തകര്‍ത്തടിച്ച് ഇംഗ്ലണ്ട്: ദക്ഷിണാഫ്രിക്കയ്ക്ക് 312 റണ്‍സ് വിജയലക്ഷ്യം

By സമകാലികമലയാളം ഡെസ്‌ക്  |   Published: 30th May 2019 07:27 PM  |  

Last Updated: 30th May 2019 07:27 PM  |   A+A-   |  

 

ഓവല്‍: 2019 ക്രിക്കറ്റ് ലോകകപ്പിന്റെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മുന്‍പില്‍ 312 വിജയലക്ഷ്യമുയര്‍ത്തി ആതിഥേയരായ ഇംഗ്ലണ്ട്.  ഇംഗ്ലണ്ട്, നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 311 റണ്‍സെടുത്തത്. നാല് അര്‍ധസെഞ്ചുറികളും രണ്ട് സെഞ്ചുറി കൂട്ടുകെട്ടുകളും കരുത്തേകിയ ഇന്നിങ്‌സിനൊടുവിലാണ് ഇംഗ്ലണ്ട് മികച്ച സ്‌കോറിലേക്ക് എത്തിയത്. ഒരു ഘട്ടത്തില്‍ 350 കടക്കുമെന്ന് തോന്നിച്ച ഇംഗ്ലണ്ട് സ്‌കോര്‍, ദക്ഷിണാഫ്രിക്കന്‍ ബോളര്‍മാരുടെ മികവിനു മുന്നില്‍ 311ല്‍ ഒതുങ്ങുകയായിരുന്നു.

ലോക ക്രിക്കറ്റിലെ പ്രധാന ശക്തികളായിട്ടും ഇരുടീമുകള്‍ക്കും ഇതുവരെ ലോകകപ്പ് നേടാനായിട്ടില്ല. ആ ചരിത്രം തിരുത്താനാണ് ഇരുടീമുകളും വരുന്നത്. 2015 ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ പുറത്തായ ഇംഗ്ലണ്ട് പക്ഷേ നാലു വര്‍ഷത്തിനു ശേഷം കിരീട സാധ്യതയില്‍ ഏറെ മുന്നിലാണ്. ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരാണവര്‍. ഏകദിനത്തിലെ ഉയര്‍ന്ന സ്‌കോറും ഇംഗ്ലണ്ടിന്റെ പേരില്‍ തന്നെ. 

1992 മുതല്‍ ലോകകപ്പില്‍ കളിക്കുന്ന ദക്ഷിണാഫ്രിക്ക കഴിഞ്ഞതവണ സെമിഫൈനലില്‍ ന്യൂസീലന്‍ഡിനോട് തോറ്റു. ഇക്കുറി ഫാഫ് ഡുപ്ലെസി നയിക്കുന്ന ടീമില്‍ ക്വിന്റണ്‍ ഡി കോക്ക്, ഹാഷിം ആംല, ഡേവിഡ് മില്ലര്‍, ജെ.പി. ഡുമിനി തുടങ്ങിയ പരിചയസമ്പന്നരുണ്ട്. പരിക്കിലായിരുന്ന പേസ് ബൗളര്‍ കാഗിസോ റബാഡ തിരിച്ചെത്തും.

തുല്യശക്തികളുടെ പോരാട്ടം കൂടിയാണിത്. ലോകകപ്പില്‍ ആറുതവണ മുഖാമുഖം വന്നപ്പോള്‍ ഇരുടീമുകളും മൂന്നുകളിവീതം ജയിച്ചു. ഏകദിനത്തില്‍ ആകെ 59 മത്സരങ്ങളില്‍ ഇംഗ്ലണ്ടിന് 26 ജയവും ദക്ഷിണാഫ്രിക്കയ്ക്ക് 29 ജയവുമുണ്ട്.