ഇതാ, ഫുട്‌ബോള്‍ ലോകത്തെ നാണംകെടുത്തിയ ആ 45 സെക്കന്‍ഡുകള്‍! (വീഡിയോ)

കഴിഞ്ഞ ദിവസം അര്‍ജന്റീനയിലെ ഫുട്‌ബോള്‍ ടൂര്‍ണമെന്റായ പ്രീമിയേറ ബി രണ്ടാം ഡിവിഷന്‍ പോരാട്ടത്തിന്റെ 28ാം മിനുട്ടിന് ശേഷം നടന്ന കാര്യങ്ങള്‍ ഫുട്‌ബോളിന് നാണക്കേടുണ്ടാക്കുന്നതായി മാറി
ഇതാ, ഫുട്‌ബോള്‍ ലോകത്തെ നാണംകെടുത്തിയ ആ 45 സെക്കന്‍ഡുകള്‍! (വീഡിയോ)

ബ്യൂണസ് അയേഴ്‌സ്: ഫുട്‌ബോള്‍ മൈതാനത്തെ വീറും വാശിയുമാണ് ആ കളിയുടെ അനിശ്ചിതത്വത്തെ അടയാളപ്പെടുത്തുന്നത്. നിശ്ചിത സമയത്തിനുള്ളില്‍ തീര്‍ക്കേണ്ടതിനാല്‍ തന്നെ വികാരങ്ങളുടെ പല അവസ്ഥകളും ഫുട്‌ബോള്‍ മൈതാനത്ത് കാണാം. 

കഴിഞ്ഞ ദിവസം അര്‍ജന്റീനയിലെ ഫുട്‌ബോള്‍ ടൂര്‍ണമെന്റായ പ്രീമിയേറ ബി രണ്ടാം ഡിവിഷന്‍ പോരാട്ടത്തിന്റെ 28ാം മിനുട്ടിന് ശേഷം നടന്ന കാര്യങ്ങള്‍ ഫുട്‌ബോളിന് നാണക്കേടുണ്ടാക്കുന്നതായി മാറി. 

അല്‍മഗ്രോയും അത്‌ലറ്റിക്കോ സെന്ററല്‍ കോര്‍ഡോബയും തമ്മിലുള്ള മത്സരത്തിനിടെയാണ് 45 സെക്കന്‍ഡില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ഈ 45 സെക്കന്‍ഡുകള്‍ക്കിടെ ഇരു ടീമിലേയും താരങ്ങള്‍ ഫൗള്‍ ചെയ്യാന്‍ മത്സരിക്കുകയായിരുന്നു. പരസ്പരം ടാക്ലിങ് കടുപ്പിച്ചതോടെ ഒന്നിന് പുറകെ ഒന്നായി ഇരു ടീമുകളിലേയും താരങ്ങള്‍ വീണുകൊണ്ടിരുന്നു. സഹികെട്ട് റഫറി അച്ചടക്കത്തിന്റെ വാള്‍ വീശി. 

ഇതോടെ റഫറി അല്‍മഗ്രോ താരമായ ലിയനാര്‍ഡോ കോസ്റ്റയെ മഞ്ഞ കാര്‍ഡും പിന്നാലെ ചുവപ്പ് കാര്‍ഡും കാട്ടി പുറത്താക്കി. എന്നാല്‍ കാര്‍ഡ് കാണിച്ച റഫറിയോട് കയര്‍ക്കുകയും കൈയേറ്റം ചെയ്യാനും കോസ്റ്റ ശ്രമിച്ചത് നാണക്കേടിന്റെ ആഴം കൂട്ടുന്നതായി. സംഭവത്തിനെതിരെ ഫുട്‌ബോള്‍ ലോകത്ത് നിന്ന് കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. 

ഇരുപാദങ്ങളിലായ നടന്ന പോരാട്ടത്തില്‍ അല്‍മഗ്രോയെ 4-2ന് വീഴ്ത്തി അത്‌ലറ്റിക്കോ വിജയം സ്വന്തമാക്കി. നേരത്തെ ആദ്യ പാദത്തില്‍ അത്‌ലറ്റിക്കോ 2-1ന് വിജയിച്ചിരുന്നു. ഈ പോരാട്ടത്തില്‍ മിക്‌സിമിലിയാനോ ഗാര്‍ഷ്യ എന്ന അല്‍മഗ്രോ താരത്തിന് പുറത്ത് പോകേണ്ടി വന്നിരുന്നു. രണ്ടാം പാദത്തിലും അത്‌ലറ്റിക്കോ 2-1ന് വിജയം പിടിച്ചു. ഈ പോരാട്ടത്തില്‍ കോസ്റ്റ പുറത്തായതോടെ പത്ത് പേരുമായി തന്നെ അല്‍മഗ്രോയ്ക്ക് കളിക്കേണ്ടി വന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com