപ്പില്‍ ഇവ മറികടന്നാല്‍ കോഹ് ലിയെ പിന്നെ പിടിച്ചാല്‍ കിട്ടില്ല

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th May 2019 12:58 PM  |  

Last Updated: 29th May 2019 04:24 PM  |   A+A-   |  

kohliworldcup

ഇന്ത്യയുടെ ഏത് പര്യടനം മുന്‍പിലെത്തിയാലും, ഏത് ടൂര്‍ണമെന്റ് എത്തിയാലും കോഹ് ലി മറികടക്കാന്‍ സാധ്യതയുള്ള റെക്കോര്‍ഡുകളുടെ ഒരു നീണ്ട നിര തന്നെയുണ്ടാവും. ലോകകപ്പിലേക്ക് വരുമ്പോഴും കാര്യം വ്യത്യസ്തമല്ല. നായക സ്ഥാനത്ത് ഇത് കോഹ് ലിയുടെ ആദ്യ ലോകകപ്പാണ്. അതുകൊണ്ട് തന്നെ മികച്ച ബാറ്റിങ് പുറത്തെടുത്ത് കോഹ് ലി ടീമിനെ മുന്നില്‍ നിന്ന് നയിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

അങ്ങനെ ബാറ്റിങ്ങില്‍ മികച്ച കളി പുറത്തെടുത്ത് കോഹ് ലി പൊരുതിയാല്‍ ഇംഗ്ലണ്ടില്‍ ചില റെക്കോര്‍ഡുകള്‍ കോഹ് ലി തന്റെ പേരിലാക്കും..

ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ്

ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ നായകന്‍ എന്ന റെക്കോര്‍ഡ് സൗരവ് ഗാംഗുലിയുടെ പേരിലാണ്. 2003ലെ ലോകകപ്പില്‍ 11 കളികളില്‍ നിന്നും 465 റണ്‍സാണ് ഗാംഗുലി നേടിയത്. മൂന്ന് സെഞ്ചുറിയും ഒരു അര്‍ധ സെഞ്ചുറിയും ഇതില്‍ ഉള്‍പ്പെടുന്നു. 

ഇംഗ്ലണ്ട് വേദിയാവുന്ന ഈ ലോകകപ്പില്‍ ഗാംഗുലിയെ പിന്നിലാക്കി കോഹ് ലി റണ്‍സ് വാരിക്കൂട്ടുമോയെന്നാണ് കണ്ടറിയേണ്ടത്. കോഹ് ലിയുടെ ഫോം നോക്കുമ്പോള്‍ ആ റെക്കോര്‍ഡ് കോഹ് ലിയുടെ പേരിലേക്ക് വന്ന് വീഴുമെന്ന് ഉറപ്പാണ്. 17 ലോകകപ്പ് മത്സരങ്ങളില്‍ നിന്നും 587 റണ്‍സാണ് കോഹ് ലി ഇതുവരെ സ്‌കോര്‍ ചെയ്തത്. ഇത്തവണ മികച്ച കളി പുറത്തെടുത്ത് ലോകകപ്പിലെ തന്റെ റെക്കോര്‍ഡ് ബുക്ക് മെച്ചപ്പെടുത്താന്‍ കോഹ് ലി ശ്രമിക്കും. 

ഏറ്റവും കൂടുതല്‍ സെഞ്ചുറി 

ഏകദിനത്തില്‍ കോഹ് ലി പുലര്‍ത്തുന്ന സ്ഥിരതയാണ് ക്രിക്കറ്റ്  ലോകത്തെ അടിക്കടി ഞെട്ടിക്കുന്നത്. കോഹ് ലിയുടെ ബാറ്റിങ് ശരാശരി നോക്കിയാല്‍ തന്നെ അത് വ്യക്തമാണ്. സിംഗിള്‍ എഡിഷന്‍ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ ഇന്ത്യന്‍ നായകന്‍ എന്ന നേട്ടവും ഗാംഗുലിയുടെ പേരിലാണ്. 

2003ല്‍ മൂന്ന് സെഞ്ചുറിയാണ് ഗാംഗുലി നേടിയത്. ഇംഗ്ലണ്ടില്‍ 9 ലീഗ് മത്സരങ്ങള്‍ ഇന്ത്യയുടെ മുന്നില്‍ നില്‍ക്കുമ്പോള്‍് ഈ 16 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് കോഹ് ലി മറകടക്കാനാണ് സാധ്യതയെല്ലാം.

ഏകദിനത്തില്‍ വേഗത്തില്‍ 11,000 

സച്ചിന്‍ തെണ്ടുല്‍ക്കര്‍ തന്റെ പേരില്‍ ചേര്‍ത്ത് വെച്ച റെക്കോര്‍ഡുകളെല്ലാം കോഹ് ലി തന്റെ പേരിലേക്ക് മാറ്റുമെന്നാണ് ക്രിക്കറ്റ് ലോകത്ത് ഒരുവിഭാഗത്തിന്റെ വിശ്വാസം. കളിക്കളത്തില്‍ അതിനെ സാധൂകരിക്കുന്ന കളി കോഹ് ലി പുറത്തെടുക്കുന്നുമുണ്ട്. ഈ ലോകകപ്പില്‍ വെച്ച് ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന താരം എന്ന റെക്കോര്‍ഡ് കോഹ് ലി സ്വന്തമാക്കുമോ എന്നതാണ് ഏറ്റവും കൂടുതല്‍ ആകാംക്ഷയുണര്‍ത്തുന്ന ചോദ്യം. 

ലോകകപ്പില്‍ 9 സെഞ്ചുറി നേടി തകര്‍പ്പന്‍ കളി കോഹ് ലി പുറത്തെടുത്താല്‍ ഏകദിനത്തില്‍ 50 സെഞ്ചുറി നേടുന്ന ആദ്യ കളിക്കാരനാവും കോഹ് ലി. വേഗത്തില്‍ 10,000 റണ്‍സ് ക്ലബിലെത്തുന്ന താരമായിരുന്നു കോഹ് ലി 2018 ഒക്ടോബറില്‍. 205 ഇന്നിങ്‌സില്‍ നിന്നാണ് കോഹ് ലി ഈ നേട്ടം സ്വന്തമാക്കിയത്. സച്ചിനേക്കാള്‍ 54 ഇന്നിങ്‌സ് കുറവ്. 

നിലവില്‍, 219 ഏകദിന ഇന്നിങ്‌സില്‍ നിന്നും 10,843 റണ്‍സാണ് കോഹ് ലിയുടെ സമ്പാദ്യം. ഇത് 11,000ലേക്ക് എത്തിക്കാന്‍ കോഹ് ലിക്ക് അധികം പ്രയാസപ്പെടേണ്ടി വരില്ലെന്ന് വ്യക്തം.