ലോകകപ്പിലൂടെ പണം വാരാന്‍ സ്റ്റാര്‍ ഇന്ത്യ, വരുമാനം 1,800 കോടി കടന്നേക്കും; ഇന്ത്യ മികച്ച കളി പുറത്തെടുത്താല്‍ നേട്ടം കുതിക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th May 2019 10:38 AM  |  

Last Updated: 29th May 2019 04:25 PM  |   A+A-   |  

indvsban

ഐപിഎല്ലില്‍ നിന്ന്‌ 2,500 കോടിയുടെ വരുമാനം നേടിയെടുത്തതിന് പിന്നാലെ ലോകകപ്പിലൂടേയും പണം വരാന്‍ ലക്ഷ്യമിട്ട് സ്റ്റാര്‍ ഇന്ത്യ. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആരാധകരെ നിരാശരാക്കിയില്ലെങ്കില്‍ ലോകകപ്പിലൂടെ 1,200 കോടിക്കും, 1,500 കോടിക്കും ഇടയില്‍ പരസ്യ വരുമാനമാണ് സ്റ്റാര്‍ ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത്. 

300 കോടി രൂപയുടെ പരസ്യ വരുമാനം ഓണ്‍ലൈന്‍ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ ഹോട്ട്‌സ്റ്റാര്‍ വഴിയും ലക്ഷ്യം വയ്ക്കുന്നു. ലോകകപ്പ് സംപ്രേഷണത്തിന് ഇടയിലെ പരസ്യ വിഭാഗത്തില്‍ 80 ശതമാനത്തോളം വില്‍പ്പന നടന്നു കഴിഞ്ഞു. PhonePe, വണ്‍പ്ലസ്, ഹാവല്‍സ്, ആമസോണ്‍, ഡ്രീം11, എംആര്‍എഫ് ടയേഴ്‌സ്, കോക്ക കോള, യൂബര്‍, ഒപ്പോ, ഫിലിപ്‌സ്, സീയറ്റ് ടയേഴ്‌സ് എന്നിങ്ങനെ 40 കമ്പനികളാണ് സ്റ്റാര്‍ ഇന്ത്യയുമായി ധാരണയിലെത്തിയത്. 

2015 ലോകകപ്പില്‍ സ്റ്റാറിന് ലഭിച്ച 700 കോടി വരുമാനത്തിന്റെ ഇരട്ടിയാണ് ഈ ലോകകപ്പില്‍ ലഭിക്കുന്നത്. ഇന്ത്യയുടെ മിക്ക മത്സരങ്ങളും ആഴ്ചയുടെ അവസാനത്തിലാണെന്നതും, ഇന്ത്യന്‍ ആരാധകര്‍ക്ക് കാണാന്‍ അനുയോജ്യമായ സമയത്താണ് ഇംഗ്ലണ്ടില്‍ മത്സരങ്ങള്‍ നടക്കുന്നത് എന്നതും സ്റ്റാര്‍ ഇന്ത്യയ്ക്ക് അനുകൂലമായ ഘടകമായി. 

ഇത്തവണ, ഹോട്ട്‌സ്റ്റാറില്‍ നിന്നും പ്രത്യേക പരസ്യ വരുമാനമാണ് സ്റ്റാര്‍ ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത്. 2015 ലോകകപ്പ് ഹോട്ട്‌സ്റ്റാര്‍ സംപ്രേഷണം ചെയ്തിരുന്നു എങ്കിലും അന്ന് പരസ്യ വരുമാനം ഇതില്‍ നിന്ന് കണക്കാക്കിയിരുന്നില്ല. ഇംഗ്ലണ്ടിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കളി അനുസരിച്ചിരിക്കും പരസ്യ വരുമാനത്തില്‍ വരുന്ന വര്‍ധന.