പാകിസ്ഥാന് 105ന് പുറത്ത്; പാക് ബാറ്റിങിനെ ചുരുട്ടികൂട്ടി വിൻഡീസ്
By സമകാലിക മലയാളം ഡെസ്ക് | Published: 31st May 2019 05:06 PM |
Last Updated: 31st May 2019 05:07 PM | A+A A- |

ലണ്ടൻ: ലോകകപ്പിലെ രണ്ടാം പോരാട്ടത്തില്‍ വെസ്റ്റിന്‍ഡീസിനെതിരെ പാക്കിസ്ഥാന് 105 റണ്‍സിന് ഓള് ഔട്ട്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന് വെറും 21.4 ഓവറിലാണ് 105ന് പോരാട്ടം അവസാനിപ്പിച്ചത്. നാല് വിക്കറ്റുകള്‍ വീഴ്ത്തിയ ഒഷെയ്ന് തോമസ് മൂന്ന് വിക്കറ്റെടുത്ത ക്യാപ്റ്റന്‍ ജാസന്‍ ഹോള്‍ഡർ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയ ആന്ദ്രെ റസ്സല്‍ എന്നിവരുടെ പന്തുകളാണ് പാക്കിസ്ഥാനെ വീഴ്ത്തിയത്.
തുടക്കത്തിൽ തന്നെ ഓപണർ ഇമാം ഉൾ ഹഖ് രണ്ട് റൺസുമായി മടങ്ങി. പിന്നാലെയെത്തിയ ബാബർ അസം മറ്റൊരു ഓപണർ ഫഖർ സമാന് പിന്തുണ നൽകിയതോടെ പാക്കിസ്ഥാൻ ട്രാക്കിലായെന്ന് തോന്നിപ്പിച്ചു. എന്നാൽ ആന്ദ്രെ റസ്സൽ ബൗളിങിനെത്തിയതോടെ പാക്കിസ്ഥാന്റെ ബാറ്റിങും ആടിയുലഞ്ഞു. 16 പന്തിൽ 22 റൺസെടുത്ത ഫഖർ സമാനെ റസ്സൽ ക്ലീൻ ബൗൾഡാക്കി. പിന്നാലെയെത്തിയ ഹാരിസ് സൊഹൈലിനേയും റസ്സൽ പുറത്താക്കി. എട്ട് റൺസായിരുന്നു ഹാരിസിന്റെ സമ്പാദ്യം. കരുതലോടെ മുന്നേറിയ ബാബർ അസമിനെ ഓഷെയ്ൻ തോമസ് വിക്കറ്റ് കീപ്പർ ഷായ് ഹോപിന്റെ കൈകളിലെത്തിച്ചു.
ആദ്യ രണ്ട് ഓവറിൽ 20 റൺസ് വഴങ്ങിയ ക്യാപ്റ്റൻ ജാസൻ ഹോൾഡർ മൂന്നാം ഓവർ എറിയാനെത്തി ആ ഓവറിൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തി പാക്കിസ്ഥാനെ ഞെട്ടിച്ചു. എട്ട് റൺസെടുത്ത പാക് നായകൻ സർഫ്രാസ് അഹമ്മദിനെയും ഒരു റൺസെടുത്ത ഇമദ് വാസിമിനെയുമാണ് ഹോൾഡർ കൂടാരം കയറ്റിയത്. ഷദബ് ഖാൻ നേരിട്ട ആദ്യ പന്തിൽ തന്നെ വിക്കറ്റിന് മുന്നിൽ കുടുങ്ങി പുറത്തേക്കുള്ള വഴി കണ്ടു. ഒഷെയ്ൻ തോമസിനാണ് വിക്കറ്റ്. പിന്നാലെ വന്ന ഹസൻ അലിയെ ഹോൾഡർ ക്രിസ് ഗെയിലിന്റെ കൈകളിലെത്തിച്ചു. ഒരറ്റത്ത് പിടിച്ചുനിൽക്കാൻ ശ്രമം നടത്തിയിരുന്ന മുഹമ്മദ് ഹഫീസിനെ ഒഷെയ്ൻ തോമസ് പുറത്താക്കി. 16 റൺസായിരുന്നു താരം എടുത്തത്.
പത്താമനായി ക്രീസിലെത്തിയ വഹാബ് റിയാസിന്റെ മിന്നൽ ബാറ്റിങാണ് പാക് സ്കോർ 100 കടത്തിയത്. താരം 11 പന്തിൽ രണ്ട് സിക്സും ഒരു ഫോറും സഹിതം 18 റൺസെടുത്തു. വഹാബിനെ പുറത്താക്കി ഒഷെയ്ൻ തോമസ് പാക് ഇന്നിങ്സിന് തിരശ്ശീലയിടുകയായിരുന്നു.
പരിക്കില്‍ നിന്നും പൂര്‍ണ മുക്തരാകാത്തതിനെ തുടര്‍ന്ന് എവിന്‍ ലൂയിസ്, ഷാനോണ്‍ ഗബ്രിയേല്‍ എന്നിവരെ വിന്‍ഡീസ് ഒഴിവാക്കി. കെമര്‍ റോച്, ഫാബിയന്‍ അലന് എന്നിവരെയും അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പാക്കിസ്ഥാന് ആസിഫ് അലി, ഷോയബ് മാലിക്, ഷഹീന് അഫ്രിദി, മൊഹമ്മദ് ഹസ്നെയിന് എന്നിവരെ പ്ലേയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കി.