ഇന്ത്യൻ ടീം ചട്ടം പാലിക്കുന്നില്ലെന്ന്; ബസിസിഐക്ക് ഐസിസിയുടെ കത്ത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th May 2019 03:13 PM  |  

Last Updated: 29th May 2019 04:24 PM  |   A+A-   |  

maxresdefault

 

ലണ്ടൻ: ഏകദിന ലോകകപ്പുമായി ബന്ധപ്പെട്ട് മീഡിയ പ്രോട്ടോക്കോൾ പാലിക്കാൻ ഇന്ത്യൻ ടീം തയ്യാറായില്ലെന്ന് കാണിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ബിസിസിഐയ്ക്ക് കത്തയച്ചതായി റിപ്പോർട്ട്. മാധ്യമ പെരുമാറ്റച്ചട്ടം പാലിക്കാത്ത ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നീക്കത്തിൽ ലോകകപ്പ് സംഘാടകർ അസന്തുഷ്ടരാണെന്ന് ഐസിസി കത്തിൽ വ്യക്തമാക്കുന്നു. 

ലോകകപ്പ് മത്സരങ്ങൾക്ക് ശേഷം ഇരു ടീമിലേയും താരങ്ങൾ മിക്സഡ് മീഡിയ സോണിലെത്തണമെന്നാണ് ഐസിസിയുടെ പുതിയ ചട്ടം. മാധ്യമ പ്രവർത്തകരോട് സംവദിക്കാനാണിത്. എന്നാൽ ന്യൂസിലൻഡിനെതിരെ നടന്ന ആദ്യ സന്നാഹ മത്സരത്തിന്‌ ശേഷം ഒരിന്ത്യൻ താരം പോലും മിക്സഡ് മീഡിയ സോണിലെത്തിയിരുന്നില്ല.

2017 ലെ ചാമ്പ്യൻസ് ട്രോഫി മുതലാണ് ക്രിക്കറ്റിൽ മിക്സഡ് മീഡിയ സോൺ രീതി ഐസിസി കൊണ്ട് വരുന്നത്. ഫലം എന്ത് തന്നെയായാലും ടീമിലെ പതിനഞ്ച് പേരെയും മാധ്യമങ്ങളുമായി കുറച്ച് നേരം സംവദിക്കാൻ മത്സര ശേഷം മിക്സഡ് മീഡിയ സോണിലേക്ക് അയക്കണമെന്ന് ഐസിസി‌, ക്രിക്കറ്റ് ബോർഡുകൾക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്‌. എന്നാൽ ന്യൂസിലൻഡിനെതിരെ നടന്ന ലോകകപ്പ് സന്നാഹ മത്സരത്തിന് ശേഷം ഒരിന്ത്യൻ താരം പോലും മീഡിയ സോണിലെത്തിയില്ല. ഇതാണ് സംഘാടകരേയും, ഐസിസിയേയും രോഷം കൊള്ളിച്ചത്.

ഇന്ത്യൻ താരങ്ങൾ മിക്സഡ് മീഡിയ സോണിലേക്കെത്താതിരുന്നത് വലിയ വിവാദമായതോടെ ഐസിസി, ഇക്കാര്യം ആദ്യം ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. ഇതിനെത്തുടർന്ന് ഇന്നലെ ബംഗ്ലാദേശുമായി നടന്ന സന്നാഹ മത്സരത്തിന് ശേഷം തങ്ങളുടെ കുറച്ച് താരങ്ങളെ മീഡിയ സോണിലേക്ക് അയക്കാൻ ഇന്ത്യൻ ടീം മാനേജ്മെന്റ് തയ്യാറാവുകയും ചെയ്തു.